ചേലക്കരയിലും കോൺഗ്രസിൽ പൊട്ടിത്തെറി; എൻ.കെ സുധീർ സ്വതന്ത്രനായി മത്സരിക്കും, പിന്തുണയുമായി പി.വി. അൻവർ
text_fieldsതൃശൂർ: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കെ.പി.സി.സി മുൻ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ എൻ.കെ സുധീർ. പി.വി അൻവറിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെയുടെ പിന്തുണയോടെയാകും മത്സരിക്കുക. ചേലക്കരയിൽ രമ്യാ ഹരിദാസിനൊപ്പം സുധീറിനെയും കോൺഗ്രസ് പരിഗണിച്ചിരുന്നു. തെരഞ്ഞെടുപ്പ് അറിയിപ്പ് വന്നയുടൻ രമ്യയുടെ പേര് കോൺഗ്രസ് പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണ് സുധീർ അൻവറുമായി സഹകരിച്ച് മത്സരിക്കാൻ തീരുമാനിച്ചത്. തന്നെ പാർട്ടി നേതൃത്വം അവഗണിക്കുകയാണെന്നാണ് സുധീറിന്റെ ആരോപണം. പി.വി അൻവറുമായി കൂടിക്കാഴ്ച നടത്തിയതായി അദ്ദേഹം സ്ഥിരീകരിച്ചു. നാളെ കോൺഗ്രസിന്റെ എല്ലാ പദവികളും ഒഴിയുമെന്നും പ്രചാരണം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽനിന്ന് സുധീർ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പി. സരിൻ ഇടത് പിന്തുണയോടെ മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ചേലക്കരയിലും പാളയത്തിൽ പട.
വരവൂർ പഞ്ചായത്തിലെ മാലിന്യ പ്ലാന്റിനെതിരെ സമരംചെയ്യുന്ന ആക്ഷൻ കൗൺസിലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എത്തിയ അൻവർ, ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ഡി.എം.കെ സ്വതന്ത്ര സ്ഥാനാർഥി മത്സരിക്കുമെന്ന് അറിയിച്ചിരുന്നു. ആക്ഷൻ കൗൺസിൽ ചെയർമാനും വരവൂർ പഞ്ചായത്ത് അംഗവും മുൻ സി.പി.ഐ നേതാവുമായ സി.യു. അബൂബക്കറിന്റെ അഭ്യർഥനപ്രകാരമാണ് തളിയിൽ പ്രവർത്തിക്കുന്ന മാലിന്യ പ്ലാന്റ് ആക്ഷൻ കൗൺസിലിന് പിന്തുണയുമായി പി.വി അൻവർ എത്തിയത്.
ജനവാസ പ്രദേശത്ത് മലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന അറവുമാലിന്യ പ്ലാന്റിന്റെ പ്രവർത്തനം തടയാൻ ആക്ഷൻ കൗൺസിൽ നടത്തുന്ന നിയമനടപടികൾക്കും സമരങ്ങൾക്കും ഡി.എം.കെയുടെ പിന്തുണയുണ്ടാകുമെന്ന് പി.വി. അൻവർ അറിയിച്ചു. സഹായിക്കുന്നവരെ തിരിച്ച് സഹായിക്കുമെന്ന് സി.യു. അബൂബക്കർ അറിയിച്ചു. സി.പി.ഐ മുൻ ജില്ല കമ്മിറ്റിയംഗമായിരുന്ന സി.യു. അബൂബക്കർ ഇപ്പോൾ പാർട്ടിയുമായി അകന്നുനിൽക്കുകയാണ്. ആക്ഷൻ കൗൺസിൽ നേതാക്കളായ വിപിൻ കൂടിയേടത്ത്, മുൻ ബ്ലോക്ക് പഞ്ചായത്തംഗം ഹനീഫ കൊക്കത്ത്, സാമൂഹിക പ്രവർത്തകൻ ഫസലു എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.