ഹരിത പ്രശ്നം: ചർച്ചയുടെ വാതിലുകൾ അടഞ്ഞിട്ടില്ലെന്ന് കെ.പി.എ.മജീദ്
text_fieldsമലപ്പുറം: എം.എസ്.എഫ് ഹരിതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ചർച്ചയുടെ വാതിലുകൾ ഇനിയും അടഞ്ഞിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ.പി.എ.മജീദ്. ഏത് വിഷയവും ഇനിയും ചർച്ച ചെയ്യാൻ പാർട്ടി ഒരുക്കമാണ്. നിരന്തര ചർച്ചകളിലൂടെയും നീതിപൂർവ്വകമായ പരിഹാരങ്ങളിലൂടെയുമാണ് മുസ്‌ലിംലീഗ് വളർച്ചയുടെ പാതകൾ പിന്നിട്ടതെന്നും മജീദ് ഫേസ്ബുക്കിൽ കുറിച്ചു.
മുസ്ലിംലീഗിന്‍റെ ആശയാദർശങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന മുഴുവൻ ആളുകളെയും കേൾക്കാനും പരിഗണിക്കാനും കഴിയുന്ന പ്രസ്ഥാനമാണിത്. നീതി തേടി വരുന്നവർക്ക് നീതി ഉറപ്പാക്കലാണ് പാർട്ടിയുടെ പാരമ്പര്യം. ഹരിതയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയാവുകയും മുസ്ലിംലീഗിനെതിരെ നെഗറ്റീവ് കാമ്പയിന് എതിരാളികൾ അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് അതീവ ഹൃദയ വേദനയോടെയാണ് നോക്കി കാണുന്നതെന്നും മജീദ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണ രൂപം
എം.എസ്.എഫ് ഹരിതയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയാവുകയും മുസ്ലിംലീഗിനെതിരെ നെഗറ്റീവ് കാമ്പയിന് എതിരാളികൾ അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് അതീവ ഹൃദയ വേദനയോടെയാണ് ഞാനുൾപ്പെടെ ഓരോ പ്രവർത്തകനും നോക്കിക്കാണുന്നത്. ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ അതീവ ദുഃഖിതനാണ്. ഒരുമിച്ച് പ്രവർത്തിക്കുന്നവർ തമ്മിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുമ്പോൾ ഒരുമിച്ചിരുന്ന് പരിഹരിക്കുകയാണ് വേണ്ടത്.
മുസ്ലിംലീഗിന്റെ ആശയാദർശങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന മുഴുവൻ ആളുകളെയും കേൾക്കാനും പരിഗണിക്കാനും കഴിയുന്ന പ്രസ്ഥാനമാണിത്. നീതി തേടി വരുന്നവർക്ക് നീതി ഉറപ്പാക്കലാണ് പാർട്ടിയുടെ പാരമ്പര്യം. ഒരു ചർച്ചയുടെയും വാതിലുകൾ അടഞ്ഞിട്ടില്ല. ഏത് വിഷയവും ഇനിയും ചർച്ച ചെയ്യാൻ പാർട്ടി ഒരുക്കമാണ്. നിരന്തര ചർച്ചകളിലൂടെയും നീതിപൂർവ്വകമായ പരിഹാരങ്ങളിലൂടെയുമാണ് മുസ്‌ലിംലീഗ് വളർച്ചയുടെ പാതകൾ പിന്നിട്ടത്. നേതാക്കളും പ്രവർത്തകരും ക്ഷമിച്ചും സഹിച്ചും നിലകൊണ്ടതിന്റെ ഫലമായിട്ടാണ് അഭിമാനകരമായ നേട്ടങ്ങൾ നാം സ്വന്തമാക്കിയത്. ഈ ആദർശ പതാക മുറുകെ പിടിച്ച്, പരസ്പരം സ്‌നേഹവും ബഹുമാനവും നിലനിർത്തി നമുക്ക് മുന്നേറാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.