വിപ്ലവ മണ്ണിലെ വീരപുത്രി
text_fields''വിപ്ലവ കേരളത്തിെൻറ വീരപുത്രി ഈ വാഹനത്തിനു പിന്നാലെ കടന്നുവരുന്നൂ...'' ഒരുകാലത്ത് കേരളത്തിെൻറ തെരുവുകളിൽ പൊടിപാറിച്ച് കടന്നുപോയ വാഹനത്തിലെ കോളാമ്പിമൈക്കിൽനിന്ന് ചീറ്റിത്തെറിച്ച വാക്കുകൾ. കളത്തിപ്പറമ്പിൽ രാമൻ ഗൗരിയമ്മ എന്ന കെ.ആർ. ഗൗരിയുടെ നൂറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിന് ഇതല്ലാതെ മറ്റൊരു വിശേഷണവും ചേരുമായിരുന്നില്ല. കൊടുങ്കാറ്റും പേമാരിയും തകർത്താടിയ കേരള രാഷ്ട്രീയത്തിൽ ഉലയാതെനിന്ന കൊടിമരമായിരുന്നു ഗൗരിയമ്മ.
ചുള്ളിക്കാട് എഴുതിയപോലെ 'തളരാത്ത ഗൗരി തകരാത്ത ഗൗരി...' മർദനങ്ങളിലും ഭീഷണികളിലും തിരസ്കാരങ്ങളിലുമെല്ലാം പതറാതെ നിന്ന വന്മരം.
ആ അനൗൺസ്മെൻറ് വാഹനത്തിനു പിന്നാലെ കടന്നുവന്ന ശുഭ്രവസ്ത്രധാരിയായ നേതാവിനെ മത്സ്യത്തൊഴിലാളികളും കയർത്തൊഴിലാളികളും കർഷകത്തൊഴിലാളികളും നെഞ്ചോട് ചേർത്തുപിടിച്ചു. അവരുടെ വിറയാർന്ന ശബ്ദത്തെ വികാരഭരിതമായി ഏറ്റുവാങ്ങി. കേരളം കണ്ട ഏറ്റവും ജനകീയ നേതാവായി ഗൗരിയമ്മയെ ആ ജനത ഏറ്റെടുത്തു.
പൊലീസുകാരുടെ കൊടുംക്രൂരതയിൽ നാടെങ്ങും വിറങ്ങലിച്ചുനിന്ന ഒരു കാലമുണ്ടായിരുന്നു. അതിനെതിരെ പ്രതികരിച്ചുകൊണ്ട് പൊതുപ്രവർത്തനമാരംഭിച്ച ഗൗരിയമ്മയോളം തീക്ഷ്ണമായ രാഷ്ട്രീയാനുഭവത്തിലൂടെ കടന്നുപോയ മറ്റൊരു വനിതയുമില്ല കേരള രാഷ്ട്രീയത്തിൽ.
കേരം തിങ്ങും കേരളനാട്ടിൽ ഒരിക്കൽ കെ.ആർ. ഗൗരി മുഖ്യമന്ത്രിയാകേണ്ടതായിരുന്നു. പക്ഷേ, പാർട്ടിക്കുള്ളിലെ കടുംവെട്ടുകളും പലരുടെയും അപ്രിയങ്ങളും ആ ചരിത്രത്തെ നിഷേധിച്ചു. ഗൗരിയമ്മയുടെ താൻപോരിമയായിരുന്നു അതിനൊക്കെ കാരണമായി നാലു പതിറ്റാണ്ടിലേറെ വിയർപ്പൊഴുക്കിയ പാർട്ടിപോലും കണ്ടെത്തിയ കുറ്റം. എന്താ എന്ന് ചോദിച്ചാൽ ഏതാടാ എന്നു ചോദിക്കുന്ന ഒരു നാട്ടു കാരണവത്തി എന്നും അവരിലുണ്ടായിരുന്നു. ഒരിക്കലും തോറ്റുകൊടുക്കാൻ അഭിമാനം സമ്മതിക്കാത്ത ഒരു പോരാളിയും.
സർ സി.പിയുടെ ഓഫർ
ചേർത്തലയിലെ സമ്പന്ന കുടുംബത്തിൽ ജനിച്ച ഗൗരിയമ്മയുടെ രാഷ്ട്രീയ പ്രവർത്തനത്തിെൻറ തുടക്കംപോലും പോരാട്ടമായിരുന്നു. ബി.എയും ബി.എല്ലും പാസായശേഷമായിരുന്നു അത്. കോൺഗ്രസുകാരനായ അച്ഛൻ കളത്തിപ്പറമ്പിൽ രാമെൻറ ആഗ്രഹം മകൾ ന്യായാധിപയാകണമെന്നായിരുന്നു. തിരുവിതാംകൂർ ദിവാൻ സാക്ഷാൽ സർ സി.പി. രാമസ്വാമി അയ്യർ തന്നെ വാഗ്ദാനം ചെയ്ത ജോലിപോലും വേണ്ടെന്നുവെച്ചായിരുന്നു ഗൗരിയമ്മ കമ്യൂണിസ്റ്റായത്. അതിന് വഴിയൊരുക്കിയത് പുന്നപ്ര^വയലാർ സമരത്തിൽ പങ്കാളിയായിരുന്ന സഹോദരൻ കെ.ആർ. സുകുമാരൻ.
1946ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ (സി.പി.ഐ) ചേർന്ന ഗൗരിയമ്മക്ക് പാർട്ടി അംഗത്വം കിട്ടിയത് 48ലാണ്. കയർ^കർഷക തൊഴിലാളികൾക്ക് താങ്ങും തണലുമായി ഗൗരിയമ്മ സംഘാടകശേഷിയും തെളിയിച്ചു. അവരെ സംഘടിപ്പിച്ചതിന് ജയിലിലുമായി. കൊടിയ പൊലീസ് മർദനത്തിലൂടെ ഗൗരിയമ്മ കറകളഞ്ഞ കമ്യൂണിസ്റ്റായി, വിപ്ലവനായികയായി വളരുകയായിരുന്നു. ആ നാളുകളെക്കുറിച്ച് ഗൗരിയമ്മ പിൽക്കാലത്ത് പറഞ്ഞ ഒറ്റ വാചകം മതി അക്കാലത്തെ പൊലീസ് മർദനത്തിെൻറ ഭീകരത വെളിപ്പെടുത്താൻ. ''ലാത്തിക്ക് ബീജമുണ്ടായിരുന്നെങ്കിൽ ഞാൻ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിച്ചേനെ...'' എന്നായിരുന്നു ഗൗരിയമ്മ പറഞ്ഞത്.
ഒറിജിനൽ ഗൗരിയമ്മ
തിരു^കൊച്ചി നിയമസഭയിലേക്ക് 1948ൽ നടന്ന തെരഞ്ഞെടുപ്പിൽ ചേർത്തല മണ്ഡലത്തിൽ മത്സരിച്ചുകൊണ്ടായിരുന്നു രാഷ്ട്രീയ ഗോദയിലേക്ക് ഗൗരിയമ്മ നടന്നുകയറിയത്. വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ടിരുന്ന കുമാരപ്പണിക്കരുടെ ഡമ്മിയായി നോമിനേഷൻ കൊടുത്ത ഗൗരിയമ്മക്ക് ഒടുവിൽ മത്സരിക്കേണ്ടിവന്നു. ആ തെരഞ്ഞെടുപ്പിൽ തോൽവിയായിരുന്നു ഫലം. എങ്കിലും കെട്ടിവെച്ച കാശ് തിരിച്ചുകിട്ടിയ നാലു കമ്യൂണിസ്റ്റുകാരിൽ ഒരാൾ ഗൗരിയമ്മയായിരുന്നു. എന്നാൽ, നാലു വർഷത്തിനുശേഷം അതേ മണ്ഡലത്തിൽനിന്ന് കന്നി വിജയം കൊയ്ത് ഗൗരിയമ്മ തിരു^കൊച്ചി സഭയിലെത്തി. 54ലും വിജയം ആവർത്തിച്ചു. 1957ൽ കേരള നിയമസഭയിലേക്ക് ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ ചേർത്തലയിൽനിന്ന് തലയെടുപ്പോടെ ജയിച്ചുകയറിയ ഗൗരിയമ്മ റവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുമന്ത്രിയുമായി.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവമായ ഭൂപരിഷ്കരണ നിയമത്തിന് അടിത്തറയിട്ട കാർഷിക ബന്ധ ബിൽ 1969ൽ നിയമസഭയിൽ അവതരിപ്പിച്ചത് റവന്യൂ മന്ത്രിയായ ഗൗരിയമ്മയുടെ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. പിൽക്കാലത്ത് അതേ നിയമസഭയിൽ ആദിവാസികളുടെ ഭൂമി അപഹരിക്കുന്ന ബിൽ ഭരണ^പ്രതിപക്ഷ കക്ഷികൾ ചേർന്ന് പാസാക്കുമ്പോൾ അതിനെതിരെ ഉയർന്നത് ഗൗരിയമ്മയുടെ ശബ്ദം മാത്രമായിരുന്നു എന്നത് അനിഷേധ്യമായ ചരിത്രമാണ്.
ടി.വിയും പാർട്ടിയും
ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ കയറിയ അതേ വർഷം തന്നെ രാഷ്ട്രീയത്തിലെ അപൂർവമായ ഒരു സംഭവത്തിനുകൂടി കേരളം സാക്ഷിയായി. റവന്യൂ മന്ത്രിയായ ഗൗരിയമ്മയെ വ്യവസായമന്ത്രി ടി.വി. തോമസ് വിവാഹം കഴിച്ചു. എന്നും എതിർപ്പുകളെ നേരിട്ട ഗൗരിയമ്മയുടെ വിവാഹവും ഒട്ടേറെ എതിർപ്പുകളെ അതിജീവിച്ചായിരുന്നു. കേരള രാഷ്ട്രീയത്തിലെ മന്ത്രി ദമ്പതികൾ എന്ന റെക്കോഡും ഇവരുടെ പേരിൽ മാത്രം. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഇരു ചേരികളിലായി മാറിയ ഗൗരിയമ്മയും ടി.വിയും വൈകാതെ വേർപിരിഞ്ഞു.
ശാസനകൾ, ശാസനകൾ
'കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ. ഗൗരി ഭരിച്ചീടും...' എന്ന മുദ്രാവാക്യം ഒരിക്കൽ കേരളത്തെ മോഹിപ്പിച്ചതായിരുന്നു. 1987ലെ പൊതു തെരഞ്ഞെടുപ്പിൽ ആ മുദ്രാവാക്യമായിരുന്നു ടാഗ്ലൈൻ. പക്ഷേ, ഭൂരിപക്ഷം കിട്ടി മുന്നണി അധികാരത്തിലേറിയപ്പോൾ കഥ മാറി. വീണ്ടും നായനാർ മുഖ്യമന്ത്രിയായി. താൻ ഈഴവത്തിയായി പോയതും ഇ.എം.എസിന് തന്നെ ഇഷ്ടമല്ലാതിരുന്നതുമാണ് മുഖ്യമന്ത്രിയാവാതെ പോയതിന് കാരണമെന്ന് ഗൗരിയമ്മ പിന്നീട് തുറന്നടിച്ചു.
ഗൗരിയമ്മക്ക് താൻപോരിമയാണെന്ന് പാർട്ടി പലവട്ടം കുറ്റപ്പെടുത്തി യിട്ടുണ്ട്. ദീർഘകാല രാഷ്ട്രീയത്തിൽ കറപുരളാതെ നിൽക്കാൻ കഴിഞ്ഞു എന്നതായിരുന്നു ആ താൻപോരിമയുടെ കാതൽ. തന്നെക്കാൾ ചെറിയ നേതാക്കന്മാർ പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലുമൊക്കെ കയറിപ്പോയപ്പോഴും സംസ്ഥാന കമ്മിറ്റിക്കപ്പുറം ഗൗരിയമ്മ കടന്നുപോയില്ല. അതിനൊക്കെ തടസ്സമായി പാർട്ടി പറഞ്ഞത് ഈ താൻപോരിമയായിരുന്നു. പാർട്ടിയുടെ പല നയവ്യതിയാനങ്ങളും വഴിതെറ്റുന്നുവെന്ന തോന്നലും അവരെ പലപ്പോഴും ക്രുദ്ധയാക്കി. പലപ്പോഴായി 22 തവണ പാർട്ടിയുടെ ശാസന നേരിടേണ്ടിവന്ന ഗൗരിയമ്മക്ക് 23ാമത്തെ ഊഴത്തിൽ പുറത്തുപോകേണ്ടിവന്നു. ഇ.എം.എസ് അല്ലാതെ ഗൗരിയമ്മയെക്കാൾ തലയെടുപ്പുള്ള മറ്റൊരു നേതാവ് പാർട്ടിയിൽ അപ്പോൾ ഉണ്ടായിരുന്നില്ലെന്നോർക്കണം.
46 വർഷത്തെ പാർട്ടി വാസം വെടിഞ്ഞ് പുറത്താക്കപ്പെടുമ്പോൾ ഗൗരിയമ്മ അടങ്ങുകയായിരുന്നില്ല, ആളുകയായിരുന്നു. ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) എന്ന പാർട്ടി രൂപവത്കരിച്ച് ബദ്ധശത്രുവായിരുന്ന യു.ഡി.എഫ് മുന്നണിയിൽ ചേക്കേറിയ അവർ വീണ്ടും മന്ത്രിയായി കേരള രാഷ്ട്രീയത്തിൽ സ്വന്തം ഇരിപ്പിടം തെളിച്ചുകാട്ടി. ഒടുവിൽ യു.ഡി.എഫിലും അവഗണിക്കപ്പെടുന്നുവെന്ന് തോന്നിയപ്പോൾ 2013 ഏപ്രിലിൽ ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനിച്ചു. തെൻറ തറവാടായ ഇടതുമുന്നണിയിൽ പൂർണമായി പ്രവേശിച്ചില്ലെങ്കിലും 20 വർഷത്തിനു ശേഷം ഇടതു നേതാക്കൾക്കൊപ്പം ആലപ്പുഴ ലോക്സഭ മണ്ഡലം ഇടതുമുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വേദി പങ്കിട്ടു. ജീവിതത്തിൽ കനത്ത തിരിച്ചടികൾ നേരിട്ടപ്പോഴും കമ്യൂണിസ്റ്റ് ആശയം പകർന്ന വീര്യവും വിപ്ലവവും ഉള്ളിൽ പേറി അവസാനം വരെ പൊരുതിയി നേതാവായിരുന്നു കെ.ആർ. ഗൗരിയമ്മ എന്ന് രാഷ്ട്രീയ എതിരാളികൾക്കു പോലും സമ്മതിക്കാതെ നിർവാഹമില്ലാത്ത വസ്തുതയാണ്.
തയാറാക്കിയത് ⊿ കെ.എ. സൈഫുദ്ദീൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.