കെ.ആർ. ഗൗരിയമ്മ: വിടവാങ്ങിയത് വിപ്ലവ തേജസ്
text_fieldsകേരളത്തിന്‍റെ രാഷ്ട്രീയ-സാമൂഹിക മുന്നേറ്റത്തിലെ വിപ്ലവ തേജസ്സായിരുന്നു കെ.ആർ. ഗൗരിയമ്മ. സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും വഴികളിലൂടെ ദിശാബോധം നൽകിയ ദീപ്ത നക്ഷത്രത്തെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്. പുരോഗമനപരമായ നിയമ നിർമാണങ്ങളിലൂടെയും അഴിമതിരഹിത പൊതുജീവിതത്തിലൂടെയും ഈ രാഷ്ട്രീയ മുത്തശ്ശി കാണിച്ചുതന്ന അസാമാന്യ മാതൃക കേരള ചരിത്രത്തിൽ എന്നും മായാതെ കിടക്കും.
സ്വാതന്ത്ര്യലബ്ധിക്ക് മുമ്പും പിമ്പും നടന്ന സംഭവങ്ങളുടെ കാഴ്ചക്കാരിയുടെ വിടവാങ്ങൽ കൂടിയാണിത്. ചരിത്രം നിർമിക്കുകയും ചരിത്രത്തോടൊപ്പം നടക്കുകയും ചെയ്ത ആ എട്ട് പതിറ്റാണ്ട് കേരളത്തിന് മറക്കാനാകില്ല. വിശ്രമമില്ലാത്ത പൊതുജീവിതം, ഉലഞ്ഞുപോയ കുടുംബബന്ധം, താൻ വളർത്തിയ പ്രസ്ഥാനത്തിൽനിന്ന് ഇറങ്ങിപ്പോകേണ്ടിവന്ന ദുരവസ്ഥ, വാർധക്യത്തിൽ ഉണ്ടായ ഏകാന്തത എന്നിവയൊന്നും താൻ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിെൻറ വഴികളിലൂടെ മുന്നോട്ടുപോകുന്നതിന് ഗൗരിയമ്മക്ക് തടസ്സമായതേയില്ല.
1919 ജൂലൈ 17നാണ് ചേർത്തല പട്ടണക്കാട് അന്ധകാരനഴി വിയാത്ര കളത്തിപറമ്പിൽ രാമന്‍റെയും പാർവതിയമ്മയുടെയും മകളായി കെ.ആർ. ഗൗരിയമ്മ ജനിക്കുന്നത്. സമ്പന്നമായ കുടുംബാന്തരീക്ഷമായിരുന്നെങ്കിലും തന്‍റെ ദൗത്യം സാധാരണക്കാർക്കിടയിലാണെന്ന് തിരിച്ചറിഞ്ഞ ഗൗരിയമ്മ എന്നും അവരുടെ ആവശ്യങ്ങളോട് ചേർന്നുനിന്നു. അധികാരത്തിന്‍റെ ആർഭാടങ്ങളിൽ ഭ്രമിക്കാതെ സാധാരണക്കാക്കുവേണ്ടി അവർ നടത്തിയ പ്രവർത്തനങ്ങൾ കേരള ചരിത്രത്തിലെ മറക്കാനാകാത്ത ഏടുകളാണ്.
സമ്പന്നതയുടെ സ്വർണ കിരീടത്തിനേക്കാൾ ത്യാഗത്തിെൻറ മുൾക്കിരീടമാണ് തനിക്ക് യോജിച്ചതെന്ന ഗൗരിയമ്മയുടെ തിരിച്ചറിവാണ് അവരെ എന്നും മുന്നോട്ട് നയിച്ചിരുന്നത്. തന്‍റെ നാടിന്‍റെ അവസ്ഥയും കുടികിടപ്പുകാരന്‍റെ വേദന തന്‍റെ കൂടി വേദനയാണെന്നും തിരിച്ചറിഞ്ഞ നേതാവിന് മാത്രമെ കാർഷിക ഭൂപരിഷ്കരണം പോലൊരു നിയമത്തിന് കൈയൊപ്പിടാൻ കഴിയുമായിരുന്നുള്ളു. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന് വേണ്ടി ടി.വി. തോമസുമായുള്ള കുടുംബ ബന്ധം കീറിമുറിക്കപ്പെട്ടിട്ടുപോലും സ്വകാര്യജീവിതത്തിലെ നഷ്ടങ്ങളോർത്ത് ഗൗരിയമ്മ ഒരിക്കലും നിരാശപ്പെട്ടിരുന്നില്ല.
17 തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും നാലിൽ മാത്രം പരാജയപ്പെടുകയും ചെയ്ത രാഷ്ട്രീയ ജീവിതത്തിൽ 15 വർഷവും എട്ട് മാസവും മന്ത്രിയായിരുന്നു ഗൗരിയമ്മ. ആറ് മന്ത്രിസഭകളിലായി സുപ്രധാനമായ വകുപ്പുകളുടെ ചുമതല വഹിക്കാനും ഗൗരിയമ്മക്കായി. 1948ൽ തിരു-കൊച്ചി നിയമസഭയിലേക്ക് മത്സരിച്ച് തോറ്റെങ്കിലും '52ൽ ലോക്കപ്പിൽ കിടന്ന് മത്സരിച്ച് ജയിച്ചു. '54ലും തിരു-കൊച്ചിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരള നിയമസഭയിലേക്ക് '57ലും '60ലും ചേർത്തലയിൽ നിന്നാണ് എത്തിയത്. '65 മുതൽ 2006 വരെ ഗൗരിയമ്മയുടെ തട്ടകം അരൂർ ആയിരുന്നു. '48ലെ തോൽവിക്ക് ശേഷം '77, 2006, 2011 തെരഞ്ഞെടുപ്പുകളിലും ഗൗരിയമ്മ പരാജയമറിഞ്ഞു.
ജയിക്കുേമ്പാഴും തോൽക്കുേമ്പാഴുമെല്ലാം സഹജീവികളുടെ നൊമ്പരങ്ങൾക്കുനേരെ ഗൗരിയമ്മ കണ്ണടച്ചിരുന്നില്ല. അതുകൊണ്ടാണ് പ്രായഭേദമന്യേ എല്ലാവരും അമ്മയെന്നും കെ.ആർ അമ്മയെന്നും കുഞ്ഞമ്മയെന്നുമൊക്കെ ഗൗരിയമ്മെയ വിളിച്ചുപോന്നത്.
നിസ്വവർഗത്തിെൻറ അഭയവും തണലുമായിരുന്ന, സമാനതകളില്ലാത്ത ഒരു യുഗത്തിന്‍റെ അന്ത്യം കുറിക്കപ്പെടുേമ്പാൾ ആ ദീപ്ത നക്ഷത്രം ചൊരിഞ്ഞ പ്രകാശം വരുംനാളുകളിലും ജ്വലിച്ചുതന്നെയിരിക്കും. അതെ, കേരളത്തിന് മറക്കാനാകില്ല ഈ രാഷ്ട്രീയ മുത്തശ്ശിയെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.