മൂന്ന് കൊല്ലത്തിനകം കായികനഗരമാകാൻ കോഴിക്കോട്
text_fieldsകോഴിക്കോട്: സാഹിത്യനഗരമായ കോഴിക്കോടിനെ മൂന്ന് കൊല്ലത്തിനകം കായികനഗരം കൂടിയാക്കുന്ന നിർദേശങ്ങളുമായി കോർപറേഷൻ സ്പോർട്സ് സമ്മിറ്റ്. കേരളത്തെ കായിക നിക്ഷേപത്തിനും വികസനത്തിനുമുള്ള ഏറ്റവും മികച്ച കേന്ദ്രമാക്കുന്നതിന് സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് നടത്തുന്ന അന്താരാഷ്ട്ര സ്പോർട്സ് സമ്മിറ്റിന്റെ ഭാഗമായാണ് കോർപറേഷൻതല ഉച്ചകോടി നടത്തിയത്. കായിക മേഖലയിൽ നടപ്പാക്കേണ്ട പദ്ധതികളുടെ രൂപരേഖകൾ നാല് വിഭാഗങ്ങളായി ചേർന്ന് ചർച്ച ചെയ്തു. ജനകീയ പങ്കാളിത്തത്തോടെ കായിക മുന്നേറ്റമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് പറഞ്ഞു. സ്വന്തമായി സ്റ്റേഡിയം പണിത ആദ്യ കോർപറേഷനാണ് കോഴിക്കോട്. കോർപറേഷൻ ഇ.എം.എസ് സ്റ്റേഡിയവും കോർപറേഷന്റെ മറ്റ് 16 കളിസ്ഥലങ്ങളും എളുപ്പത്തിൽ വികസിപ്പിക്കാനാവുമെന്ന് കോഴിക്കോടിന്റെ സാധ്യതകളെപ്പറ്റിയുള്ള വിഷയം അവതരിപ്പിച്ച ആസൂത്രണ സമിതി അംഗം കൃഷ്ണൻ ബി.ടി.വി പറഞ്ഞു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. റോയ് വി. ജോണും വിഷയമവതരിപ്പിച്ചു. സമ്മിറ്റിൽ ഉയർന്ന നിർദേശവും തുടർന്ന് ലഭിക്കുന്നവയും തിരുവനന്തപുരം ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റിൽ അവതരിപ്പിക്കും.
മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷരായ ഒ.പി. ഷിജിന, പി. ദിവാകരൻ, ഡോ.എസ്. ജയശ്രീ, പി.സി. രാജൻ, പി.കെ. നാസർ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, ഡെപ്യൂട്ടി കലക്ടർ അനിതകുമാരി, ഡി.ഇ.ഒ ഷാദിയ, ആർ.ഡി.ഡി സന്തോഷ് കുമാർ, ടി.പി. ദാസൻ, എ. പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. കായിക സ്ഥിരംസമിതി ചെയർ ചെയർപേഴ്സൻ സി. രേഖ സ്വാഗതം പറഞ്ഞു.
നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ
സ്പോർട്സ് കൗൺസിലിന് കീഴിൽ ഇൻഡോർ സ്റ്റേഡിയം, നീന്തൽകുളങ്ങൾ. ജിമ്മുകളും ടർഫുകളും മറ്റുമായി 200 കോടിയിലധികം രൂപ ആസ്തിവരുന്ന സ്വകാര്യ സംവിധാനങ്ങളുമുണ്ട്.
കോരപ്പുഴ, ചാലിയാർ തുടങ്ങി രണ്ട് പ്രധാന പുഴകൾ വാട്ടർ സ്പോർട്സ് സംവിധാനമൊരുക്കാൻ മതിയാവും. കളരിയുടെ വലിയ പാരമ്പര്യം തന്നെയുണ്ട്.
നിർദേശങ്ങൾ
- ഇ.എം.എസ് സ്റ്റേഡിയം സ്വകാര്യ പങ്കാളിത്തത്തിൽ അന്താരാഷ്ട്രതലത്തിൽ വികസിപ്പിക്കണം.
- കിഫ്ബിയിൽനിന്ന് 50 കോടി അനുവദിച്ച ഇൻഡോർ സ്റ്റേഡിയം യാഥാർഥ്യമാക്കണം.
- ഇതിന് ഉടൻ സ്ഥലം കണ്ടെത്തണം.
- കല്ലായ് ഗണപത് സ്കൂൾ നഗരത്തിലെ സ്പോർട്സ് സ്കൂളായി മാറ്റാനുള്ള നടപടി നടക്കുന്നു.
- നാഗ്ജി പോലുള്ള ടൂർണമെന്റുകൾ പുനരുജ്ജീവിപ്പിക്കണം.
- കടപ്പുറത്ത് ബീച്ച് സ്പോർട്സിനും മെഡിക്കൽ സെന്ററുകൾക്കു സാധ്യത ഏറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.