കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണൻ പെരിയ അടക്കം നാലു നേതാക്കളെ കോൺഗ്രസ് പുറത്താക്കി
text_fieldsപെരിയ: ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത സംഭവത്തിൽ കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, ഉദുമ മണ്ഡലം യു.ഡി.എഫ് ചെയർമാൻ രാജൻ പെരിയ, പ്രമോദ് പെരിയ, മുൻ മണ്ഡലം പ്രസിഡൻ്റ് ടി. രാമകൃഷ്ണൻ എന്നിവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം എൻ.സുബ്രഹ്‌മണ്യൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം.നിയാസ് എന്നിവരുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ 13ആം പ്രതിയായ സി.പി.എം പ്രാദേശിക നേതാവിന്റെ മകന്റെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കുകയും പ്രതിയായ സി.പി.എം നേതാവിനൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്‌ത സംഭവത്തിലാണ് കെ.പി.സി.സി അന്വേഷണം പ്രഖ്യാപിച്ചത്.
വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർ എത്ര ഉന്നതരായാലും അവർ പാർട്ടിക്കു പുറത്തായിരിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി സമൂഹമാധ്യമത്തിൽ കുറിപ്പിട്ടതിനെതിരേ കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്‌ണൻ പെരിയയും രംഗത്തുവന്നതോടെ നേതൃതലത്തിൽ ഭിന്നത രൂക്ഷമായിരുന്നു. ഇതോടെയാണ് ഈ മാസം 13ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അന്വേഷണത്തിനായി സമിതിയെ പ്രഖ്യാപിച്ചത്.
കല്യോട്ടെ രക്തസാക്ഷികളായ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തിലെ പ്രതിയുമായി സൽക്കാരത്തിൽ പങ്കെടുക്കുകയും സൽക്കാരത്തിന് പ്രതിക്ക് സൗകര്യം ഒരുക്കികൊടുക്കുകയും ചെയ്തതിന് ശേഷവും പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിക്കുകയും ചെയ്ത ഗൗരവമായ പരാതി കെ.പി.സി.സിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ബാലകൃഷ്ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ, മുൻ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്‌ണൻ പെരിയ എന്നിവർ കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതായി കെ.പി.സി.സി വാർത്ത കുറിപ്പിൽ പറഞ്ഞു.
അതോടൊപ്പം കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താനെ നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം കെ.പി.സി.സി മെമ്പർ ബാലകൃഷ്‌ണൻ പെരിയ നടത്തിയ തായും അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. ആയതിനാൽ കെ.പി.സി.സി മെമ്പർ ബാലകൃഷ്‌ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ, മുൻ മണ്ഡലം പ്രസിഡൻ്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്‌ണൻ പെരിയ എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പുറത്താക്കിയതായി വാർത്ത കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.