പുതിയ നേതൃത്വം: പിടിമുറുക്കി കെ.സി പക്ഷം, പരസ്യപ്രതികരണം ഒഴിവാക്കി ഗ്രൂപ്പുകൾ
text_fieldsതിരുവനന്തപുരം: പരിഗണനക്ക് കൈമാറിയ പട്ടികയിലെ കൂടുതൽ മെച്ചപ്പെട്ടവരെ തഴഞ്ഞതിെനക്കാൾ കോൺഗ്രസിെല ഗ്രൂപ്പുകളെ അസ്വസ്ഥമാക്കുന്നത് കെ.സി. വേണുഗോപാലിെൻറ നേതൃത്വത്തിൽ പുതിയ നേതൃത്വം പാർട്ടിയിൽ പിടിമുറുക്കുന്നത്.
കെ.പി.സി.സി പട്ടികയിൽ പരിഗണന കിട്ടിയെങ്കിലും വേണുഗോപാലിന് ഒപ്പമുള്ളവർക്ക് കിട്ടിയ അമിത പരിഗണനയിലാണ് എ, െഎ ഗ്രൂപ്പുകളുടെ ശക്തമായ അതൃപ്തി. തൽക്കാലം പരസ്യപ്രതികരണം വേണ്ടെന്ന നിലപാട് സ്വീകരിച്ചിരിക്കുന്ന ഗ്രൂപ് നേതൃത്വങ്ങൾ സംഘടനാതെരഞ്ഞെടുപ്പിൽ ഒരുമിച്ചുനിന്ന് ശക്തികാട്ടാനുള്ള ഒരുക്കത്തിലാണ്. കരുതിയപോലുള്ള പൊട്ടിത്തെറികളൊന്നും പട്ടികയുടെ പേരിൽ ഉണ്ടാകാത്തതിൽ സംഘടനാനേതൃത്വം ആശ്വാസത്തിലാണ്.
ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക എ, െഎ ഗ്രൂപ്പുകളും ചില പ്രമുഖനേതാക്കളും സംസ്ഥാനനേതൃത്വത്തിന് കൈമാറിയിരുന്നു. ഇതനുസരിച്ച് ഇരു ഗ്രൂപ്പുകളുടെയും താൽപര്യംകൂടി പരിഗണിച്ചാണ് പട്ടിക വന്നതെങ്കിലും അവർ കൈമാറിയ ലിസ്റ്റിൽ ഉണ്ടായിരുന്ന കൂടുതൽ മെച്ചപ്പെട്ടവരിൽ ചിലർ തഴയപ്പെട്ടു. ചിലർക്ക് എക്സിക്യൂട്ടിവ് അംഗത്വംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മറ്റുചിലർ പൂർണമായും പുറത്തായി.
അതോടൊപ്പം മാനദണ്ഡത്തിെൻറ പേരിൽ പ്രമുഖ ഗ്രൂപ് വിശ്വസ്തർക്ക് പുറത്തുനിൽക്കേണ്ടിയും വന്നു. നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ പരാതിയുടെ പേരിൽ ചിലരെ തഴഞ്ഞപ്പോൾ മറ്റു ചിലർക്ക് ബാധകമായില്ല. പാർട്ടിവിരുദ്ധപ്രവർത്തനത്തിന് മുമ്പ് അച്ചടക്കനടപടിക്ക് വിധേയരായവരും ഭാരവാഹികളിലുണ്ട്. ജനപ്രതിനിധികളെ പരിഗണിക്കില്ലെന്നായിരുന്നു തീരുമാനമെങ്കിലും പട്ടികയിൽ ഇടംകിട്ടിയ വനിതകളിൽ ഒരാൾ ജില്ല പഞ്ചായത്തംഗം ആണ്. ഇവെരല്ലാം സംസ്ഥാന നേതൃത്വത്തിെൻറ ഇഷ്ടക്കാരാണ്. രണ്ട് ഗ്രൂപ്പുകളുടെയും ഇഷ്ടക്കാർക്കാണ് മുമ്പ് മുന്തിയ പരിഗണന ലഭിച്ചിരുന്നതെങ്കിൽ അതിന് മാറ്റംവന്നിരിക്കുന്നു. ഇത് കണ്ടറിഞ്ഞ് ചിലർ കളംമാറ്റിക്കഴിഞ്ഞു.
ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വിശ്വസ്തരായിരുന്ന അവരെല്ലാം പുതിയ നേതൃത്വത്തിന് ഒപ്പം ചേർന്നിരിക്കുകയാണ്. അവരുടെയെല്ലാം മുഖ്യ രക്ഷാകർതൃത്വ സ്ഥാനത്ത് കെ.സി. വേണുഗോപാലാണ്. ഇതെല്ലാം ഗ്രൂപ് നേതൃത്വങ്ങളെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. എങ്കിലും അതൃപ്തി പുറത്തു പ്രകടിപ്പിച്ച് ഹൈകമാൻഡിെൻറ അതൃപ്തി സമ്പാദിക്കാൻ തൽക്കാലം ഗ്രൂപ്പുകൾ തയാറല്ല. സംഘടനാതെരഞ്ഞെടുപ്പിൽ ഒരുമിച്ചുനിന്ന് ശക്തി കാട്ടണമെന്നാണ് അവരുടെ വികാരം. ഗ്രൂപ്പുകളുടെ ഇൗ നിലപാട് മൂലം പട്ടികയുടെ പേരിൽ പ്രതീക്ഷിച്ച കലാപം ഒഴിവായതിൽ നേതൃത്വം ആശ്വാസത്തിലാണ്. എന്നാൽ, ഇതേവരെ പിന്തുണച്ചിരുന്ന കെ. മുരളീധരൻ അതൃപ്തി പരസ്യമാക്കിയത് തിരിച്ചടിയുമായി. അദ്ദേഹത്തിെൻറ നോമിനി ജനറൽ സെക്രട്ടറിയായെങ്കിലും എക്സിക്യൂട്ടിവിൽ നിന്ന് ചിലരെ ഒഴിവാക്കിയതാണ് വിമർശനത്തിന് പിന്നിലെന്ന് അറിയുന്നു.
പുതു ചേരിക്ക് പ്രാമുഖ്യം
തിരുവനന്തപുരം: കെ.പി.സി.സി പട്ടികയിലും സംസ്ഥാനനേതൃത്വത്തെ പിന്തുണക്കുന്നവർക്ക് പ്രാമുഖ്യം. നാല് വൈസ് പ്രസിഡൻറുമാരിൽ ഒന്നുവീതം എ, െഎ ഗ്രൂപ്പുകാരാണ്. മറ്റ് രണ്ടുപേർ പുതിയ നേതൃത്വത്തിന് ഒപ്പവും. 23 പുതിയ ജന. സെക്രട്ടറിമാരിൽ എ പക്ഷത്ത് നിന്ന് അഞ്ചുപേരും െഎ യുടെ നാലുപേരും ഉണ്ട്. ഒന്നുവീതം കെ. മുരളീധരെൻറയും തിരുവഞ്ചൂർ രാധാകൃഷ്ണെൻറയും വിശ്വസ്തരാണ്. ശേഷിക്കുന്ന 12 പേരും കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, കെ. സുധാകരൻ എന്നിവർ ഉൾപ്പെടുന്ന പുതിയ നേതൃനിരക്കൊപ്പമാണ്. 23 എക്സിക്യൂട്ടിവ് അംഗങ്ങളിൽ 11 പേർ െഎ പക്ഷക്കാരാണ്. അഞ്ചുപേർ വീതം എ ഗ്രൂപ്പിനും പുതിയ നേതൃത്വത്തിനും ഒപ്പം നിൽക്കുന്നവരാണ്. രണ്ടുപേർ വി.എം. സുധീരെന പിന്തുണക്കുന്നവരാണ്. ട്രഷററും പുതിയ നേതൃത്വത്തിെൻറ ഭാഗമാണ്.
സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ട പുനഃസംഘടനക്ക് ഹൈകമാൻഡ് അനുമതി നൽകിയാൽ മാനദണ്ഡത്തിെൻറ പേരിൽ പുറത്തായ ചില പ്രമുഖർ രാഷ്ട്രീയകാര്യ സമിതിയിെലത്തും. അതിനുള്ള ശക്തമായ ചരടുവലി ആരംഭിച്ചുകഴിഞ്ഞു. രാഷ്ട്രീയകാര്യസമിതി വഴി അവരും എക്സിക്യൂട്ടിവിെല പ്രത്യേക ക്ഷണിതാക്കളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.