വിശ്രമമെന്തെന്ന് അറിയാത്ത നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് പിണറായി, ശോഭിക്കുന്ന ഭരണാധികാരിയായിരുന്നു...
text_fieldsതിരുവനന്തപുരം: കെ.പി.സി.സി നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗം നടത്തി. കക്ഷി രാഷ്ട്രീയത്തിനതീതമായ ചടങ്ങായിതുമാറി. യു.ഡി.എഫിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്യാർഥി കാലം മുതൽക്ക് തന്നെ കോൺഗ്രസിന്റെ ഏറ്റവും നല്ല രീതിയിലുള്ള പ്രചാരകനും സംഘാടകനും ആയിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിശ്ചിത കാലം കഴിയുന്നതോടെ അദ്ദേഹം കോൺഗ്രസ് പാർട്ടിയുടെ വളരെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായി മാറി. ചെറുപ്പ കാലം മുതൽ തന്നെ കോൺഗ്രസ് പാർട്ടിയുടെ അതിപ്രധാനികളിൽ ഒരാളായി അദ്ദേഹം മാറിയിരുന്നു. നിയമസഭാ പ്രവർത്തനം ഒന്നിച്ചാണ് തുടങ്ങിയതെങ്കിലും തന്റെ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ ഇടവേളകളുണ്ടായിരുന്നുവെന്നും എന്നാൽ ഉമ്മൻ ചാണ്ടി തുടർച്ചയായി ആ പ്രവർത്തനം ഭംഗിയായി നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശോഭിക്കുന്ന ഭരണാധികാരിയാണ് താനെന്ന് അദ്ദേഹം കേരളത്തിന് മുന്നിൽ തെളിയിച്ചതായി പിണറായി പറഞ്ഞു. രണ്ടുതവണ മുഖ്യമന്ത്രിയായ ഘട്ടത്തിലും അദ്ദേഹത്തിന്റെ വിപുലമായ പരിജ്ഞാനം വലിയ തോതിൽ ശക്തി പകർന്നു. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ അദ്ദേഹം പ്രാധാന്യം നൽകി. ചലിക്കുന്ന നേതാവായി അദ്ദേഹം മാറി. കോൺഗ്രസിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒടുവിൽ രോഗാവസ്ഥക്കിടയിൽ ഒരു പരിപാടിക്കിടെ ഉമ്മൻ ചാണ്ടിയെ ഞാൻ കണ്ടു. നല്ല പ്രസരിപ്പോടെയാണ് കണ്ടത്. ഇത് ഞാൻ അദ്ദേഹത്തോട് സ്വകാര്യമായി പറഞ്ഞു. അപ്പോൾ അദ്ദേഹം തെന്ന ചികിത്സിക്കുന്ന ഡോക്ടറെ കുറിച്ച് എന്നോട് സൂചിപ്പിച്ചു. പിന്നീട് ഞാൻ ആ ഡോക്ടറെ വിളിച്ച് അനുമോദനം അറിയിച്ചു. അപ്പോൾ, ഡോക്ടർ പറഞ്ഞത് ഞാൻ വിശ്രമിക്കാൻ പറഞ്ഞിട്ടുണ്ട് എന്നാണ്. അത്, അദ്ദേഹം അംഗീകരിക്കുമോയെന്നറിയില്ലെന്നാണ്. വിശ്രമമെന്തെന്ന് അറിയാത്ത നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും പിണറായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.