രാഹുലിന് വൻ സ്വീകരണമൊരുക്കാൻ കെ.പി.സി.സി
text_fieldsതിരുവനന്തപുരം: ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കപ്പെട്ടശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് വൻ സ്വീകരണം നൽകാൻ കെ.പി.സി.സി നിർവാഹകസമിതി യോഗം തീരുമാനിച്ചു. രാഹുൽ എത്തുന്ന ഏപ്രിൽ 11ന് സംഘടിപ്പിക്കുന്ന റാലിയിൽ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും. സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിക്കുന്ന 13ന് മണ്ഡലംതലത്തില്‍ നൈറ്റ്മാര്‍ച്ച് സംഘടിപ്പിക്കും.
മോദിയുടെ പ്രവൃത്തികള്‍ ചോദ്യം ചെയ്ത് പോഷക സംഘടനകളുടെയും സെല്ലുകളുടെയും നേതൃത്വത്തില്‍ പൊതുജനങ്ങളുടെ സഹായത്തോടെ ഏപ്രില്‍ 10 മുതല്‍ പോസ്റ്റല്‍ കാര്‍ഡ് പ്രചാരണം സംഘടിപ്പിക്കും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഏപ്രില്‍ 10 മുതല്‍ 25 വരെ ജയ് ഭാരത് സത്യഗ്രഹം സംഘടിപ്പിക്കും.
ഏപ്രില്‍ 26 മുതല്‍ മേയ് 10 വരെ ജില്ല ആസ്ഥാനത്തും മേയ് 11നും 25നുമിടയില്‍ സംസ്ഥാനതലത്തിൽ കൊച്ചി കേന്ദ്രീകരിച്ചും ജയ് ഭാരത് സത്യഗ്രഹം നടത്തും. കെ.പി.സി.സിയുടെ ഫണ്ട് ശേഖരണ പദ്ധതിയായ 138 രൂപ ചലഞ്ചില്‍ ചില ജില്ലകള്‍ ഇനിയും ലക്ഷ്യം കൈവരിച്ചിട്ടില്ലെന്ന് വിലയിരുത്തിയ യോഗം പരിപാടി ഒരു മാസത്തേക്ക് നീട്ടി. സമര പരമ്പരകള്‍ക്ക് എ.ഐ.സി.സി രൂപം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ മേയ് നാലിന് നടത്താന്‍ തീരുമാനിച്ചിരുന്ന സെക്രട്ടേറിയറ്റ് വളയല്‍ മാറ്റിവെക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.