കെ.പി.സി.സി നേതൃയോഗം സമാപിച്ചു മുഖ്യശത്രു ബി.ജെ.പി; പുനഃസംഘടന വേഗത്തിലാക്കാൻ ധാരണ
text_fieldsസുൽത്താൻ ബത്തേരി: മുഖ്യശത്രു ബി.ജെ.പിയാണെന്ന് ഉറപ്പിച്ചും നേതൃപുനഃസംഘടന വേഗത്തിലാക്കാൻ ധാരണയിലെത്തിയും ലോക്സഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിച്ചും സുൽത്താൻ ബത്തേരിയിൽ നടന്ന കെ.പി.സി.സി ദ്വിദിന നേതൃസംഗമം സമാപിച്ചു. അതേസമയം, കേരളത്തില്‍ സി.പി.എം ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നുവെന്നും അഴിമതിയും കൊള്ളയും മൂലം സി.പി.എമ്മിനെയും പ്രധാന ശത്രുവായി കാണുന്നുവെന്നും നേതാക്കള്‍ വ്യക്തമാക്കി.
ദേശീയതലത്തില്‍ ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനാണ് ശക്തിയുള്ളത്. എല്ലാ ജനവിഭാഗങ്ങളെയും എല്ലാ പ്രദേശങ്ങളെയും കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുമ്പോള്‍ മറ്റു പാര്‍ട്ടികള്‍ ഏതെങ്കിലും വിഭാഗത്തിന്റെയോ പ്രദേശത്തിന്റെയോ പ്രതിനിധികളാണ്.
കോണ്‍ഗ്രസ് മുക്ത ഭാരതം ബി.ജെ.പി സ്വപ്നം കാണുമ്പോള്‍, കോണ്‍ഗ്രസ് മുക്ത കേരളം സ്വപ്നം കാണുന്നവരാണ് സി.പി.എം. പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുമ്പോള്‍, സമാനമായ ആരോപണം നേരിടുന്ന കേരള മുഖ്യമന്ത്രിയെ തൊടുന്നില്ല. ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നു. ഈ സാഹചര്യത്തിലാണ് രണ്ടു പാര്‍ട്ടികളെയും ശക്തമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതെന്ന് നേതാക്കൾ പറഞ്ഞു.
കോൺഗ്രസിൽ പുനഃസംഘടന പ്രക്രിയ മേയ് 30നുള്ളിൽ പൂർത്തിയാക്കുമെന്നും ഒറ്റമനസ്സോടെ എല്ലാവരും മുന്നോട്ട് നീങ്ങുമെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു. സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാനും മിഷന് 24 സമയബന്ധിതമായി നടപ്പാക്കാനും തീരുമാനിച്ചതായി നേതാക്കൾ പറഞ്ഞു. മേയ് 11 മുതൽ ജില്ലതല പുനഃസംഘടന സമിതികൾ ചേർന്ന് മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടന 30നകം പൂര്‍ത്തീകരിക്കും.
ബൂത്ത് കമ്മിറ്റികളുടെ രൂപവത്കരണം ജൂണ്‍ ഒന്ന് മുതല്‍ 30വരെ നീളുന്ന കാമ്പയിനിലൂടെ പൂര്‍ത്തീകരിക്കും. ബി.എല്‍.എമാരുടെ പട്ടിക പൂര്‍ത്തിയാക്കി പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ജൂണ്‍ 15നകം ശേഖരിക്കാനും മേയ്, ജൂണ്‍ മാസത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ പ്രക്രിയ ചിട്ടയായി നടപ്പാക്കാനും തീരുമാനിച്ചു.
ആഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തില്‍ ബൂത്തുതല കുടുംബസംഗമങ്ങള്‍ വിപുലമായി സംഘടിപ്പിക്കാനും ഒക്ടോബറില്‍ യു.ഡി.എഫ് നേതൃത്വത്തില്‍ നിയോജക മണ്ഡലം, മണ്ഡലം, ബൂത്ത്തല ഇലക്ഷന് കമ്മിറ്റികള്‍ രൂപവത്കരിക്കാനും തീരുമാനിച്ചു. ജനങ്ങളുമായി കൂടുതൽ ഇടപഴകുന്നതിനായി ജില്ല, മണ്ഡലംതലത്തില്‍ ബഹുജന സമ്പര്‍ക്ക പരിപാടി നടത്തും. നവമാധ്യമ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും സാംസ്കാരിക വേദികൾ രൂപവത്കരിക്കുമെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ സജീവമാക്കുമെന്നും നേതാക്കൾ പറഞ്ഞു.
പാര്‍ട്ടി വിദ്യാഭ്യാസം എല്ലാതലങ്ങളിലും ഉണ്ടാകും. കോണ്‍ഗ്രസിന്റെ അനുബന്ധ സംഘടനകള്‍ അവരവരുടെ പ്രവര്‍ത്തന മേഖലകളില്‍ ഫലപ്രദമായി ഇടപെടുകയും ബഹുജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യാന്‍ പ്രധാനപ്പെട്ട നേതാക്കളുടെ മുഴുസമയ സേവനം ഉറപ്പുവരുത്തി കെ.പി.സി.സി ഉപസമിതികളെ നിയമിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എം.പി, ടി. സിദ്ദീഖ് എം.എല്‍.എ, കെ.പി.സി.സി പ്രചാരണ വിഭാഗം ചെയര്മാന് കെ. മുരളീധരന് എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.കെ. എബ്രഹാം, കെ. ജയന്ത്, ആലിപ്പറ്റ ജമീല, വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ തുടങ്ങിയവരും നേതൃസംഗമത്തിലെ തീരുമാനങ്ങൾ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.