വണ്ടിപ്പെരിയാറില്‍ ‘മകളെ മാപ്പ്’ എന്ന പേരില്‍ കെ.പി.സി.സി ജനകീയ കൂട്ടായ്മ ജനുവരി ഏഴിന്
text_fieldsകെ.പി.സി.സിയുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ ‘മകളെ മാപ്പ്’ എന്ന പേരില്‍ ജനകീയ കൂട്ടായ്മ ജനുവരി ഏഴിന് സംഘടിപ്പിക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സാമൂഹിക -സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍,കെ.പി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജനകീയ കൂട്ടായ്മയില്‍ പങ്കെടുക്കും.
വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറു വയസ്സുകാരിയുടെ കൊലപാതകിയ്ക്ക് ശിക്ഷയും പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതിയും ഉറപ്പാക്കുക, പ്രതിക്ക് രക്ഷപെടാന്‍ കേസ് അട്ടിമറിച്ച സര്‍ക്കാര്‍ നടപടിക്കെതിരെയും അന്വേഷണത്തിലേയും വിചാരണയിലേയും പിഴവുകള്‍ തിരുത്തി ശക്തമായ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
ഇതിനായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍,ഡീന്‍ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു. മാത്യു കുഴല്‍നാടന്‍ എം.എൽ.എ,എസ്. അശോകന്‍,ജോസി സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഏഴംഗ സംഘാടക സമിതിക്ക് കെ.പി.സി.സി രൂപം നല്‍കിയിരിക്കുകയാണ്. വി.പി.സജീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍ എന്നിവരെ ഈ പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായി ചുമതലപ്പെടുത്തി.ഡിസംബര്‍ 17ന് ഇതേ വിഷയത്തില്‍ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സായാഹ്ന ധര്‍ണ്ണ നടത്തിയിരുന്നു.
ആറുവയസ്സുകാരി ബാലികയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിച്ചതാണ്. എന്നിട്ടും പ്രതിയുടെ രാഷ്ട്രീയം കണക്കിലെടുത്ത് തെളിവുകള്‍ ഇല്ലാതാക്കി നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍വ്വ സര്‍ക്കാര്‍ സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തി. കൊലപാതകവും പീഡനവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടും കുറ്റം തെളിയിക്കാന്‍ പോലീസും പ്രോസിക്യൂഷനും ശ്രമിച്ചില്ല. ഇരുവരും ഒത്തുകളിച്ച് ഡി.വൈ.എഫ്.ഐക്കാരനായ പ്രതിക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കി. ഇത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.