കെ.പി.എം.എസ് വീണ്ടും ഭൂമിക്ക് വേണ്ടി പ്രക്ഷോഭം ആരംഭിക്കുമെന്ന് പുന്നല ശ്രീകുമാർ
text_fieldsകോഴിക്കോട് : കെ.പി.എം.എസ് വീണ്ടും ഭൂമിക്ക് വേണ്ടി പ്രക്ഷോഭം ആരംഭിക്കുമെന്ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. നവംമ്പർ ഒന്നിന് കോട്ടയത്ത് നെഹ്റു സ്റ്റേഡിയത്തിൽ വിപുലമായ അവകാശ പ്രഖ്യാപന കൺവെൻഷൻ നടത്തും. ഇതുവരെ കാണാത്ത വലിയ പ്രക്ഷോഭത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം 'മാധ്യമം ഓൺലൈ'നോട് പറഞ്ഞു.
ദലിത് - ആദിവാസി വിഭാഗങ്ങളുടെ ഭൂരാഹിത്യം പരിഹരിക്കുന്നതിന് വിദേശ തോട്ടം ഭൂമി നിയമനിർമാണത്തിലൂടെ ഏറ്റെടുക്കണം. 1970ൽ സി. അച്യുതമേനോൻ സർക്കാർ വിദേശതോട്ടം ഏറ്റെടുക്കുന്നതിന് ഒാർഡിനൻസ് പിറപ്പെടുവിച്ചിരുന്നു. ഹാരിസൺസ് ഭൂമിയെക്കുറിച്ച് റവന്യൂ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരനും തുടർന്ന് എം.ജി രാജമാണിക്യവും സർക്കാരിന് റിപ്പോർട്ടും നൽകിയിരുന്നു.
രാജമാണി ക്യം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദേശ തോട്ടം ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ നിയമനിർമാണത്തെക്കുറിച്ച് അടിയന്തരമായി ആലോചിക്കണം. കേരളത്തിന്റെ കാർഷികമേഖലയുടെ വികാസത്തിന് അത് ആവശ്യമാണ്. അതിലൂടെ ആദിവാസി - ദലിത് വിഭാഗങ്ങളുടെ ഭൂരാഹിത്യത്തിന് പരിഹാരവുമുണ്ടാക്കാം.
ഭൂമി ഏറ്റെടുക്കുന്നിതിന് നിയമ തടസമില്ലെന്ന് നിയമവിദഗ്ധർ തന്നെ അഭിപ്രായപ്പെട്ടിരുന്നു. അതുപോലെ എസ്.സി.പി - ടി.എസ്.പി ഫണ്ട് വിനിയോഗിക്കുന്നത് പട്ടിജാതി-വർഗ വിഭാഗങ്ങളുടെ ജീവിത പുരോഗതിക്ക് ഉപകരിക്കണം. തൊഴില്ലായ്മ പരിഹരിക്കുന്നതിന് പുതിയ പദ്ധതികൾ ആവശ്യമാണ്. ചെങ്ങറ, അരിപ്പ, മുത്തങ്ങ തുടങ്ങിയ സമരങ്ങളിൽ പങ്കെടുത്തവർക്ക് ഭൂമി നൽകാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചുവെങ്കിലും അത് നടപ്പായില്ല.
പട്ടിജാതി വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭിക്കുന്നില്ല. സ്പെഷ്യൽ റിക്യൂട്ട്മെന്റ് ഇപ്പോഴും പാതി വഴിയലാണ്. എയ്ഡഡ് മേഖലയിൽ സംവരണം നടപ്പാക്കണമെന്നും ആവശ്യപ്പെടും. ഭൂമി, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം. അവകാശ പ്രക്ഷോഭ കൺവെൻഷനിൽ ദലിത് -ആദിവാസി സംഘടനകളും ചെങ്ങറ, അരിപ്പ അടക്കമുള്ള സമര പോരാളികളെയും പങ്കെടുപ്പിക്കുമെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.