തരൂരിനെതിരായ വിമർശനം: കൊടിക്കുന്നിലിന് താക്കീത്, പരസ്യ പ്രസ്താവനക്ക് വിലക്ക്
text_fieldsതിരുവനന്തപുരം: കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരായ പരാമർശത്തിൽ കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് താക്കീതും പരസ്യ പ്രസ്താവനക്ക് വിലക്കുമേര്‍പ്പെടുത്തി കെ.പി.സി.സി. പാര്‍ട്ടിയിലെ പ്രശ്നം മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയതിനാണ് സംസ്ഥാന നേതൃത്വം താക്കീത് ചെയ്ത്. തരൂര്‍ വിഷയത്തില്‍ പരസ്യ പ്രസ്താവന വേണ്ടെന്നും നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.
കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയതില്‍ സംസ്ഥാനത്തെ രണ്ട് നേതാക്കള്‍ ഉള്‍പ്പെട്ട സംഭവം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്തിരുന്നു. കത്ത് പരസ്യമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന പി.ജെ. കുര്യൻെറ വിശദീകരണം അംഗീകരിച്ച രാഷ്ട്രീകാര്യ സമിതി, ശശി തരൂരിൻെറ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തു.
വിഷയം പരസ്യ ചര്‍ച്ചയാക്കി പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയോ കോണ്‍ഗ്രസിൻെറയും യു.ഡി.എഫിൻെറയും രാഷ്ട്രീയ സാഹചര്യത്തെ പ്രതികൂലമാക്കുകയോ ചെയ്യരുതെന്നായിരുന്നു രാഷ്ട്രീയകാര്യ സമിതിയിലെ ധാരണ.
ഇതിനിടെയാണ് രൂക്ഷമായ ഭാഷയില്‍ ശശി തരൂർ എം.പിയെ കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശിച്ചത്. തരൂർ പാർട്ടിയുടെ അതിർവരമ്പുകൾ ലംഘിക്കുകയാണ്. ഗസ്റ്റ് ആർട്ടിസ്റ്റായ അദ്ദേഹത്തിന് രാഷ്ട്രീയ പക്വതയില്ല. വിശ്വപൗരനായത് കൊണ്ട് തരൂരിന് എന്തും പറയാമെന്ന് കരുതേണ്ട. അദ്ദേഹം രാഷ്ട്രീയക്കാരനല്ലെന്നുമായിരുന്നു കൊടിക്കുന്നിൽ സുരേഷ് പറഞ്ഞത്.
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വന്നത്. ഇതോടെ പാര്‍ട്ടിയിലെ തര്‍ക്കം മാധ്യമങ്ങളിൽ ചര്‍ച്ചയായി മാറി. ഇതിലേക്ക് വഴിവെച്ചതിനാണ് കൊടിക്കുന്നിലിനെ സംസ്ഥാന നേതൃത്വം താക്കീത് നല്‍കിയത്.
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം മനസിലാക്കാതെ പരസ്യ പ്രസ്താവനകള്‍ നടത്തി സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കരുതെന്ന സന്ദേശം കര്‍ശന ഭാഷയില്‍ കൊടിക്കുന്നിലിന് കൈമാറിയെന്നാണ് സൂചന. ഇതിന് പിന്നാലെ, പാര്‍ട്ടിയെ തകര്‍ക്കുന്ന പടപ്പുറപ്പാടിൻെറ ഭാഗമാവില്ലെന്ന് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ കൊടിക്കുന്നിൽ വ്യക്തമാക്കി. വിമർശിക്കുമ്പോഴും തിരുത്തുമ്പോഴും ഇന്നുവരെയും പാർട്ടിക്ക് വിധേയനായല്ലാതെ പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.