കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഇന്ന്
text_fieldsതിരുവനന്തപുരം: ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാനുള്ള ബി.ജെ.പി നീക്കത്തിന് പ്രതിരോധം തീർക്കൽ ഉൾപ്പെടെ ചര്‍ച്ചചെയ്യാന്‍ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം വ്യാഴാഴ്ച ചേരും. കെ.പി.സി.സി പ്രസിഡന്റ് ചില ബിഷപ്പുമാരുമായി കൂടിക്കാഴ്ചക്ക് തുടക്കമിട്ടെങ്കിലും അത് വിശാലപരിപാടിയാക്കി മാറ്റുന്നത് ഉൾപ്പെടെ സ്വീകരിക്കേണ്ട നടപടികളായിരിക്കും യോഗം ചര്‍ച്ചചെയ്യുക. ക്രൈസ്തവ സഭകളുമായി അടുക്കാനുള്ള ബി.ജെ.പി നീക്കം ഗൗരവമായി കാണണമെന്ന് ആവശ്യപ്പെട്ട് കത്തുനല്‍കിയ മുതിര്‍ന്ന നേതാവ് കെ.സി. ജോസഫിനെ കെ.പി.സി.സി പ്രസിഡന്റ് അപമാനിെച്ചന്ന ആക്ഷേപവും ചർച്ചയാകും.
കേരളത്തിലെ ക്രൈസ്തവർ ഉൾപ്പെടെ ന്യൂനപക്ഷ വോട്ടുകൾ പൊതുവെ യു.ഡി.എഫിന് അനുകൂലമാണ്. അതിന് വിള്ളലുണ്ടാക്കുന്ന തരത്തിലാണ് ബി.ജെ.പി നീക്കം. പതിവിന് വിരുദ്ധമായി ചില ബിഷപ്പുമാര്‍ അനുകൂലമായി പ്രതികരിച്ചിട്ടും ഗൗരവമായി കാണാന്‍ കെ.പി.സി.സി നേതൃത്വം തുടക്കത്തിൽ തയാറായിരുന്നില്ല. ബി.ജെ.പി നീക്കം ഗൗരവമായി കാണണമെന്നും രാഷ്ട്രീയകാര്യസമിതി ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കെ.സി. ജോസഫ് കെ.പി.സി.സി പ്രസിഡന്റിന് കത്ത് നല്‍കിയതോടെയാണ് അതിന് മാറ്റം വന്നത്.
ബിഷപ്പുമാരുടെ ബി.ജെ.പി അനുകൂല പ്രതികരണം കോണ്‍ഗ്രസ് നേതൃത്വം ഗൗരവത്തോടെ കാണണമെന്ന് കെ. മുരളീധരനും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരൻ തലശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. മറ്റു ചില ബിഷപ്പുമാരുമായും വരുംദിവസങ്ങളിൽ കൂടിക്കാഴ്ച ഉണ്ടാകും.
കൂടിക്കാഴ്ചയിൽ സ്വീകരിക്കേണ്ട പാർട്ടി നിലപാടിനെയും പങ്കെടുക്കേണ്ട പാർട്ടി പ്രതിനിധികളെയും കുറിച്ച് സമിതിയിൽ ധാരണയുണ്ടാക്കും.
എന്നാൽ, ബി.ജെ.പി നീക്കത്തിൽ പാർട്ടിക്ക് ആശങ്കയുണ്ടെന്നുവരുന്നത് ഗുണകരമല്ലെന്നും നേതൃത്വം കരുതുന്നു. അതിനാൽ വിഷയം വളരെ തന്ത്രപരമായി കൈകാര്യം ചെയ്യുന്നതിനായിരിക്കും കോൺഗ്രസ് തയാറാകുക. ഇതോടൊപ്പം ഡി.സി.സി തലം വരെയുള്ള പാർട്ടി പുനഃസംഘടനയും ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവും ചർച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.