തുറന്നടിച്ച് കെ.പി രാജേന്ദ്രൻ; ആന്‍റണി രാജുവിന്‍റെ നിലപാട് അപമാനകരം
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പളപ്രശ്നം പരിഹാരമില്ലാതെ തുടരുന്നതിൽ മന്ത്രിക്കെതിരെ ആഞ്ഞടിച്ച് എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. ശമ്പളം മനഃപൂർവം നിഷേധിച്ചും തൊഴിലാളികളെ അപമാനിച്ചും തൊഴിൽ സമരങ്ങളെ പരിഹസിച്ചും രസിക്കുന്ന ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ നിലപാട് അപമാനകരമാണ്. മന്ത്രിയെ മുഖ്യമന്ത്രി നിലക്ക് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശമ്പള നിഷേധത്തിനെതിരെ എ.ഐ.ടി.യു.സി ഗതാഗത മന്ത്രിയുടെ ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യവെയായിരുന്നു പരാമർശം. പണിയെടുത്ത തൊഴിലാളി കൂലിക്കുവേണ്ടി സമരം ചെയ്യേണ്ടിവരുന്നത് ഇടതു സർക്കാറിന് നാണക്കേടാണ്. ശമ്പളം ആരുടെയും ഔദാര്യല്ല. പണിയെടുപ്പിച്ച മാനേജ്മെന്‍റ് ശമ്പളം വിതരണം ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ ഇടപെട്ട് പരിഹരിക്കുകയാണ് വേണ്ടത്. ഇവിടെ പരിഹാരമല്ല, പരിഹാസമാണ്. അത് വെച്ചുപൊറുപ്പിക്കാമെന്ന് ആരും കരുതരുത്. ശക്തമായ പ്രതിഷേധം വരുംദിവസങ്ങളിൽ കേരളത്തിലുണ്ടാകുമെന്നും കെ.പി. രാജേന്ദ്രൻ മുന്നറിയിപ്പ് നൽകി. കെ.എസ്.ആർ.ടി.സിയുടെ ജില്ല കേന്ദ്രങ്ങളിലും എ.ഐ.ടി.യു.സി നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടന്നു.
സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ധർണയിൽ സോളമൻ വെട്ടുകാട് അധ്യക്ഷതവഹിച്ചു. ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി എം.ജി. രാഹുൽ, കെ. മല്ലിക, കെ.സി. ജയപാലൻ, ജില്ല സെക്രട്ടറി മീനാങ്കൽ കുമാർ, നേതാക്കളായ എം. ശിവകുമാർ, കെ.എസ്. മധുസൂദനൻ നായർ, പി.എസ്. നായിഡു, പട്ടം ശശി, സി.എസ്. അനിൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.