കോഴിക്കോട് ഇരട്ട സ്ഫോടനം: തടിയന്റവിട നസീറിനെയും ഷഫാസിനെയും വെറുതെവിട്ടതിനെതിരെ എൻ.ഐ.എ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: കോഴിക്കോട് ഇരട്ട സ്ഫോടന കേസിൽ പ്രതികളെ വെറുതെവിട്ട ഹൈകോടതി വിധിക്കെതിരെ എൻ.ഐ.എ സുപ്രീംകോടതിയിൽ. പ്രതികളായ തടിയന്റവിട നസീർ, നാലാം പ്രതി ഷഫാസ് എന്നിവരെ വെറുതെവിട്ട വിധിക്കെതിരെയാണ് എൻ.ഐ.എ പരമോന്നത കോടതിയിൽ അപ്പീൽ ഹരജി സമർപ്പിച്ചത്. എൻ.ഐ.എയുടെ അപ്പീൽ സെപ്റ്റംബർ 12ന് പരിഗണിക്കാൻ ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
2006 മാർച്ച് മൂന്നിന് കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലുമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടാണ് എൻ.ഐ.എ കോടതി ശിക്ഷ വിധിച്ചത്. തടിയന്റവിട നസീറിനെ മൂന്ന് ജീവപര്യന്തവും ഷഫാസിന് ഇരട്ട ജീവപര്യന്തവുമാണ് തടവുശിക്ഷ വിധിച്ചത്.
തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി തടിയന്റവിട നസീറിനെയും ഷഫാസിനെയും വെറുതെവിട്ടത്. കേസിലെ മൂന്നാം പ്രതി അബ്ദുൽ ഹാലിം, ഒൻപതാം പ്രതി അബൂബക്കർ യൂസഫ് എന്നിവരെ വെറുതെവിട്ട വിചാരണകോടതിയുടെ ഉത്തരവും ഹൈകോടതി നേരത്തെ ശരിവെച്ചിരുന്നു. ആകെ ഒമ്പത് പ്രതികളുള്ള കേസിൽ ഒളിവിലുള്ള രണ്ടു പേരുടെ അടക്കം മൂന്നു പ്രതികളുടെ വിചാരണ പൂർത്തിയായിട്ടില്ല.
ഇരുപത് മിനിറ്റിന്റെ വ്യത്യാസത്തിലാണ് കോഴിക്കോട് നഗത്തിലെ രണ്ടിടത്ത് സ്ഫോടനമുണ്ടായത്. ഉച്ച 12.45ന് മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി വർക്കേഴ്സ് കോ ഓപറേറ്റിവ് സൊസൈറ്റിക്ക് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിനടുത്തുള്ള കുപ്പത്തൊട്ടിയിലായിരുന്നു ആദ്യ സ്ഫോടനം. പരിഭ്രാന്തരായ യാത്രക്കാർ ഇറങ്ങിയോടി.
സമീപത്തെ ഹോട്ടലിന്റെ ചില്ല് തകർന്നതോടെ ഇവിടെ ഭക്ഷണം കഴിച്ചിരുന്നവരും റോഡിലേക്കോടി. സ്ഫോടനം നടന്ന സ്ഥലത്ത് ചെറിയ കുഴി രൂപപ്പെട്ടിരുന്നു. കുതിച്ചെത്തിയ പൊലീസ് ഇവിടെ പരിശോധന നടത്തുന്നതിനിടെയാണ് 1.05ന് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ സ്ഫോടനമുണ്ടായത്. ഇവിടെ രണ്ടുപേർക്ക് നിസാര പരിക്കേറ്റിരുന്നു.
സ്ഫോടനം നടക്കുന്നതിന് മുമ്പ് കലക്ടറേറ്റിലേക്കും സായാഹ്ന പത്രത്തിന്റെ ഓഫിസിലേക്കും അജ്ഞാത ഫോണ്‍ വന്നിരുന്നു. 'കളിയല്ല, കാര്യമായിട്ടാണ്. അര മണിക്കൂറിനകം ബോംബ് സ്ഫോടനം ഉണ്ടാകും. മാറാട് സംഭവത്തിന്റെ ബാക്കിയാണിത്' എന്നായിരുന്നു സന്ദേശം. കലക്ടറേറ്റില്‍ വിളിച്ചയാള്‍ കലക്ടറെ കിട്ടാതായതോടെ എ.ഡി.എമ്മിനോടാണ് സംസാരിച്ചത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് 'അല്ഖാനുന് കേരള' എന്ന സംഘടനയുടെ പേരില്‍ എഴുതിത്തയാറാക്കിയ കുറിപ്പും അന്ന് പത്ര ഓഫീസുകളില്‍ ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.