കേസിൽപെട്ട് അണികളും നേതാക്കളും; ഒടുവിൽ ഇടപെട്ട് കെ.പി.സി.സി
text_fieldsകൊച്ചി: സർക്കാറിനെതിരായ നിരന്തര സമരങ്ങളിൽ പങ്കെടുത്ത് കേസുകളിൽപെട്ട് സാമ്പത്തിക പ്രയാസത്തിലായ നേതാക്കളെയും പ്രവർത്തകരെയും സഹായിക്കാൻ ഒടുവിൽ കെ.പി.സി.സി ഇടപെടൽ. കേസ് നടത്താൻ പണമില്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർഥി-യുവജന-മഹിള സംഘടനകളുടെ വിഷയം പാർട്ടി ഏറ്റെടുക്കാത്തതിനെതിരെ പാർട്ടിയിൽ അമർഷം പുകയുന്നത് ‘മാധ്യമം’ വാർത്തയാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് കേസുകളുടെ വിശദാംശം ലഭ്യമാക്കാൻ ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാർക്കും പോഷകസംഘടന പ്രസിഡന്‍റുമാർക്കുമടക്കം കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ സർക്കുലർ അയച്ചത്. നൂറുകണക്കിന് കേസുകളാണ് സമരങ്ങളുമായി ബന്ധപ്പെട്ട് കെ.എസ്.യു - യൂത്ത് കോൺഗ്രസ് അടക്കം പോഷക സംഘടന നേതാക്കൾക്കെതിരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങി വിഷമിക്കുന്ന പ്രവർത്തകരെ സഹായിക്കാൻ പാർട്ടിയില്ലെന്ന ആക്ഷേപമാണ് ഉയർന്നത്. ബൂത്തുതലം മുതൽ ജില്ലതലം വരെയുള്ള കോൺഗ്രസ്-യൂത്ത് കോൺഗ്രസ്-കെ.എസ്.യു-മഹിള കോൺഗ്രസ് പ്രവർത്തകർക്കെതിരെ സമരങ്ങളിൽ പങ്കെടുത്തതിന്‍റെ പേരിൽ നിലവിലുള്ള കേസുകൾ സംബന്ധിച്ച വിവരങ്ങൾ അടിയന്തരമായി ശേഖരിച്ച് കൈമാറണമെന്നാണ് പാർട്ടി നിർദേശം. കെ.പി.സി.സി ലീഗൽ എയ്ഡ് കമ്മിറ്റി ചെയർമാനെയോ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറെയോ അറിയിക്കണമെന്നാണ് സർക്കുലർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.