കെ.പി.സി.സി നിർവാഹകസമിതി യോഗം വെള്ളിയാഴ്ച; ചെന്നിത്തലയുടെ നീക്കങ്ങൾ ചർച്ചയാകും
text_fieldsതിരുവനന്തപുരം: സംസ്ഥാന നേതൃതലത്തിൽ അനൈക്യമെന്ന പ്രചാരണം ശക്തമായിരിക്കെ കെ.പി.സി.സി നിർവാഹകസമിതി യോഗം ചേരുന്നു. കെ.പി.സി.സി ആസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നടത്തിയ ചർച്ചയിലാണ് വെള്ളിയാഴ്ച രാവിലെ പത്തരക്ക് എക്സിക്യൂട്ടിവ് യോഗം വിളിക്കാൻ ധാരണയായത്. നിയമസഭ സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും മറ്റും ആലോചിക്കുന്നതിന് 21ന് യു.ഡി.എഫ് യോഗവും ചേരും.
കെ.പി.സി.സി സെക്രട്ടറിമാരുടെ നിയമനവും ഡി.സി.സി ഭാരവാഹി നിയമനവും ഉൾപ്പെടെയുള്ള വിഷയങ്ങളും സുധാകരൻ- സതീശൻ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഡി.സി.സി ഭാരവാഹികളുടെ നിയമനത്തിന് ജില്ല നേതൃത്വങ്ങൾ സമർപ്പിച്ച കരട് പട്ടിക എത്രയുംവേഗം പരിശോധിച്ച് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഭാരവാഹികളെ നിശ്ചയിക്കാനാണ് ചർച്ചയിലെ ധാരണ. പ്രഖ്യാപനത്തിന് മുമ്പ് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല ഉൾപ്പെടെ മുതിർന്ന നേതാക്കളുമായും ആശയവിനിമയം നടത്തും.
കെ-റെയിൽ വിഷയത്തിലടക്കം സർക്കാറിനെതിരായ സമരപരിപാടികൾ പുനരാരംഭിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് കെ.പി.സി.സി നിർവാഹകസമിതി യോഗമെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. ചെന്നിത്തല - സതീശൻ നിഴൽയുദ്ധം പാർട്ടിക്കുള്ളിൽ സൃഷ്ടിച്ച അലയൊലികളും ഡി.സി.സി പുനഃസംഘടന വൈകുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ എക്സിക്യൂട്ടിവ് യോഗ ചർച്ചകളെ സ്വാധീനിച്ചേക്കാം.
ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരെ നിയമസഭയിൽ നിരാകരണപ്രമേയം കൊണ്ടുവരുമെന്ന് ചെന്നിത്തല ഏകപക്ഷീയമായി പ്രഖ്യാപിച്ചതോടെയാണ് കോൺഗ്രസിനകത്ത് ചെന്നിത്തല-സതീശൻ ശീതസമരം പുറത്തായത്. പ്രതിപക്ഷ നേതാവിനെയും യു.ഡി.എഫ് നിയമസഭ കക്ഷിയെയും ഇരുട്ടിൽ നിർത്തിയായിരുന്നു ചെന്നിത്തലയുടെ പ്രഖ്യാപനം. നേരത്തേ, കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമന വിഷയത്തിൽ സർക്കാറിനെ മുൾമുനയിൽ നിർത്തിയുള്ള രാഷ്ട്രീയ നീക്കങ്ങളുമായി പ്രതിപക്ഷം നീങ്ങിയപ്പോൾ ചെന്നിത്തല വേറിട്ട നിലപാടെടുത്തതും പാർട്ടിയിൽ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു.
ചെന്നിത്തലക്കെതിരെ പരാതിയില്ലെന്നും നേതൃത്വത്തിന് അതൃപ്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. സുധാകരന്റെ ഈ പിന്തുണയെ സ്വാഗതം ചെയ്തും അദ്ദേഹത്തെ പിന്തുണച്ചും നടത്തിയ പ്രതികരണത്തിൽ വി.ഡി. സതീശന്റെ പേരുപോലും പരാമർശിക്കാൻ ചെന്നിത്തല തയാറായതുമില്ല. ഇത് ഇരുവർക്കും ഇടയിലെ അകലത്തിന്റെ വ്യക്തമായ സൂചനയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.