കെ.പി.സി.സി: രണ്ടാം പട്ടികയും ഹൈക്കമാൻഡ് വെട്ടി
text_fieldsന്യൂഡൽഹി: ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ‘തിരക്കഥ’ എഴുതി എം.എം. ഹസൻ ‘സംവിധാനം’ ചെയ്ത കെ.പി.സി.സി ഭാരവാഹിപട്ടിക ഹൈകമാൻഡ് രണ്ടാമതും വെട്ടി. മൂന്നുപേർക്കും സവിശേഷ താൽപര്യമുള്ളവരെ കേന്ദ്രീകരിച്ചുനിൽക്കുന്ന പട്ടിക കോൺഗ്രസിനെ നന്നാക്കാനല്ല, രണ്ട് ഗ്രൂപ്പു നേതാക്കളെ തൃപ്തിപ്പെടുത്താൻ മാത്രമാണെന്ന് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എം.പിമാരോട് തുറന്നടിച്ചു.
കേരളത്തിലെ ഗ്രൂപ്പുകൾ വ്യക്തിതാൽപര്യത്തിനുവേണ്ടിയാണെന്നും ഗ്രൂപ്പുകളുടെ അപ്രമാദിത്തം അംഗീകരിക്കാൻ പറ്റില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഗ്രൂപ്പുകളുടെ അടിത്തറ ആശയപരമല്ല, വ്യക്തിപരമാണ്. ആവശ്യം വരുേമ്പാൾ ഒന്നിച്ചുനിന്ന് ഇഷ്ടമല്ലാത്തവരെ ഒഴിവാക്കുന്നതാണ് പ്രബല ഗ്രൂപ്പുകളുടെ രീതി. ഇത്തരം പ്രവണത വെച്ചുപൊറുപ്പിക്കാൻ പറ്റില്ലെന്നും രാഹുൽ വ്യക്തമാക്കി. എ, െഎ ഗ്രൂപ്പുനേതാക്കളുടെ താൽപര്യം മാത്രം പരിഗണിക്കുന്നതാണ് 282 അംഗ പി.സി.സി ഭാരവാഹിപട്ടികയെന്നും തങ്ങളുടെ വാദമുഖങ്ങൾ കണക്കിലെടുക്കാൻ പോലും തയാറാകുന്നില്ലെന്നും പരാതിപ്പെട്ട് നിരവധി എം.പിമാർ വീണ്ടും സമീപിച്ചപ്പോഴാണ് രാഹുൽ തുറന്നടിച്ചത്.
മുതിർന്നനേതാക്കളായ എ.കെ. ആൻറണി, തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്കും ഇതേ അഭിപ്രായമാണ്. കെ.പി.സി.സി മുൻപ്രസിഡൻറ് വി.എം. സുധീരനും ഗ്രൂപ് വീതംവെപ്പിനെതിരെ ഹൈകമാൻഡിന് കത്തയച്ചിരുന്നു. ഫലത്തിൽ പട്ടിക വീണ്ടും പുതുക്കേണ്ടി വരും. വനിതാപ്രാതിനിധ്യം കൂേട്ടണ്ടി വരും. എം.പിമാർ നിർദേശിക്കുന്ന ചിലരെ നിർബന്ധമായും പരിഗണിക്കേണ്ടി വരും. അതുകൊണ്ട് പട്ടികപ്രഖ്യാപനം വൈകും. സോണിയ ഗാന്ധിയിൽ നിന്ന് രാഹുൽ ഗാന്ധിയിലേക്ക് തലമുറമാറ്റത്തിന് കോൺഗ്രസ് ഒരുങ്ങുേമ്പാൾ, ഒത്തുകളിയും അതിനോടുള്ള എതിർപ്പും മൂലം തെരഞ്ഞെടുപ്പുപ്രക്രിയ പൂർത്തിയാക്കാത്ത ഏക സംസ്ഥാനമെന്ന ‘ബഹുമതി’യാണ് കേരളത്തിന് കിട്ടിയിരിക്കുന്നത്. അടുത്തയാഴ്ചയെങ്കിലും പട്ടിക അംഗീകരിക്കാനുള്ള ചർച്ചകളിലാണ് സംസ്ഥാന ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, സംസ്ഥാന വരണാധികാരി സുദർശന നാച്ചിയപ്പൻ എന്നിവർ.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒത്തുപിടിച്ച് ഏതു പട്ടികയുടെയും അലകും പിടിയും തീരുമാനിക്കുന്ന രീതിയാണ് പി.സി.സി ഭാരവാഹികളെ നിശ്ചയിക്കുന്ന ഘട്ടമെത്തിയേപ്പാൾ പൊളിഞ്ഞത്. ഹൈകമാൻഡുമായി അടുത്ത ബന്ധമുള്ള കെ.വി. തോമസ്, പി.ജെ. കുര്യൻ, ശശി തരൂർ, പി.സി. ചാക്കോ, കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ, എം.കെ. രാഘവൻ തുടങ്ങിയവരുടെ താൽപര്യങ്ങളും എ.കെ. ആൻറണി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ എന്നിവരുടെ മനോഗതിയും കടത്തിവെട്ടാൻ ഉമ്മൻ ചാണ്ടി-ചെന്നിത്തല പങ്കുവെക്കൽരാഷ്ട്രീയത്തിന് കഴിയുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.