അധ്യക്ഷപദവിക്കായി ചരടുവലികൾ; സുധാകരന് ചുമതല തിരിച്ചുകിട്ടിയില്ല
text_fieldsതിരുവനന്തപുരം: കണ്ണൂരിൽ മത്സരിക്കുന്നതിനായി താൽക്കാലികമായി എം.എം ഹസന് കൈമാറിയ കെ.പി.സി.സി അധ്യക്ഷ സ്ഥാനം കെ. സുധാകരന് തിരികെ ലഭിച്ചില്ല. ശനിയാഴ്ച ചേർന്ന നേതൃയോഗത്തിൽ സുധാകരന് ചുമതല തിരിച്ചുനൽകാനുള്ള തീരുമാനം ഉണ്ടാകേണ്ടതായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, തൽക്കാലം തുടരാൻ ഹസനോട് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നിർദേശിക്കുകയും ചെയ്തു. ഇതിൽ കെ. സുധാകരൻ കടുത്ത അതൃപ്തിയിലാണെന്ന് വിവരം. കെ.പി.സി.സി യോഗത്തിൽ അതു പ്രകടിപ്പിക്കുകയും ചെയ്തു.
വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ പദവി കൈമാറാൻ വൈകേണ്ട കാര്യമെന്താണെന്നാണ് കെ. സുധാകരന്റെ ചോദ്യത്തിന് എ.ഐ.സി.സി നേതൃത്വം കൃത്യമായ മറുപടി നൽകിയതുമില്ല. ഫലപ്രഖ്യാപനത്തിന് പിന്നാലെതന്നെ മാറ്റാൻ നീക്കം നടക്കുന്നതായി സംശയിക്കുന്ന സുധാകരൻ, പദവി തിരിച്ചുനൽകാത്തത് അതിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെയാണ് തനിക്ക് ചുമതല കൈമാറിയതെന്നും വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലുവരെയാണ് അതിന്റെ കാലാവധിയെന്നും എം.എം. ഹസൻ പറഞ്ഞു. എ.ഐ.സി.സി നിർദേശം ലഭിച്ചാൽ അപ്പോൾതന്നെ പദവി കൈമാറുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ കനത്തതിരിച്ചടിക്ക് പിന്നാലെയാണ് കെ. സുധാകരൻ കെ.പി.സി.സിയുടെ അമരത്ത് എത്തിയത്. നന്നായി തുടങ്ങിയ കെ. സുധാകരന് പ്രവർത്തകരിൽ ഉണർത്തിയ ആവേശം പക്ഷേ, നിലനിർത്താനായില്ല. മോൺസൺ മാവുങ്കൽ കേസ് ഉൾപ്പെടെ വിവാദങ്ങൾ പലപ്പോഴും പാർട്ടിക്ക് തലവേദനയായി. ആർ.എസ്.എസ് ശാഖക്ക് കാവൽനിന്നുവെന്ന പരാമർശം യു.ഡി.എഫ് ഘടകകക്ഷികളെ പോലും ചൊടിപ്പിച്ചു.
നെഹ്റുവിരുദ്ധ പരാമർശം ഹൈകമാൻഡിന്റെ അതൃപ്തിക്കും കാരണമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി കെ. സുധാകരൻ നല്ല ബന്ധത്തിൽ അല്ലെന്നത് സമരാഗ്നി യാത്രക്കിടെ പരസ്യമാവുകയും ചെയ്തു. സുധാകരന്റെ ആരോഗ്യപ്രശ്നങ്ങൾ കൂടി ഉയർത്തിക്കാട്ടി ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റത്തിനുള്ള നീക്കത്തിന് പാർട്ടിയിൽ ഒരു വിഭാഗം തുടക്കമിട്ടിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അധ്യക്ഷനെ മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്നതിനാലാണ് അതു ഫലം കാണാതെ പോയത്.
മത്സരിക്കാനായി മാറിനിന്ന സാഹചര്യം മുതലെടുത്ത് കെ. സുധാകരനെ നീക്കാനാണ് എതിർവിഭാഗം ചരടുവലിക്കുന്നത്. അതുകൊണ്ടുതന്നെ കണ്ണൂരിലെ തെരഞ്ഞെടുപ്പ് ഫലം കെ. സുധാകരന് നിർണായകമാണ്. കണ്ണൂരിൽ ജയിക്കാനും19 സീറ്റ് നേട്ടം ആവർത്തിക്കാനുമായില്ലെങ്കിൽ സുധാകരനെതിരായ നീക്കം ശക്തിയാർജിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.