മോദിയെ പ്രകീര്‍ത്തിച്ച കെ.വി തോമസിനോട് കെ.പി.സി.സി വിശദീകരണം തേടി VIDEO
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച കോൺഗ്രസ് നേതാവും എം.പിയുമായ കെ.വി തോമസിനോട് കെ.പി.സി.സി വിശദീകരണം തേടി. തന്‍റെ തീരുമാനങ്ങളെയും നടപടികളെയും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിയുന്ന മികച്ച ഭരണാധികാരിയാണ് മോദിയെന്ന് കെ.വി. തോമസിന്‍റെ പ്രസ്താവനയാണ് പാർട്ടി തലത്തിൽ വിശദീകരണം ചോദിക്കാൻ വഴിവെച്ചത്. സ്വന്തം പാർട്ടിയായ കോൺഗ്രസിന്‍റെ നേതാക്കളേക്കാൾ താൻ കൂടുതൽ കംഫർട്ടബിളാകുന്നത് മോദിയുമായി ആശയ വിനിമയം നടത്തുമ്പോഴാണെന്നാണ് കേരള മാനേജ്‌മെന്‍റെ അസോസിയേഷന്‍റെ ദേശീയ മാനേജ്മെന്‍റ് സമ്മേളനത്തിന്‍റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യവെ കെ.വി തോമസ് അഭിപ്രായപ്പെട്ടത്.
നരേന്ദ്ര മോദിയുടെ ഭരണത്തെ പുകഴ്ത്തിട്ടില്ലെന്ന് കെ.വി തോമസ് മാധ്യമങ്ങളോട് വിശദീകരിച്ചു. ഭരണത്തിലെ വീഴ്ചകളെ പോലും കൈകാര്യം ചെയ്യുന്ന കഴിവിനെക്കുറിച്ചാണ് പറഞ്ഞത്. കേട്ടവര്‍ തെറ്റിദ്ധരിച്ചതാകാം. പ്രസംഗത്തെപ്പറ്റി കെ.പി.സി.സി അധ്യക്ഷനോടും പ്രതിപക്ഷ നേതാവിനോടും വിശദീകരിച്ചതായും കെ.വി തോമസ് വ്യക്തമാക്കി. കേരള മാനേജ്മെന്‍റ് അസോസിയേഷന്‍റെ യോഗത്തിൽ ഞാൻ ഇംഗ്ലിഷിൽ നടത്തിയ പ്രസംഗം ചില മാധ്യമങ്ങളിൽ തെറ്റിദ്ധാരണ ജനകമായ വിധത്തിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനദ്രോഹപരമായ തെറ്റായ തീരുമാനങ്ങൾ എടുക്കുകയും എന്നാൽ അവ മാനേജ്മെന്‍റ് സ്കില്ലോടു കൂടി നടപ്പിലാക്കുന്നുവെന്നുമാണ് ഞാൻ പറഞ്ഞത്. അദ്ദേഹം നല്ലൊരു ഭരണ കർത്താവല്ല. മാധ്യമങ്ങളെയും ജുഡീഷ്യറിയെ പോലും തന്‍റെ മാനേജ്മെന്‍റ് സ്കില്ലിലൂടെ അനുകൂലമായി വരുതിയിലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. നല്ലൊരു ഭരണ കർത്താവല്ലെങ്കിലും തന്‍റെ മാനേജ്മെന്‍റ് സ്കില്ലിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുന്നോട്ടു പോകുന്ന നരേന്ദ്ര മോദിയുടെ പ്രവർത്തനം എങ്ങിനെയാണെന്നത് മാനേജ്മെന്‍റ് വിദ്യാർഥികൾക്ക് പoന വിധേയമാക്കാമെന്നുമാണ് ഞാൻ പ്രസ്താവിച്ചതെന്നും കെ.വി തോമസ് ഫേസ്ബുക്കിൽ കുറിച്ചു.
മോദിയെ അനുകൂലിച്ചില്ലെന്നാണ് കെ.വി തോമസ് വിശദീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
"നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയവയിലൊക്കെ തന്‍റെ നിലപാട് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ മോദിക്കു സാധിച്ചു. അതിലെ ശരിതെറ്റുകളോ രാഷ്ട്രീയമോ അല്ല പറയുന്നത്. ഭരണനിർവഹണം എന്നതു ശാസ്ത്രീയമായ ഒരു സാങ്കേതികവിദ്യയാണ്. അക്കാര്യത്തിൽ മോദി വിദഗ്ധനാണ്. പി.എ.സി ചെയർമാനായിരിക്കെ നോട്ട് നിരോധന കാര്യത്തിൽ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി. ഡിസംബർ 31നു മുൻപ് എല്ലാം ശരിയാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. അതുപോലെ തന്നെ സംഭവിച്ചു. രാജ്യത്തു കലാപമൊന്നുമുണ്ടായില്ല. ജനങ്ങളെ വിശ്വസിപ്പിക്കാൻ മോദിക്കു കഴിയുന്നുണ്ട്. ബോഫോഴ്‌സ് മുതലിങ്ങോട്ട് ഒട്ടേറെ പ്രശ്‌നങ്ങളെ കോൺഗ്രസ് നേരിട്ടു. എന്നാൽ, എല്ലാ പ്രശ്‌നങ്ങളെയും മോദി സവിശേഷമായ മാനേജ്‌മെന്‍റ് ടെക്‌നിക് ഉപയോഗിച്ചു കൈകാര്യം ചെയ്യുന്നു. മാധ്യമങ്ങൾ, നീതിന്യായ വ്യവസ്ഥ എന്നിവയിലെല്ലാം നാലു കൊല്ലമായി മോദിയുടെ ഈ വൈദഗ്ധ്യം കാണാം. രാഷ്ട്രീയമായും ആശയപരമായും മോദിയെ മിക്ക കാര്യങ്ങളിലും എതിർക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ഈ സവിശേഷത കാണാതിരിക്കാനാവില്ലെന്നും കെ.വി. തോമസ് അഭിപ്രായപ്പെട്ടത്."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.