കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബത്തിന് കെ.പി.സി.സി 15 ലക്ഷം നൽകും
text_fieldsമാനന്തവാടി: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബത്തിന് കെ.പി.സി.സി 15 ലക്ഷം നൽകും. കർണാടക സർക്കാർ പ്രഖ്യാപിച്ച 15 ലക്ഷം രൂപ നഷ്ടപരിഹാരത്തുക അജീഷിന്‍റെ കുടുംബം നിരസിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെയും കെ.സി വേണുഗോപാലിന്‍റെയും ഇടപെടലുകളെ തുടർന്നാണ് കർണാടക സർക്കാർ അജീഷിന്‍റെ കുടുംബത്തിന് 15 ലക്ഷം രൂപ ധനഹായം പ്രഖ്യാപിച്ചത്. എന്നാൽ കർണാടക ബി.ജെ.പി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ഉൾപ്പെടെയുള്ളവർ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയെ പ്രീതിപ്പെടുത്തുന്നത് ലജ്ജാകരമായ പ്രവൃത്തിയാണെന്നും അതിനു വേണ്ടിയാണ് കർണാടക സർക്കാർ ശ്രമിക്കുന്നതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
ബി.ജെ.പി നിലപാടിൽ പ്രതിഷേധിച്ചാണ് കർണാടകയുടെ 15 ലക്ഷം അജീഷിന്‍റെ കുടുംബം വേണ്ടെന്ന് വെച്ചത്. ധനസഹായത്തിനായി ഇടപെട്ട രാഹുൽ ഗാന്ധി എം.പിക്കും കർണാടക സർക്കാറിനും നന്ദി അറിയിച്ച കുടുംബം, ബി.ജെ.പിയുടേത് മനുഷ്യത്വരഹിത നടപടിയാണെന്നും വേട്ടക്കാരനൊപ്പം ഓടുകയും മുയലിനൊപ്പം കരയുകയും ചെയ്യുന്ന നടപടി കാപട്യമെന്നും കുറ്റപ്പെടുത്തിയിരുന്നു.
രാഹുൽ ഗാന്ധിയുടെയും കെ.സി വേണുഗോപാലിന്‍റെയും നിർദേശം തങ്ങൾ നിർവഹിക്കുമെന്നും, കാട്ടാനയുടെ ആക്രമണത്തിൽ അനാഥമായ ആ കുടുംബത്തെ ചേർത്ത് നിർത്തുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പത്രസമ്മേളനത്തിൽ അറിയിച്ചു.
ബി.ജെ.പിയുടേത് ഹീനവും മനുഷ്യത്വ രഹിതവുമായ നടപടിയാണെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു. കെ.പി.സി.സി നൽകുന്ന ധനസഹായത്തിന് വേണ്ടുന്ന കോർഡിനേഷൻ പ്രവർത്തനങ്ങൾ കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് ടി.സിദ്ദീഖ് എം.എൽ.എ നിർവഹിക്കുമെന്നും കെ.പി.സി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.