വേങ്ങര: മജീദ് പിന്മാറി; ലീഗ് സ്ഥാനാർഥി ഇന്ന്
text_fields
മലപ്പുറം: വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ആരെന്ന് തിങ്കളാഴ്ചയറിയാം. രാവിലെ 10ന് പാണക്കാട്ട് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തുക. സ്ഥാനാർഥിത്വത്തിലേക്ക് പരിഗണിക്കരുതെന്ന് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഹൈദരലി തങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജില്ല ജനറൽ സെക്രട്ടറി കെ.എൻ.എ. ഖാദർ, സംസ്ഥാന സെക്രട്ടറി യു.എ. ലത്തീഫ്, മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരിലൊരാൾക്ക് നറുക്ക് വീഴാനാണ് സാധ്യത.
സംഘടന ചുമതലയിൽ ഭാരിച്ച ഉത്തരവാദിത്തം ഉള്ളതിനാൽ മത്സരിക്കാനില്ലെന്ന് ഹൈദരലി തങ്ങളെ അറിയിച്ചതായി മജീദ് മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഘടന തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. യൂത്ത് ലീഗിെൻറ സമ്മർദം മൂലമാണോ പിന്മാറുന്നതെന്ന ചോദ്യത്തിന് മുമ്പും ഇതുതന്നെയാണ് താൻ ആഗ്രഹിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. വേങ്ങരയിൽ ലീഗ് ആരെ മത്സരിപ്പിച്ചാലും വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും മജീദ് കൂട്ടിച്ചേർത്തു.
സ്ഥാനാർഥിയാവാൻ മജീദിെൻറയും ഖാദറിെൻറയും പേരുകളാണ് തുടക്കത്തിൽ സജീവമായിരുന്നത്. ഫിറോസിന് വേണ്ടി യൂത്ത് ലീഗും പിടിമുറുക്കി. മജീദ് ഒരു വേളയിലും താൽപര്യം പ്രകടിപ്പിക്കാതിരുന്നതോടെ ഖാദറിന് സാധ്യതയേറിയിരുന്നു. എന്നാൽ, ഇതിനിടക്കാണ് യു.എ. ലത്തീഫിനെ സമവായ സ്ഥാനാർഥിയാക്കാനുള്ള ശ്രമം നടന്നത്. എൽ.ഡി.എഫ് സ്ഥാനാർഥിയെ തീരുമാനിച്ചതോടെ പ്രഖ്യാപനം ഇനിയും നീണ്ടുപോവുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് ലീഗ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.