കെ.പി യോഹന്നാന്റെ മിച്ച ഭൂമി: സംരക്ഷണം നൽകുന്നത് സർക്കാരെന്ന് രേഖകൾ
text_fields
കോഴിക്കോട്: സംസ്ഥാനത്ത് ഭൂപരിഷ്കരണ നിയമവും ചട്ടവും മറികടന്ന് ഭൂമി വാങ്ങിയ ബിലീവേഴ്സ് ചർച്ച് തലവൻ കെ.പി. യോഹന്നാനെ സഹായിക്കുന്നത് സർക്കാരെന്ന് രേഖകൾ. സർക്കാർ സംവിധാനമാകെ അദ്ദേഹത്തിന്റെ മിച്ച ഭൂമി സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുവെന്നാണ് സംസ്ഥാന ലാൻഡ് ബോർഡിലെ ഫയലുകൾ വ്യക്തമാക്കുന്നത്.
സ്വർണക്കടത്ത് കേസിൽ മധ്യസ്ഥനായെത്തിയ ഷാജ് കിരൺ, ബിലീവേഴ്സ് ചർച്ചിന് അധികാരകേന്ദ്രങ്ങളുള്ള ബന്ധം വെളിപ്പെടുത്തിയിരുന്നു. യോഹന്നാന് മുഖ്യമന്ത്രിയും കോടിയരി ബാലകൃഷ്ണനുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു ഷാജ് പറഞ്ഞത്. ഈ സാഹചര്യത്തിലാണ്, ലാൻഡ് ബോർഡ് ഉദ്യോഗസ്ഥർ യോഹന്നാന്റെയും അദ്ദേഹത്തിന്റെ ട്രസ്റ്റിന്റെയും കൈവശമുള്ള മിച്ചഭൂമിയുടെ കണക്ക് പോലും തയാറാക്കുന്നില്ലെന്ന വിമർശനമുയരുന്നത്.
ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട സീലിങ് കേസ് നിലവിൽ രണ്ട് താലൂക്ക് ലാൻഡ് ബോർഡുകൾ കൈകാര്യം ചെയ്യുന്നുണ്ട്. വൈത്തിരി താലൂക്ക് ലാൻഡ് ബോർഡാണ് ഹാരിസൺസ് കമ്പനിയുടെ തോട്ടത്തിന് ഇളവു നൽകിയത്. 2006ൽ റവന്യൂ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരന്റെ റിപ്പോർട്ടിലാണ്, ഹാരിസൺസ് കമ്പനിക്ക് 1947ന് മുമ്പ് തിരുവിതാംകൂർ രാജാവ് പാട്ടത്തിന് നൽകിയ ഭൂമി കൈമാറ്റം ചെയ്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചത്. തുടന്നാണ് തിരുവല്ല താലൂക്ക് ലാൻഡ് ബോർഡ് കെ.പി. യോഹന്നാന്റെ മിച്ചഭൂമി അന്വേഷിച്ചു തുടങ്ങിയത്.
മലപ്പുറം ഒഴികെ 13 ജില്ലകളിലും യോഹന്നാനോ അദ്ദേഹത്തിൻറെ ട്രസ്റ്റിനോ ഭൂമിയുണ്ടെന്ന് അന്വേഷണത്തിൽ താലൂക്ക് ലാൻഡ് ബോർഡ് കണ്ടെത്തി. ചെറുവള്ളി എസ്റ്റേറ്റിന്റെ കാര്യത്തിൽ വൈത്തിരി ലാൻഡ് ബോർഡിലും തിരുവല്ല താലൂക്ക് ലാൻഡ് ബോർഡിലും രണ്ടു കേസുകളുണ്ടെന്നാണ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്. വൈത്തിരി താലൂക്ക് ബോർഡിൽ ഹാരിസൺസ് ഭൂമി സംബന്ധിച്ച് കേസ് നിലനിൽക്കേയാണ് തിരുവല്ല താലൂക്ക് ലാൻഡ് ബോർഡ് മറ്റൊരു മിച്ചഭൂമി കേസ് എടുത്തത്.
സംസ്ഥാന ലാൻഡ് ബോർഡിന് യോഹന്നാന്റെ മിച്ചഭൂമി സംബന്ധിച്ച് തിരുവല്ല ലാൻഡ് ബോർഡ് ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. ഓതറൈസ്ഡ് ഓഫിസറുടെ നേതൃത്വത്തിൽ ഒരു ടീം രൂപീകരിച്ചെങ്കിലും ഭൂമി സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ 13 ജില്ലകളിലുമുള്ള ഭൂമിയുടെ സ്റ്റേറ്റ്മെൻറ് താലൂക്ക് ലാൻഡ് ബോർഡുകൾ ക്രോഡീകരിക്കണം. പോരായ്മ ഇല്ലാത്തവിധം സ്റ്റേറ്റ്മെൻറ് പ്രസിദ്ധീകരിക്കുന്നതിനും ഹാരിസൺസ് പോലെയുള്ള കമ്പനികളിൽ നിന്ന് വാങ്ങിയ ഭൂമിയുടെ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനും പ്രത്യേക ടീം ആവശ്യമാണെന്ന് തിരുവല്ല താലൂക്ക് ലാൻഡ് ബോർഡ് 2021 ജൂൺ 22ന് അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് ലാൻഡ് ബോർഡിൽനിന്ന് തുടർ നടപടി ഉണ്ടായില്ല.
ചെറുവള്ളി അടക്കം നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ഭൂമി സംരക്ഷിക്കുന്നതിനും സർക്കാർ തന്നെയാണ് സഹായം നൽകുന്നത്. ഇടതു സർക്കാരും കെ.പി. യോഹന്നാനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഷാജ് കിരണിന്റെ സംഭാഷണത്തിലൂടെ പുറത്തുവന്നത്. ശബരിമല വിമാനത്താവള പദ്ധതിക്കായി പാട്ടഭൂമി സർക്കാരിന് തന്നെ നൽകാനും ശ്രമം നടത്തി. വിമാനത്താവളത്തിന് കേന്ദ്രാനുമതി ലഭിച്ചാൽ സർക്കാർ പൊന്നുംവില നൽകി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഭൂപരിഷ്കരണ നിയമത്തിന്റെ 50 വാർഷികം ആഘോഷിച്ചപ്പോഴും മിച്ചഭൂമി സമയബന്ധിതമായി ഏറ്റെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് കെ.പി. യോഹന്നാന്റെ മിച്ചഭൂമി കേസ് തെളിയിക്കുന്നത്. ഷാജ് കിരണിന്റെ വെളിപ്പെടുത്തൽ യോഹന്നാന് സർക്കാർ സംവിധാനത്തിലുള്ളിലെ സ്വാധീനമാണ് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.