കെ.പി.പി.എൽ: അസംസ്കൃതവസ്തുക്കൾ ലഭ്യമാക്കുന്നതിൽ വനംവകുപ്പിന് അലംഭാവം
text_fieldsകോട്ടയം: അസംസ്കൃത വസ്തുക്കളില്ലാത്തതിനാൽ ഉൽപാദനം നിർത്തിവെച്ചിട്ടും കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിന് (കെ.പി.പി.എൽ ) വിഭവങ്ങൾ ലഭ്യമാക്കാതെ വനംവകുപ്പ്. 40,000 ടൺ അസംസ്കൃത വസ്തുക്കൾ അനുവദിച്ച് ഉത്തരവായെങ്കിലും തുടർനടപടി ഇഴയുകയാണ്. കാലതാമസം ഒഴിവാക്കാൻ ടെൻഡർ നടപടി അടക്കം കമ്പനി നേരത്തേ പൂർത്തിയാക്കിയെങ്കിലും വകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടായിട്ടില്ല.
ഉദ്യോഗസ്ഥ അലംഭാവമാണ് കാരണമെന്നാണ് ആക്ഷേപം. നേരത്തേ വനംവകുപ്പ് 24,000 മെട്രിക് ടൺ തടി അനുവദിച്ചിരുന്നു. ഇതിൽ ഭൂരിഭാഗവും വെട്ടിയെടുത്തു. ദിവസങ്ങളായി കമ്പനിയിൽ ഉൽപാദനം നിർത്തിവെച്ചിരിക്കുകയാണ്. മഴക്കാലം ആരംഭിച്ചാൽ തടിവെട്ടൽ മുടങ്ങും. അതിനുമുമ്പ് വനവിഭവങ്ങൾ കിട്ടിയില്ലെങ്കിൽ കമ്പനി അനിശ്ചിതമായി അടച്ചിടേണ്ടിവരും.
ആറുമാസത്തേക്ക് അസംസ്കൃത വസ്തുക്കൾ നേരത്തേ സംഭരിച്ചുവെക്കാറാണ് പതിവ്. സർവകലാശാലകളിലെയും കോളജുകളിലെയും അക്കേഷ്യ, മാഞ്ചിയം മരങ്ങൾ വെട്ടാനും കമ്പനി അനുവാദം തേടിയിട്ടുണ്ട്. സോഷ്യൽ ഫോറസ്ട്രിയാണ് ഇതിന് അനുമതി നൽകേണ്ടത്.
വിവിധ പ്ലാന്റുകൾ നിർത്തിവെച്ച് യൂട്ടിലിറ്റി പ്ലാന്റ് മാത്രം പ്രവർത്തിപ്പിക്കുന്നതിനാൽ വൻ ധനനഷ്ടവും സംഭവിക്കുന്നു. പവർ ബോയ്ലർ അടങ്ങിയതാണ് യൂട്ടിലിറ്റി പ്ലാന്റ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പവർ ബോയ്ലറിൽ കൽക്കരി ഉപയോഗിച്ച് ഹൈ പ്രഷർ സ്റ്റീം നിർമിച്ചാണ് പൾപ്പുണ്ടാക്കുന്നത്.
പൾപ്പില്ലാത്തതിനാൽ പവർ ബോയ്ലറിൽ കോടികൾ വിലയുള്ള കൽക്കരി കത്തിച്ച് സ്റ്റീം ഉണ്ടാക്കി വെറുതെ പുറത്തുകളയുകയാണ് ഇപ്പോൾ ചെയ്യുന്നത്. എല്ലാ വർഷവും ഫാക്ടറി അടച്ചിട്ട് അറ്റകുറ്റപ്പണി ചെയ്യാറുണ്ട്. എന്നാൽ, പുതിയ കമ്പനി ആരംഭിച്ചതിൽ പിന്നെ സ്പെയർപാർട്സുകൾ ഇല്ലാത്തതിനാൽ ഈ പ്രവൃത്തി നടന്നിട്ടില്ല.
പഴയ സ്പെയർ പാർട്സുകളാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. നേരത്തേ കമ്പനിയിൽതന്നെ സ്പെയർപാർട്സ് സ്റ്റോർ ഉണ്ടായിരുന്നു. സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.
സംസ്ഥാന സർക്കാറിന്റെ അഭിമാനകരമായ ചുവടുവെപ്പുകളിലൊന്നാണ് കെ.പി.പി.എൽ. നഷ്ടത്തിലായതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കൈയൊഴിഞ്ഞ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് എന്ന പേരിൽ കോടികൾ ചെലവിട്ട് പുനഃസംഘടിപ്പിക്കുകയായിരുന്നു. 2022 മേയിലാണ് പ്രവർത്തനം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.