ഇപ്പോൾ കോൺഗ്രസിലല്ല; പ്രതികരിക്കാൻ പാർട്ടി സെക്രട്ടറിയുടെ അനുമതി വേണമെന്ന് കെ.പി. അനിൽ കുമാർ
text_fieldsകോഴിക്കോട്: അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞ് കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേക്കേറിയ കെ.പി. അനിൽ കുമാറിന്‍റെ മാധ്യമങ്ങളോട് പ്രതികരിക്കുന്നത് സംബന്ധിച്ച പരാമർശം ചർച്ചയാകുന്നു. പാർട്ടി സെക്രട്ടറിയുടെ അനുമതി ഇല്ലാതെ മാധ്യമങ്ങളെ കാണാൻ കഴിയില്ലെന്നാണ് സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി ഒാഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അനിൽ കുമാർ വ്യക്തമാക്കിയത്.
"താനിപ്പോൾ കോൺഗ്രസിലല്ല. സി.പി.എമ്മിൽ ആണ്. പാർട്ടി സെക്രട്ടറിയുടെ അനുമതി ഇല്ലാതെ മാധ്യമങ്ങളെ കാണാൻ കഴിയില്ല. പഴയ പോലയല്ല. തന്‍റെ സ്വഭാവം മാറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മൈക്ക് കൊണ്ടു വരുമ്പോൾ അഭിപ്രായം പറയുന്ന പാർട്ടിയിലല്ല താനിപ്പോൾ നിൽക്കുന്നതെന്നും" അനിൽ കുമാർ മാധ്യമപ്രവർത്തകരോടായി പറഞ്ഞു.
മാധ്യമപ്രവർത്തകർ സമീപിക്കുമ്പോൾ വക്താക്കൾ അല്ലാത്തവർ പോലും വിവിധ വിഷയങ്ങളിൽ പാർട്ടി നിലപാടുകൾ വ്യക്തമാക്കുന്നതാണ് കോൺഗ്രസിൽ സാധാരണ കണ്ടുവരുന്നത്. ഈ ശൈലി സി.പി.എം പോലുള്ള കേഡർ രാഷ്ട്രീയ പാർട്ടികളില്ല. യോഗ തീരുമാനങ്ങളും മറ്റും സംസ്ഥാന തലത്തിൽ സംസ്ഥാന സെക്രട്ടറിയും ജില്ലാ തലത്തിൽ ജില്ലാ സെക്രട്ടറിയുമാണ് മാധ്യമങ്ങളോട് നേരിട്ടോ പത്രകുറിപ്പ് വഴിയോ അറിയിക്കാറ്.
കെ.പി.സി.സിയുടെ സംഘടന ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ 43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് കഴിഞ്ഞ ദിവസം സി.പി.എമ്മിൽ ചേർന്നത്. പാർട്ടി ബന്ധം അവസാനിപ്പിക്കും മുമ്പ് നടത്തിയ വാർത്തസമ്മേളനത്തിൽ അനിൽകുമാർ കോൺഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷവിമർശനം നടത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.