കെ-ഫോൺ: 6500 കിലോമീറ്ററിലധികം പണി പൂര്‍ത്തിയായി
text_fieldsതിരുവനന്തപുരം: അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള കെ-ഫോണ്‍ പദ്ധതിക്കായി 7556 കി.മീ ബാക്ക് ബോണ്‍ സ്ഥാപിക്കാനുള്ളതില്‍ 6500 കിലോമീറ്ററിലധികം പണി പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. 26,057 കണക്ഷന് നല്‍കുന്നതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. 11,832 ഇടത്ത് ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഈ പ്രവൃത്തികള്‍ മാര്‍ച്ച് 31ന്കം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ശരിയായ ട്രാക്കിൽ തന്നെയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാർ ശരിയായ ട്രാക്കിൽ തന്നെയാണെന്നും ഒരു പാളംതെറ്റലും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ ധനാഭ്യർഥന ചർച്ചയിൽ പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പശ്ചാത്തല സൗകര്യ വികസന പദ്ധതികളെ കാര്യക്ഷമമായി ചലിപ്പിക്കുന്ന സർക്കാറിനെ കട്ടപ്പുറത്തെ സർക്കാർ എന്ന് വിശേഷിപ്പിക്കുന്നവർ കട്ടപ്പുറത്തായ പദ്ധതികളെ ചലിപ്പിച്ച സർക്കാറാണെന്ന് മാറ്റിപ്പറയണം. മൂലധന ചെലവുകൾക്കായി സർക്കാർ ഉൾക്കാഴ്ചയോടെ നടപ്പാക്കുന്ന പദ്ധതികളെ സാമ്പത്തിക സ്രോതസ്സുകൾ ഞെരുക്കി തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അതിനെ പിന്തുണക്കുകയാണ് കോൺഗ്രസും യു.ഡി.എഫും ചെയ്യുന്നത്.
സർക്കാറിന്റെ പ്രവർത്തനങ്ങളെ വിമർശനാത്മകമായി കാണുന്നതും പോരായ്മകൾ ജനങ്ങൾക്ക് മുമ്പാകെ കൊണ്ടുവരുന്നതും പ്രതിപക്ഷ കടമയാണ്. പക്ഷേ, സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് അനുമതി നൽകരുതെന്ന് കേന്ദ്ര സർക്കാറിന് മുന്നിൽ വാദിക്കുന്നത് പ്രതിപക്ഷ കടമയല്ല, ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കിഫ്ബി പോലുള്ള സ്ഥാപനങ്ങൾ കേന്ദ്ര സർക്കാറിനുമുണ്ട്. എന്നാൽ, കേരളത്തിന് ഇതൊന്നും പാടില്ല എന്നാണ് കേന്ദ്ര സമീപനം. അതിനെയാണ് ഇവിടത്തെ കോൺഗ്രസ് പിന്തുണക്കുന്നത്.
കേരളത്തിൽ ബി.ജെ.പിക്ക് ഇടം ഇല്ലാതാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ വാദം തമാശയാണ്. ബി.ജെ.പിക്ക് കേരളത്തിൽ നേരത്തേ ഇടമുണ്ടായത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാം. അത് ഇല്ലാതാക്കിയത് വി. ശിവൻകുട്ടിയാണ്. എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥക്ക് വലിയ സ്വീകാര്യത ലഭിക്കുന്നു. അതുകണ്ട് പ്രതിപക്ഷം വല്ലാതെ വിഷമിക്കേണ്ടതില്ല. ആർ.എസ്.എസ് നടത്തുന്ന കൊലപാതകങ്ങളിൽ ഇപ്പോൾ കുറവു വന്നിട്ടുണ്ട്. അതിൽ പ്രതിപക്ഷ നേതാവിന് എന്തോ വിഷമം ഉള്ളതുപോലെ തോന്നുന്നു. ജനക്ഷേമ പരിപാടികളില്‍നിന്നും സര്‍ക്കാര്‍ ഒരിഞ്ചുപോലും പിന്നോട്ടുപോയിട്ടില്ല. ഇതിനായി വരുമാനം കണ്ടെത്താന്‍ ചില ധനാഗമ മാര്‍ഗങ്ങള്‍ തേടുമ്പോള്‍ അതിനെതിരെ വാളോങ്ങുകയാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.