കേരളത്തിലെ പാഠപുസ്തകങ്ങളിൽ ബി.ജെ.പിയുടെ ചരിത്ര രചന രീതി -കെ.പി.എസ്.ടി.എ
text_fieldsതിരുവനന്തപുരം: പുരാണ സംഭവങ്ങളെ സാമൂഹിക നവോത്ഥാനവുമായി ബന്ധപ്പെടുത്തുന്ന രീതിയിലാണ് സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തക രചന നടത്തിയിരിക്കുന്നതെന്നും ഇത് ബി.ജെ.പിയുടെ ചരിത്ര രചന രീതിയാണെന്നും കോൺഗ്രസ് അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ. ഇത്തരം രചന രീതി പിന്തുടർന്നതുകൊണ്ടായിരിക്കാം ബി.ജെ.പി അനുകൂല സംഘടന പാഠപുസ്തക പരിഷ്കരണത്തെ അനുകൂലിച്ചതെന്നും കെ.പി.എസ്.ടി.എ ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ ചൂണ്ടിക്കാട്ടി.
ഒന്നാം ക്ലാസിലെ മലയാള പുസ്തകത്തിന്‍റെ അവസാനത്തെ പേജിലാണ് അക്ഷരമാല ചേർത്തത്. 2016 മുതൽ 2021 വരെ കേരളത്തിൽ ദാരിദ്ര്യം കുറഞ്ഞെന്ന് സൂചിപ്പിക്കുന്ന ഗ്രാഫ് ഏഴാം ക്ലാസിലെ പുസ്തകത്തിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഇത് കുറയാനുള്ള കാരണങ്ങൾ കുട്ടികളോട് ചോദിക്കുന്നു. പിണറായി സർക്കാറിന്‍റെ ഭരണത്തെ പുകഴ്ത്താൻ ലക്ഷ്യമിട്ടാണ് ഇത് ഉൾപ്പെടുത്തിയതെന്നും കെ.പി.എസ്.ടി.എ ആരോപിക്കുന്നു.
ഐകകണ്ഠ്യേനയാണ് കരിക്കുലം കമ്മിറ്റി പാഠപുസ്തകങ്ങൾ അംഗീകരിച്ചതെന്ന വിദ്യാഭ്യാസ മന്ത്രിയുടെ അവകാശവാദം തെറ്റാണെന്നും കമ്മിറ്റി അംഗം കൂടിയായ കെ.പി.എസ്.ടി.എ ജനറൽ സെക്രട്ടറി പറഞ്ഞു.
പാഠപുസ്തകങ്ങൾ കരിക്കുലം സബ്കമ്മിറ്റിയുടെ പരിഗണനക്ക് വന്നപ്പോൾ കെ.പി.എസ്.ടി.എ മാറ്റങ്ങൾ നിർദേശിക്കുകയും വിയോജിപ്പുകൾ അറിയിക്കുകയും ചെയ്തിരുന്നു. ഇവ അന്തിമ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയോ എന്ന് പോലും പരിശോധിക്കാൻ അവസരമില്ലാതെയാണ് അന്തിമ അംഗീകാരത്തിന് വന്നതെന്നും കെ.പി.എസ്.ടി.എ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.