കെ.പി.സി.സി അച്ചടക്ക സമിതിയോഗം ഇന്ന്; ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടിയുണ്ടായേക്കില്ല
text_fieldsതിരുവനന്തപുരം: പാർട്ടി വിലക്ക് മറികടന്ന് ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മലപ്പുറത്ത് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സദസ്സിന്റെ പേരിൽ ആര്യാടൻ ഷൗക്കത്തിനെതിരെ കൂടുതൽ നടപടിയുണ്ടായേക്കില്ല. വിഷയം സി.പി.എം ആയുധമാക്കുന്ന സാഹചര്യത്തിലാണ് കെ.പി.സി.സി നേതൃത്വം നിലപാട് മയപ്പെടുത്തുന്നത്. ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തിയതിന് കോൺഗ്രസ് നേതാവിനെതിരെ നടപടിയെടുക്കുന്ന കോൺഗ്രസ് ഫലസ്തീന് ഒപ്പമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിമർശനം. സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽനിന്ന് മുസ്ലിം ലീഗിനെ വിലക്കിയ കോൺഗ്രസിന്റെ നിലപാട് പകൽപോലെ വ്യക്തമെന്നും സി.പി.എം കുറ്റപ്പെടുത്തുന്നു.
ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച ശശി തരൂരിന്റെ പരാമർശവും ചേർത്തുവെച്ച് സി.പി.എം പ്രചാരണം ശക്തിപ്പെടുത്തിയാൽ കെ.പി.സി.സി നേതൃത്വം വെട്ടിലാകും. ആര്യാടൻ ഷൗക്കത്തിനെതിരെ നപടിയെടുക്കുക കൂടി ചെയ്താൽ സി.പി.എം ആക്രമണത്തിന് ബലം പകരുന്ന സാഹചര്യമാണുണ്ടാകുക. അതൊഴിവാക്കാൻ തൽക്കാലം നടപടി വേണ്ടെന്നാണ് പാർട്ടിയിലെ പൊതുവികാരം. കെ. മുരളീധരൻ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. പിന്നാലെ, വിഷയം അച്ചടക്ക സമിതി തീരുമാനിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ വിശദീകരിച്ചു. ആര്യാടൻ ഷൗക്കത്ത് ഉൾപ്പെടുന്ന കോൺഗ്രസ്-എ വിഭാഗവും നടപടിയെടുക്കുന്നതിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്.
വിഷയം ചർച്ച ചെയ്യാൻ കെ.പി.സി.സി അച്ചടക്ക സമിതി തിങ്കളാഴ്ച തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. ഷൗക്കത്തിനെ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം തീരുമാനം വേണമെന്നാണ് കെ.പി.സി.സി നിർദേശമെങ്കിലും വൈകാനാണ് സാധ്യത.
വെള്ളിയാഴ്ചയാണ് ആര്യാടൻ ഫൗണ്ടേഷൻ മലപ്പുറത്ത് ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചത്. ജില്ല ഘടകത്തെ മറികടന്ന് ഫൗണ്ടേഷന്റെ പേരിലുള്ള സമാന്തര പ്രവർത്തനം അച്ചടക്ക ലംഘനമാണെന്നാണ് കെ.പി.സി.സി നിലപാട്. അതിനാലാണ് ഫൗണ്ടേഷന്റെ പേരിലുള്ള റാലി വിലക്കിയത്. ഫലസ്തീൻ ഐക്യദാർഢ്യ റാലി വിഭാഗീയ പ്രവർത്തനമല്ലെന്നാണ് ഷൗക്കത്ത് കെ.പി.സി.സി നോട്ടീസിന് മറുപടി നൽകിയത്. വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ച് വീണ്ടും നോട്ടീസ് നൽകിയ കെ.പി.സി.സി കടുത്ത നടപടിക്ക് ഒരുങ്ങവെയാണ് വിഷയം സി.പി.എം ആയുധമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.