കെ.പി.സി.സി അധ്യക്ഷൻ: ചെന്നിത്തലയുടെ പ്രമേയത്തെ സതീശനും മുരളീധരനും പിന്താങ്ങി; തീരുമാനം എ.ഐ.സി.സി പ്രസിഡന്‍റിന് വിട്ടു
text_fieldsതിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനെയും എ.ഐ.സി.സി അംഗങ്ങളെയും നിശ്ചയിക്കാൻ എ.ഐ.സി.സി പ്രസിഡന്‍റ് സോണിയ ഗാന്ധിയെ കെ.പി.സി.സി ജനറൽ ബോഡി യോഗം ചുമതലപ്പെടുത്തി. ഇതുസംബന്ധിച്ച ഒറ്റവരി പ്രമേയം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.
വ്യാഴാഴ്ച രാവിലെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിൽ പ്രദേശ് റിട്ടേണിങ് ഓഫിസർ ജി. പരമേശ്വര, അസി. റിട്ടേണിങ് ഓഫിസർ അരിവ് അഴകൻ, കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജന.സെക്രട്ടറി താരിഖ് അൻവർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ജനറൽബോഡി യോഗം സംഘടന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായ നടപടിക്രമങ്ങൾ ഔപചാരികമായി പൂർത്തീകരിച്ച് അഞ്ച് മിനിറ്റിനുള്ളിൽ പിരിഞ്ഞു.
സംസ്ഥാനത്തെ പുതിയ കെ.പി.സി.സി അംഗങ്ങൾ ഉൾപ്പെടുന്ന ജനറൽബോഡി യോഗമാണ് വ്യാഴാഴ്ച ചേർന്നത്. നേരത്തേ തീരുമാനിച്ചിരുന്നതിലും ഒരുമണിക്കൂർ വൈകി ആരംഭിച്ച യോഗത്തിൽ കെ.പി.സി.സി അധ്യക്ഷനെയും എ.ഐ.സി.സി അംഗങ്ങളെയും നിശ്ചയിക്കാൻ എ.ഐ.സി.സി പ്രസിഡന്‍റ് സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തുന്നെന്ന പ്രമേയം രമേശ് ചെന്നിത്തലയാണ് അവതരിപ്പിച്ചത്.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, നേതാക്കളായ കെ. മുരളീധരൻ, എം.എം. ഹസൻ, കെ.സി. ജോസഫ്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ പിന്താങ്ങി. യോഗത്തിൽ സംബന്ധിച്ചവരെല്ലാം പ്രമേയത്തോട് യോജിച്ചതോടെ ഐകകണ്ഠ്യേന അംഗീകരിച്ചു.
സമവായത്തിന്‍റെ ഭാഗമായി കെ. സുധാകരനെ വീണ്ടും കെ.പി.സി.സി അധ്യക്ഷനാക്കാൻ സംസ്ഥാന നേതാക്കൾക്കിടയിൽ ധാരണയുണ്ട്. അതിനാൽ കെ.പി.സി.സി അധ്യക്ഷനെ തീരുമാനിക്കാൻ മുൻകാലങ്ങളിലേതുപോലെ എ.ഐ.സി.സി പ്രസിഡന്‍റിനെ ചുമതലപ്പെടുത്തുന്ന പ്രമേയം അംഗീകരിച്ച് ജനറൽ ബോഡി യോഗം പിരിയുമെന്ന് നേരത്തേ വ്യക്തമായിരുന്നു. പ്രമേയത്തിന്‍റെ അടിസ്ഥാനത്തിൽ എ.ഐ.സി.സി പ്രസിഡന്‍റ് ഉടൻ തീരുമാനമെടുക്കുമെന്ന് യോഗത്തിനു ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ ജി. പരമേശ്വര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.