സമ്പൂർണ കെ.പി.സി.സി നിർവാഹകസമിതിയോഗം ഇന്ന്
text_fieldsതിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ നാൾക്കുനാൾ അസ്വസ്ഥതകൾ മൂർച്ഛിക്കുന്നതിനിടെ കെ.പി.സി.സിയുടെ സമ്പൂർണ നിർവാഹക സമിതിയോഗം ചൊവ്വാഴ്ച ചേരും.കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിലേക്ക് കെ.പി.സി.സി ഭാരവാഹികളും ജനപ്രതിനിധികളും ഉൾപ്പെടെ നിർവാഹക സമിതിയംഗങ്ങൾ, രാഷ്ട്രീയകാര്യ സമിതിയംഗങ്ങൾ എന്നിവരെയാണ് ക്ഷണിച്ചത്.
എന്നാൽ, പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് മിക്ക എം.പിമാരും ഡൽഹിയിലായതിനാൽ അവർക്ക് യോഗത്തിൽ സംബന്ധിക്കുന്നതിന് തടസ്സമുണ്ട്.കെ.പി.സി.സി നേതൃത്വം തൊടുന്നതെല്ലാം വിവാദത്തിൽ കലാശിക്കുന്നെന്ന ആക്ഷേപം നിലനിൽക്കെയാണ് കെ.പി.സി.സി യോഗം ചേരുന്നത്.
എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് സ്വന്തം മണ്ഡലമായ വയനാട്ടിൽ സ്വീകരണം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കുന്നതിനാണ് യോഗം പ്രധാനമായും വിളിച്ചുചേർത്തിരിക്കുന്നത്.ഈ മാസം 11ന് കൽപറ്റയിലെത്തുന്ന രാഹുലിന് വൻ സ്വീകരണമൊരുക്കാനാണ് കോൺഗ്രസ് തീരുമാനം. ഇതോടൊപ്പം പാർട്ടി പുനഃസംഘടന, ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ, സംസ്ഥാന സർക്കാറിനെതിരായ സമരം, 138 ചലഞ്ച് ഊർജിതമാക്കൽ എന്നിവയും ചർച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.