കെ.പി.സി.സി ദ്വിദിന നേതൃ ക്യാമ്പ് ഇന്നുമുതൽ വയനാട്ടിൽ
text_fieldsകൽപറ്റ: സമകാലിക രാഷ്ട്രീയ വിഷയങ്ങളും സംഘടനാ ദൗത്യങ്ങളും ചര്‍ച്ചചെയ്യാന്‍ കെ.പി.സി.സി ദ്വിദിന നേതൃ ക്യാമ്പ് ചൊവ്വാഴ്ച സുൽത്താൻ ബത്തേരിയിൽ ആരംഭിക്കും. ഒരുവര്‍ഷം നീളുന്ന പാര്‍ട്ടിയുടെ കർമപരിപാടികളും രാഷ്ട്രീയ തന്ത്രങ്ങളും ഇതില്‍ ആവിഷ്കരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞു. ആദ്യദിനം രാഷ്ട്രീയ നിലപാടുകള്‍ക്ക് രൂപം നല്‍കും.
അഴിമതി ആരോപണങ്ങളില്‍ ആടിയുലയുന്ന പിണറായി സര്‍ക്കാറിനെതിരെ ജനരോഷം ആളിക്കത്തുന്ന സാഹചര്യമാണുള്ളത്. എ.ഐ കാമറ, കെ-ഫോണ്‍ തുടങ്ങിയ വലിയ അഴിമതിക്കള്‍ക്കെതിരെയും നികുതിരാജിനെതിരെയും ശക്തമായ പ്രക്ഷോഭ, പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക സംഘടനകളെ സ്വാധീനിക്കാനും ദുരുപയോഗിക്കാനും സംഘ്പരിവാര്‍ നടത്തുന്ന ശ്രമങ്ങളുടെ പൊള്ളത്തരം ജനങ്ങളിലേക്ക് എത്തിക്കാനും അവയെ പ്രതിരോധിക്കാനും ആവശ്യമായ നടപടികള്‍ ചര്‍ച്ചചെയ്ത് രൂപം നല്‍കും. കോണ്‍ഗ്രസിന്റെ സംഘടനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗരേഖയുണ്ടാക്കും. പുനഃസംഘടന ഈ മാസം പൂര്‍ത്തിയാകുന്ന അവസ്ഥയിലേക്ക് പുരോഗമിച്ചിട്ടുണ്ട്. പോഷകസംഘടനകള്‍, സെല്ലുകള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവക്ക് വ്യക്തമായ പ്രവര്‍ത്തന പദ്ധതിക്ക് രൂപംനല്‍കും. പ്രവര്‍ത്തന കലണ്ടർ ഉണ്ടാക്കും.
രണ്ടാംദിനം 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളും തയാറെടുപ്പുകളും നടത്തുന്നതിനായി വിനിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലീഡേഴ്സ് മീറ്റില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍ എം.പി, താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാള്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രചാരണ സമിതി ചെയര്മാന് കെ. മുരളീധരന് എം.പി എന്നിവരും കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവരും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.