കെ.പി.സി.സി പുനഃസംഘടന മാർച്ചിൽ
text_fieldsകൊച്ചി: കെ.പി.സി.സി പുനഃസംഘടന മാർച്ചിൽ പൂർത്തിയാക്കാൻ നിർവാഹക സമിതി തീരുമാനം. മാർച്ച് 15നകം നടപടികൾ അന്തിമഘട്ടത്തിലെത്തിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് അനാവശ്യ ചർച്ചകളിലേക്കും വിവാദങ്ങളിലേക്കും പോകരുത്. നേതാക്കൾ തമ്മിലുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ പാർട്ടിയുടെ സമരപരിപാടികളെ ബാധിക്കരുതെന്നും നിർദേശം നൽകി. നികുതി ബഹിഷ്കരണ ആഹ്വാനത്തിൽനിന്ന് പിൻമാറാനും യോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ നേതാക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടെന്ന ചർച്ചകൾ നല്ലതല്ല. നികുതി വർധന പിൻവലിക്കാത്ത സർക്കാറിനെതിരെ സമരം ശക്തമാക്കും.
സമരകാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും രണ്ട് തട്ടിലായതാണ് യോഗത്തിൽ ചർച്ചയായത്. കെ. സുധാകരൻ ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ നികുതി ബഹിഷ്കരണ ആഹ്വാനം പാർട്ടിയിൽനിന്നുണ്ടാകുമെന്ന് പറഞ്ഞപ്പോൾ, അത് കോൺഗ്രസിന്റെ രീതിയല്ലെന്നും ഏത് സാഹചര്യത്തിലാണ് അധ്യക്ഷൻ അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും സതീശൻ പ്രതികരിച്ചു.
പിന്നീട് രണ്ടുപേരും പറഞ്ഞത് ഒന്നാണെന്ന വിശദീകരണമുണ്ടായി. ഇത് സംബന്ധിച്ച് കെ.പി.സി.സി നിർവാഹക സമിതി യോഗത്തിൽ ആശയവ്യക്തതയുണ്ടാകുമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു. ഞായറാഴ്ച യോഗത്തിന്റെ തുടക്കത്തിൽ തന്നെ ഇത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന ആവശ്യം നേതാക്കൾ ഉന്നയിച്ചു. രണ്ട് തരത്തിലുള്ള അഭിപ്രായം പാർട്ടിക്കുള്ളിലുണ്ടെന്ന രീതിയിൽ പുറത്ത് ചർച്ച നടക്കുന്നത് ഗുണം ചെയ്യില്ലെന്നും അവർ വ്യക്തമാക്കി. ഇതോടെയാണ് ആശയക്കുഴപ്പമുണ്ടാക്കുന്ന ചർച്ചകളിൽനിന്ന് വിട്ടുനിൽക്കണമെന്ന അഭിപ്രായമുയർന്നത്.
കേരളത്തിൽ പാർട്ടിക്ക് അനുകൂല കാലാവസ്ഥയാണുള്ളതെന്നും എന്നാൽ, അത് നേതാക്കൾ മനസ്സിലാക്കുന്നില്ലെന്നും വിമർശനം ഉയർന്നു. ഹാഥ് സേ ഹാഥ് അഭിയാന്റെ ഭാഗമായി തങ്ങളുടെ പ്രദേശത്ത് ഭവന സന്ദർശന പരിപാടിയിൽ പങ്കെടുക്കാത്ത ഒരു നേതാക്കളുമുണ്ടാകരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. മൂന്ന് മാസത്തേക്ക് ബൂത്തുകളിലേക്ക് പ്രവർത്തനം കേന്ദ്രീകരിക്കണം.
അങ്ങനെ ചെയ്യാത്തവരുടെ വിവരം നേതൃത്വത്തിന് റിപ്പോർട്ട് ചെയ്യണം. രാപ്പകൽ സമരത്തിനുശേഷം തുടർപ്രക്ഷോഭ പരിപാടികൾ 15ന് യോഗം ചേർന്ന് ആലോചിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.