സി.പി.എം ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്നു -കെ.പി.എ മജീദ്
text_fieldsമലപ്പുറം: കേരളത്തിൽ സി.പി.എം അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും വൈകാരിക പ്രശ്നങ്ങളും ഉണ്ടാക്കുകയാണ്. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ സി.പി.എം പ്രചരിപ്പിക്കുന്നു. ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങൾ മുസ് ലിംകൾക്ക് മാത്രം ലഭിക്കുന്നുവെന്ന് പറയുന്നു. എന്നാൽ, ന്യൂനപക്ഷ വകുപ്പിന്‍റെ ചുമതല കെ.ടി. ജലീലിനും ഇടതുപക്ഷത്തിനും ആണെന്ന് മജീദ് പറഞ്ഞു.
രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളത്തിൽ രാഷ്ട്രീയമാണ് പറയേണ്ടത്. അല്ലാതെ സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാനുള്ള വർഗീയ പ്രചരണമല്ല നടത്തേണ്ടത്. വർഗീയ ചിന്താഗതി മനസിൽ കൊണ്ടു നടക്കുന്ന പിണറായിയെ പോലുള്ള ഒരു നേതാവ് സി.പി.എമ്മിൽ ഉണ്ടായത് നിർഭാഗ്യകരമാണ്. തമിഴ്നാട്ടിൽ പാർട്ടി സ്ഥാനാർഥി ജയിപ്പിക്കാൻ മുസ് ലിം ലീഗിന്‍റെ പിന്തുണ തേടിയത് സി.പി.എം നേതാക്കളാണെന്ന് ലീഗിനെ കുറ്റം പറയുന്ന പിണറായി വിജയൻ ഒാർക്കണമെന്നും മജീദ് പറഞ്ഞു.
ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ യു.ഡി.എഫ് തയാറാണ്. അത്തരത്തിലുള്ള നിലപാടാണ് യു.ഡി.എഫിനുള്ളത്. യു.ഡി.എഫ് എല്ലാ വിഭാഗങ്ങളുടെയും വികാരങ്ങൾ മാനിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന മുന്നണിയാണെന്നും കെ.പി.എ മജീദ് പറഞ്ഞു.
സി.പി.എം കേന്ദ്ര നേതൃത്വത്തെയും സംസ്ഥാന സമിതിയെയും മറികടന്ന് ഏകാധിപതിയെ പോലെയാണ് പിണറായി പ്രവർത്തിക്കുന്നത്. വിഷയത്തിൽ സി.പി.എം കേന്ദ്രനേതൃത്വം ഇടപെടണം. കേരളത്തിൽ ബി.ജെ.പിക്ക് മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കില്ല. ഇതുതന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കാൻ പോകുന്നത്. ബി.ജെ.പി സീറ്റ് പിടിച്ചാൽ അത് സി.പി.എമ്മിന്‍റെ നയവൈകല്യം കൊണ്ട് മാത്രമാകുമെന്നും മജീദ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.