തൃശൂരിൽ ബൂത്ത് പ്രവർത്തനം ദുർബലമായിരുന്നെന്ന് മുരളീധരൻ, ആലത്തൂരിൽ ജയിക്കുമെന്ന് രമ്യ ഹരിദാസ്
text_fieldsതിരുവനന്തപുരം: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബൂത്ത് തല പ്രവർത്തനം ദുർബലമായിരുന്നെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. കെ.പി.സി.സി നേതൃയോഗത്തിലാണ് മുരളീധരൻ വിമർശനം ഉന്നയിച്ചത്. ആലത്തൂരിൽ ജയിക്കുമെന്ന് സ്ഥാനാർഥി രമ്യ ഹരിദാസ് പ്രതീക്ഷ പങ്കുവെച്ചു. എന്നാൽ, ഭൂരിപക്ഷം നേതൃയോഗത്തിൽ പറഞ്ഞില്ല.
പുനഃസംഘടനാ പ്രശ്നങ്ങൾ താഴെത്തട്ടിലുള്ള പ്രവർത്തനത്തെ ബാധിച്ചെന്നായിരുന്നു കെ. മുരളീധരന്റെ വിലയിരുത്തൽ. ബൂത്ത് തലത്തിലടക്കം ഇത് നിഴലിച്ചുനിന്നു. ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളിൽ നടത്തിയ പുനഃസംഘടന ചൂണ്ടിക്കാട്ടിയായിരുന്നു മുരളീധരന്റെ വിമർശനം. മണ്ഡലത്തിലേക്ക് പുതുതായി എത്തുന്ന ആളെന്ന നിലയ്ക്ക് തനിക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയം ചിലവായി. ഇത് ആദ്യഘട്ട പ്രചാരണ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കി. എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം അവസാന ലാപ്പിൽ തനിക്ക് മുന്നിൽക്കയറാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് മുരളീധരൻ കെ.പി.സി.സി നേതൃയോഗത്തെ അറിയിച്ചത്. ഇരുപതിനായിരം മുതൽ മുപ്പതിനായിരം വരെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് മുരളീധരന്റെ കണക്ക്.
എന്നാൽ ഭൂരിപക്ഷം പറയാൻ തയ്യാറാകാതിരുന്നത് ആലത്തൂരിലെ സ്ഥാനാർഥി രമ്യ ഹരിദാസ് മാത്രമാണ്. വിജയിക്കും എന്ന് മാത്രമായിരുന്നു രമ്യയുടെ വിലയിരുത്തൽ. എന്നാൽ ഭൂരിപക്ഷത്തിന്റെ കണക്ക് താനല്ല പറയേണ്ടതെന്നായിരുന്നു രമ്യയുടെ പ്രതികരണം. രമ്യക്ക് ശുഭാപ്തി വിശ്വാസം പോരെന്നായിരുന്നു ഇതിന് ചില നേതാക്കളുടെ പ്രതികരണം. ഇതിനിടെ കെ.പി.സി.സി പ്രസിഡന്‍റായി കെ. സുധാകരൻ ചുമതല ഏറ്റെടുക്കുന്നത് നീളും എന്നുറപ്പായി. ഹൈക്കമാൻഡ് നിർദേശം വരുമ്പോൾ മാത്രമേ ചുമതലക്കൈമാറ്റം ഉണ്ടാകൂ. അതുവരെ എം.എം. ഹസൻ ആക്ടിങ് പ്രസിഡന്റ് സ്ഥാനത്ത് തുടരും.
ലോക്സഭ തെരഞ്ഞെടുപ്പിൽ നാലിടത്ത് കനത്ത മത്സരമെന്നാണ് കെ.പി.സി.സി വിലയിരുത്തൽ. ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ മണ്ഡലങ്ങളിലാണ് കനത്ത മത്സരം നടന്നത്. എന്നാലും കേരളത്തിൽ 20 സീറ്റുകളിലും യു.ഡി.എഫ് വിജയിക്കുമെന്നും യോഗത്തിൽ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.