കോൺഗ്രസ് വിട്ടെത്തിയ കെ.പി. അനിൽകുമാർ സി.പി.എം ജില്ല കമ്മിറ്റിയിൽ
text_fieldsകോഴിക്കോട്: കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ കെ.പി. അനിൽകുമാർ ഇനി പാർട്ടി കോഴിക്കോട് ജില്ല ഘടകത്തിൽ പ്രവർത്തിക്കും. സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. പാർട്ടിയിലെത്തിയതിന് പിന്നാലെ അനിൽകുമാറിന് ട്രേഡ് യൂനിയൻ രംഗത്ത് പ്രവർത്തിക്കാൻ അവസരമൊരുക്കിയ സി.പി.എം അദ്ദേഹത്തെ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല പ്രസിഡന്റാക്കിയിരുന്നു. പിന്നാലെ ‘ഒഡേപെക്’ ചെയർമാനുമാക്കി. ഇപ്പോഴാണ് പാർട്ടി മെംബർഷിപ്പിലേക്ക് കൊണ്ടുവന്ന് പ്രവർത്തിക്കാനുള്ള ഘടകം നിശ്ചയിച്ചത്. ഏറെക്കാലമായി ജില്ല കമ്മിറ്റി ഓഫിസ് കേന്ദ്രീകരിച്ചായിരുന്നു അനിൽകുമാറിന്റെ പ്രവർത്തനം.
പുതിയ ഡി.സി.സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിനു പിന്നാലെ എ.ഐ.സി.സിക്കെതിരെ നടത്തിയ പരസ്യ പ്രതികരണത്തിന്റെ പേരിൽ 2021 സെപ്റ്റംബറിലാണ് സംഘടന ചുമതലയുണ്ടായിരുന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി അനില്‍കുമാറിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തതത്. ഇതോടെ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ച് വാർത്തസമ്മേളനം നടത്തിയ അനിൽകുമാർ എ.കെ.ജി സെന്ററിലെത്തി. നേരത്തേ കോൺഗ്രസ് വിട്ട പി.എസ്. പ്രശാന്തിനൊപ്പമെത്തിയ അനിൽകുമാറിനെ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്വീകരിച്ചത്.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിക്ക് സംഘ്പരിവാർ മനസ്സാണ് എന്നതടക്കം ഗുരുതര ആരോപണമുന്നയിച്ചാണ് നാലു പതിറ്റാണ്ടിലേറെ നീണ്ട കോൺഗ്രസ് ബന്ധം അനിൽകുമാർ ഉപേക്ഷിച്ചത്. നേരത്തേ എൽ.ജെ.ഡി വിട്ട് സി.പി.എമ്മിലെത്തിയ അങ്കത്തിൽ അജയകുമാറിനെ പാർട്ടിയുടെ ടൗൺ ഏരിയ കമ്മിറ്റിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.