കെ.പി. വിശ്വനാഥൻ: കാലാവധി പൂർത്തിയാക്കാനാകാതെ മന്ത്രിപദവികൾ
text_fieldsതൃശൂർ: അപ്രതീക്ഷിതമായിരുന്നു ഇന്നലെ അന്തരിച്ച മുൻ മന്ത്രി കെ.പി. വിശ്വനാഥന്റെ മന്ത്രിപദവികളും രാജികളും. മന്ത്രിയായ രണ്ട് തവണയും കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങേണ്ടിവന്നു. 1991ൽ യു.ഡി.എഫിന് അധികാരം ലഭിച്ച സമയത്ത് ഗ്രൂപ്പ് വഴക്കിൽ കോൺഗ്രസ് ആടിയുലയുകയായിരുന്നു. മന്ത്രിസഭ രൂപവത്കരണഘട്ടത്തിൽ തന്നെ ആന്റണി, കരുണാകര വിഭാഗങ്ങൾ തമ്മിൽ തർക്കമുയർന്നു. ആരൊക്കെ മന്ത്രിയാവുമെന്ന് നേതൃത്വത്തിന് പോലും വ്യക്തതയില്ല. പലതവണ ആശയവിനിമയം നടത്തിയെങ്കിലും നോക്കാമെന്ന മറുപടിയിൽ കരുണാകരൻ ഒഴിഞ്ഞുമാറി. കോൺഗ്രസ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ നീണ്ടു. നേതാക്കൾക്കും പ്രവർത്തകർക്കും കടുത്ത അമർഷം. ഒടുവിൽ മന്ത്രിമാരുടെ പട്ടിക തയാറാക്കാനിരുന്നു. വി.എം. സുധീരനെ മന്ത്രിയാക്കണമെന്ന നിർദേശം ആന്റണി വിഭാഗം ഉന്നയിച്ചു. എന്നാൽ, ആവശ്യം തള്ളിയ കെ. കരുണാകരൻ തൃശൂരിൽ നിന്നുള്ള എ ഗ്രൂപ്പുകാരൻ തന്നെയായ കെ.പി. വിശ്വനാഥനെ മന്ത്രിയാക്കി ആന്റണിക്ക് മറുപടി നൽകി.
മന്ത്രിപദവി പ്രതീക്ഷിച്ചിരുന്നില്ലാത്ത കെ.പി. വിശ്വനാഥൻ കെ. കരുണാകരന്റെ തന്നെ നിർദേശം കേട്ട് അത്ഭുതപ്പെട്ടു. ‘എന്താടോ മന്ത്രിയാവല്ലേ’യെന്ന ചോദ്യത്തിന് നിമിഷങ്ങൾക്ക് ശേഷമാണ് മറുപടി നൽകിയത്. 92 സീറ്റിൽ അധികാരം നേടിയ യു.ഡി.എഫിനെ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് അലട്ടിക്കൊണ്ടിരുന്നു. കോൺഗ്രസിലെ പ്രശ്നങ്ങൾ തീർക്കാൻ എ.കെ.ആന്റണിയെ കേന്ദ്രമന്ത്രിയാക്കിയെങ്കിലും തർക്കം തീർന്നില്ല. ഇതിനിടയിലാണ് രാജ്യസഭയിലേക്ക് ഒഴിവ് വന്ന രണ്ട് സീറ്റുകൾ കരുണാകരനും ആന്റണിയും പങ്കിടാൻ തീരുമാനിച്ച് വയലാർ രവിയും ഡോ. എം.എ. കുട്ടപ്പനും പത്രിക നൽകിയത്. എന്നാൽ, സീറ്റിൽ ലീഗ് അവകാശവാദമുന്നയിച്ചതോടെ കുട്ടപ്പൻ പത്രിക പിൻവലിച്ചു. ഇത് ആന്റണി വിഭാഗത്തിന് തിരിച്ചടിയായി. ഇതോടെ ധനമന്ത്രിയായ ഉമ്മൻചാണ്ടി മന്ത്രിസ്ഥാനം ഒഴിയാൻ ആദ്യം ധാരണയായെങ്കിലും ഇത് മാറ്റി കരുണാകരനെ നേതൃത്വത്തിൽനിന്ന് നീക്കാൻ എ ഗ്രൂപ്പിലെ 20 എം.എൽ.എമാർ ഒപ്പിട്ട് എ.ഐ.സി.സിക്ക് നിവേദനം കൈമാറി. ഇതിലൊരാൾ മന്ത്രി കെ.പി. വിശ്വനാഥനായിരുന്നു.
തന്നെ മാറ്റാൻ ഗ്രൂപ്പ് ചേർന്നുള്ള കത്തിൽ ഒപ്പുവെച്ച കെ.പി. വിശ്വനാഥനോട് കരുണാകരൻ രാജിവെക്കാൻ ആവശ്യപ്പെട്ടു. ഇതാണ് വിശ്വനാഥന്റെ ആദ്യ രാജിയിലെത്തിയത്. അപ്രതീക്ഷിതമായി പദവിയിലെത്തുകയും അതേ നിലയിൽ തന്നെ ഒഴിയേണ്ടിയും വന്നു. ഇതിന് പ്രായശ്ചിത്തവും കരുണാകരനോടുള്ള പകരം വീട്ടലുമായിരുന്നു 2004ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിലേക്ക് വനംമന്ത്രിയായി തന്നെ വിശ്വനാഥന്റെ വരവ്. 2001ൽ അധികാരത്തിൽ വന്ന എ.കെ. ആന്റണിയുടെ രാജിയെ തുടർന്നാണ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായുള്ള മന്ത്രിസഭ. കെ. കരുണാകരൻ വനംമന്ത്രിയാക്കി, എതിർത്തപ്പോൾ രാജിവാങ്ങി ഇറക്കിവിട്ട വിശ്വനാഥനെ അതേ വകുപ്പ് തന്നെ നൽകിയായിരുന്നു ഉമ്മൻചാണ്ടിയുടെ പകരം വീട്ടൽ.
2004 ആഗസ്റ്റ് 31 മുതൽ 2006 മേയ് 12 വരെ മാത്രം കാലാവധിയുണ്ടായിരുന്ന മന്ത്രിസഭയിൽ ചന്ദനമാഫിയയുമായി ബന്ധമുണ്ടെന്ന ഹൈകോടതി പരാമർശത്തെ തുടർന്നാണ് 2005 ഫെബ്രുവരി അഞ്ചിന് കെ.പി. വിശ്വനാഥന് രാജി പ്രഖ്യാപിക്കേണ്ടി വന്നത്. ആറ് മാസം മാത്രമേ പദവിയിൽ തുടരാനായുള്ളൂ.
സഹപ്രവർത്തകരുടെ കെ.പി; അടുപ്പക്കാരുടെ വിശ്വേട്ടൻ
തൃശൂർ: കക്ഷിരാഷ്ട്രീയം നോക്കാതെ ഏത് സമയത്തും ആർക്കും അരികിലെത്താമെന്നതായിരുന്നു കെ.പി. വിശ്വനാഥന്റെ സവിശേഷത. സഹപ്രവർത്തകരുടെ കെ.പിയും അടുപ്പക്കാരുടെ വിശ്വേട്ടനുമായിരുന്നു അദ്ദേഹം. കുന്നംകുളത്ത് കല്ലായിൽ പാങ്ങന്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22നാണ് ജനനം. തൃശൂർ ശ്രീകേരളവർമ കോളജിലും എറണാകുളം ലോ കോളജിലും പഠനം. 1967ൽ യൂത്ത് കോൺഗ്രസിന്റെ തൃശൂർ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായി. 1970ൽ ഡി.സി.സി ജനറൽ സെക്രട്ടറിയായും 1972ൽ ജില്ല സഹകരണ ബാങ്ക് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം, തൃശൂർ ഡി.സി.സി സെക്രട്ടറി, ഖാദി ബോർഡ് അംഗം, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം, തെങ്ങ് കർഷക ഫെഡറേഷൻ പ്രസിഡന്റ്, തൃശൂർ ജില്ല സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂനിയൻ മാനേജിങ് കമ്മിറ്റി അംഗം, സംസ്ഥാന സഹകരണ ബാങ്ക് ചെയർമാൻ, ഡയറക്ടർ, അളഗപ്പനഗർ ടെക്സ്റ്റൈൽ വർക്കേഴ്സ് കോൺഗ്രസ് പ്രസിഡന്റ്, കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഐ.എൻ.ടി.യു.സി പ്രസിഡന്റ്, പ്രിയദർശിനി സഹകരണ ആശുപത്രി പ്രസിഡന്റ്, തൃശൂർ താലൂക്ക് സഹകരണ വിദ്യാഭ്യാസ സൊസൈറ്റി പ്രസിഡന്റ്, ജവഹർ ദർശനവേദി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ തൃശൂർ സഹകരണ കോളജ് പ്രസിഡന്റാണ്. തൃശൂർ പാട്ടുരായ്ക്കൽ വസന്ത് നഗറിലെ വീട്ടിലും തൃശൂർ പുതുക്കാട് കോൺഗ്രസ് കമ്മിറ്റി ഓഫിസിലും തൃശൂർ സഹകരണ കോളജിലും പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ നിരവധി പേർ അന്ത്യാഞ്ജലിയർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.