'കോടിയേരിയുടെ പ്രസ്താവന ബി.ജെ.പിയെ നാണിപ്പിക്കുന്നത്, ജമാഅത്തിനെ നിരന്തരം പുകഴ്ത്തിയിരുന്നയാളാണ് മുഖ്യമന്ത്രി'
text_fieldsകോഴിക്കോട്: ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമി പ്രത്യയശാസ്ത്രമാണെന്ന കോടിയേരി ബാലകൃഷ്ണെൻറ പ്രസ്താവനക്കെതിരെ മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. എം.എം ഹസൻ-കുഞ്ഞാലിക്കുട്ടി-അമീർ കൂട്ടുകെട്ടാണ് യു.ഡി.എഫിന് നേതൃത്വം നൽകുന്നതെന്ന സി.പി.എം സെക്രട്ടറിയുടെ പ്രസ്താവന ബി.ജെ.പിയെ പോലും നാണിപ്പിക്കുന്നതാണെന്ന് മജീദ് പ്രതികരിച്ചു.
യു.ഡി.എഫിനെതിരായ ആസൂത്രിത ശ്രമത്തിെൻറ ഭാഗമായാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ ആരോപണം. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങിയ കക്ഷികളെ വോട്ടിനു വേണ്ടി തരാതരം ഉപയോഗിക്കുകയും ഇപ്പോഴും നിരവധി പഞ്ചായത്തുകളിൽ ഭരണം പങ്കിടുകയും ചെയ്യുന്ന സി.പി.എം സെക്രട്ടറിക്ക് യു.ഡി.എഫിനെതിരെ പ്രതികരിക്കാൻ യാതൊരു ധാർമിക അവകാശവുമില്ല.
വോട്ടിനു വേണ്ടി ജമാഅത്തെ ഇസ്ലാമിയെ നിരന്തരം പുകഴ്ത്തിയിരുന്ന സി.പി.എം സെക്രട്ടറിയാണ് കേരളത്തിെൻറ മുഖ്യമന്ത്രി. തീവ്രവാദത്തിനും വർഗീയതക്കുമെതിരായ മുസ്‌ലിംലീഗ് നിലപാടിന് കോടിയേരിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. അത് കേരളത്തിെൻറ പൊതുസമൂഹത്തിന് ബോധ്യമുള്ളതാണ്. രാജ്യത്തിനോ സമൂഹത്തിനോ ദോഷം ചെയ്യുന്ന ഒരു നീക്കവും ലീഗിെൻറ ഭാഗത്തുനിന്ന് ഒരുകാലത്തും ഉണ്ടായിട്ടില്ല. എന്നാൽ എല്ലാ കാലത്തും വർഗീയ കക്ഷികളെ വോട്ടിനു വേണ്ടി ഉപയോഗിച്ച സി.പി.എം ഇപ്പോൾ നടത്തുന്ന ചാരിത്ര പ്രസംഗം പരിഹാസ്യമാണെന്ന് കെ.പി.എ മജീദ് പറഞ്ഞു.
എം.എം ഹസൻ-കുഞ്ഞാലിക്കുട്ടി-അമീർ കൂട്ടുകെട്ടാണ് യു.ഡി.എഫിന് നേതൃത്വം നൽകുന്നതെന്ന സി.പി.എം സെക്രട്ടറിയുടെ പ്രസ്താവന ബി.ജെ.പിയെ പോലും നാണിപ്പിക്കുന്നതാണ്. പ്രത്യേക വിഭാഗങ്ങളിൽപെട്ടവരുടെ മാത്രം പേരെടുത്ത് പച്ചയ്ക്ക് വർഗീയത പറയാൻ മടികാണിക്കാത്ത കോടിയേരിയുടെ ഉദ്ദേശ്യം വ്യക്തമാണ്. കേരളത്തെ വർഗീയമായി വിഭജിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള നാണംകെട്ട കളിയുമായാണ് സി.പി.എം മുന്നോട്ടുവരുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും സി.പി.എമ്മിെൻറ രാഷ്ട്രീയ കാപട്യം ജനങ്ങൾ തിരിച്ചറിയുമെന്നും മജീദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.