സഭാധിപനായി വളർന്ന യോഹന്നാൻ
text_fieldsആലപ്പുഴ: അപ്പർ കുട്ടനാടിന്റെ മണ്ണിലായിരുന്നു ഇന്നലെ അന്തരിച്ച ബിഷപ് കെ.പി. യോഹന്നാന്റെ പിറവി. ഇവിടത്തെ ചേറും വെള്ളവും ഊർജമാക്കിയാണ് അദ്ദേഹം ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ അധിപനായത്. പിതാവ് ചാക്കോ പുന്നൂസ് താറാവ് കർഷകനായിരുന്നു. 1950 മുതൽ 65 വരെയുള്ള ബാല്യകാലം താറാവുകളെ മേയ്ക്കുന്ന അനുഭവവുമായാണ് കടന്നുപോയത്. കൗമാരത്തിലേക്ക് കടന്നതോടെ, ദൈവവിളിയിലേക്ക് കടന്നു. കവലകളിൽ സുവിശേഷം പ്രസംഗിച്ച് നടക്കുന്ന പാസ്റ്ററായിട്ടാണ് ആത്മീയ ജീവിതം തുടങ്ങിയത്. അവിടെ നിന്നാണ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ സ്ഥാപകനും മെട്രോപൊളിറ്റൻ ബിഷപ്പുമെന്ന പരിവർത്തനത്തിലേക്കെത്തിയത്. 1974ൽ അമേരിക്കയിലെ ഡള്ളാസിൽ ദൈവശാസ്ത്രപഠനം ആരംഭിച്ചു. ചെന്നൈ ഹിന്ദുസ്ഥാൻ ബൈബിൾ കോളജിൽനിന്ന് ഡിഗ്രിയെടുത്ത ശേഷം നേറ്റിവ് അമേരിക്കൻ ബാപ്പിസ്റ്റ് ചർച്ചിൽ പാസ്റ്ററായി. ഓപറേഷൻ മൊബിലൈസേഷനിൽ ഒപ്പം സേവനം ചെയ്ത ജർമൻ സ്വദേശിയായ ഗിസല്ലയുമായുള്ള അനുരാഗം വിവാഹത്തിലേക്ക് നയിച്ചു. 1978ൽ ഗിസല്ലയുമായി ചേർന്ന് ടെക്സാസിൽ ഗോസ്പൽ ഫോർ എഷ്യ എന്ന സ്ഥാപനം സ്ഥാപിച്ചതായിരുന്നു വളർച്ചയിലെ ആണിക്കല്ല്.
1983ൽ ജന്മനാടായ നിരണത്തിനടുത്ത് മാഞ്ഞാടിയിൽ ഗോസ്പൽ ഏഷ്യയുടെ ആസ്ഥാനം നിർമിച്ച് കേരളത്തിലെ പ്രവർത്തനം ആരംഭിച്ചു. ആത്മീയയാത്രയെന്ന പ്രതിദിന സുവിശേഷ പ്രഘോഷണം റേഡിയോയിലൂടെ അവതരിപ്പിച്ചു. 2003ൽ ആത്മീയ യാത്ര ബിലീവേഴ്സ് ചർച്ച് എന്ന പേരിൽ ഒരു എപ്പിസ്ക്കോപ്പൽ സഭക്ക് ജന്മം നൽകി. പിന്നീട്, നിരവധി രാജ്യങ്ങളിൽ ശാഖകളുള്ള സഭയുടെ തലവനായി മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്ത പ്രഥമൻ എന്ന പേരിൽ യോഹന്നാൻ സ്വയം അഭിഷിക്തനായി. അവിടം മുതൽ വിവാദങ്ങളും ചർച്ചകളും പൊതുസമൂഹത്തിൽ നിറഞ്ഞുതുടങ്ങി. മെത്രാഭിഷേകത്തെ ചോദ്യം ചെയ്യുന്നവർ നിരവധിയായിരുന്നു. മെത്രാനായി വാഴിച്ച കെ.ജെ. സാമുവലിന് മോഡറേറ്റർ സ്ഥാനം രാജിവെക്കേണ്ടിവന്നു. യോഹന്നാൻ തന്റെ സഭയിൽ കുട്ടി മെത്രാന്മാരെ സ്വയം കൈവെപ്പ് ശുശ്രൂഷ നൽകി വാഴിച്ച് വലിയ മെത്രാപ്പോലീത്തയായി മാറി. 2017ൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചായി മാറി. ഇതിന് ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നേപ്പാളിലും ശക്തമായ സാന്നിധ്യമുണ്ട്. നിലവിൽ 30 ബിഷപ്പുമാരുള്ള വലിയ സഭയാണ് ബിലീവേഴ്സ് ചർച്ച്.
ബിലീവേഴ്സ് ചർച്ചിന് ശതകോടികളുടെ ആസ്തിയുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിലും വൻ നിക്ഷേപമുണ്ട്. മാതൃസംഘടനയായ ഗോസ്പൽ ഏഷ്യയുടെ പേരിലും ആയിരക്കണക്കിന് ഏക്കർ ഭൂമിയുണ്ട്. ഹാരിസൺ മലയാളത്തിൽ നിന്ന് ബിലീവേഴ്സ് വാങ്ങിയ എരുമേലിക്കടുത്ത ചെറുവള്ളി എസ്റ്റേറ്റ് എന്ന 2263 ഏക്കർ ഭൂമി നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി സർക്കാർ ഏറ്റെടുക്കുന്നതിനെച്ചൊല്ലിയും വിവാദങ്ങളിൽ നിറഞ്ഞിരുന്നു. അമേരിക്കയിലും കാനഡയിലും തട്ടിപ്പ് നടത്തിയെന്ന ആരോപണം മുൻനിർത്തി ഗോസ്പൽ ഫോർ ഏഷ്യക്കെതിരെ നിയമ നടപടികളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.