കെ.പി. ദണ്ഡപാണി: ഉമ്മൻ ചാണ്ടി സർക്കാറിന്റെ രക്ഷാകവചമായിരുന്ന അഡ്വക്കറ്റ് ജനറൽ
text_fieldsകൊച്ചി: ഉമ്മൻ ചാണ്ടി സർക്കാറിനെതിരെ ഉയർന്ന ആരോപണങ്ങളെ കോടതിക്കകത്ത് ഫലപ്രദമായി നേരിട്ട രക്ഷാകവചമായിരുന്നു അന്തരിച്ച മുൻ അഡ്വക്കറ്റ് ജനറൽ കെ.പി. ദണ്ഡപാണി. ഒന്നിനു പിറകെ ഒന്നായി അഴിമതിയടക്കം ഗുരുതര ആരോപണങ്ങൾ ഉയർന്നപ്പോഴെല്ലാം കേസുകൾ സൗമ്യമായി നേരിട്ടാണ് സർക്കാറിനെ വലിയ പരിക്കേൽപ്പിക്കാതെ അദ്ദേഹം രക്ഷിച്ചെടുത്തത്.
കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകാവുന്ന പ്രതികൂല പരാമർശങ്ങൾ പോലും മന്ത്രിസഭയെയും ഭരണത്തെയും ബാധിക്കുമെന്നിരിക്കെ കെ.എം. മാണിയുടെ കാര്യത്തിലൊഴികെ സർക്കാറിനെ രക്ഷിച്ചുനിർത്തിയത് ദണ്ഡപാണിയാണ്.
ബാർ കോഴ, സോളാർ, സരിത, പാറ്റൂർ ഭൂമിക്കേസ്, മുല്ലപ്പെരിയാർ, ടൈറ്റാനിയം കേസ്, കടകംപള്ളി ഭൂമി തട്ടിപ്പ്, പ്ലസ് ടു കോഴ, മെത്രാൻ കായൽ തുടങ്ങി അക്കാലത്തെ വിവാദ വിഷയങ്ങളെല്ലാം കോടതി കയറിയിരുന്നു. മുതിർന്ന അഭിഭാഷകനെന്ന നിലയിലെ അനുഭവജ്ഞാനവും തന്ത്രങ്ങളും വിഷയം പഠിച്ച് അവതരിപ്പിക്കാനുള്ള വൈദഗ്ധ്യവും രാഷ്ട്രീയ കോളിളക്കങ്ങൾക്ക് സാധ്യതയുള്ള കേസുകളിലെല്ലാം ഫലപ്രദമായി വിനിയോഗിച്ചു.
രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം അധികമൊന്നുമില്ലാതെതന്നെ അഡ്വക്കറ്റ് ജനറലായ ദണ്ഡപാണിക്കും അഡ്വക്കറ്റ് ജനറലെന്ന നിലയിൽ രാഷ്ട്രീയ ആരോപണങ്ങൾ ഏറെ നേരിടേണ്ടിവന്നു.അഭിഭാഷക സമൂഹത്തിന് എന്നും പ്രിയങ്കരനായിരുന്നു അദ്ദേഹം. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എന്നും അദ്ദേഹം അവർക്കൊപ്പം നിന്നിരുന്നു.
അഭിഭാഷകർ സംഘടിപ്പിക്കുന്ന കലാമേളകളിലും മറ്റും ദണ്ഡപാണി ദമ്പതികൾ നൃത്തവും മറ്റുമായി രംഗം കൈയടക്കിയിരുന്നു. സമ്പൂർണ അഭിഭാഷക കുടുംബമാണ് അദ്ദേഹത്തിന്റേത്. ദണ്ഡപാണിയും ഭാര്യ സുമതിയും മാത്രമല്ല, മക്കളായ മില്ലുവും മിട്ടുവും അഭിഭാഷകരാണ്.
മകൻ മില്ലു ദണ്ഡപാണി ഹൈകോടതിയിലെ അഭിഭാഷകനാണ്. മകൾ ആസ്ട്രേലിയയിൽ നിയമ മേഖലയിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ദണ്ഡപാണിക്കും സുമതിക്കും സീനിയർ അഭിഭാഷക പട്ടം ഒരേ ദിവസമാണ് ലഭിക്കുന്നത്. ദമ്പതികൾക്ക് ഒരേ ദിവസം സീനിയർ അഭിഭാഷക പട്ടം ലഭിക്കുന്നത് അപൂർവമാണ്.മുല്ലപ്പെരിയാർ വിഷയം കത്തിനിൽക്കുമ്പോൾ മുമ്പ് തമിഴ്നാടിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് ദണ്ഡപാണിയെന്ന ആരോപണം അന്ന് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
മുല്ലപ്പെരിയാർ കേസ് ഹൈകോടതിയിലെത്തിയപ്പോൾ എ.ജി എന്ന നിലയിൽ ദണ്ഡപാണി ഹാജരാകുന്നതിനെതിരെ പ്രതിഷേധവും ഉയർന്നിരുന്നു. കേരളത്തിന്റെ താൽപര്യങ്ങളെ സംരക്ഷിച്ചുള്ള വാദങ്ങളാണ് എ.ജിയിൽനിന്നുണ്ടായത്. ദണ്ഡപാണി എ.ജിയായിരിക്കെ തന്റെ പേരിലെ അഭിഭാഷക സ്ഥാപനം സർക്കാറിനെതിരായ കേസുകൾ പിടിക്കുന്നുവെന്ന ആരോപണവും അദ്ദേഹത്തിന് നേരിടേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.