കെ.ആര്‍. ജ്യോതിലാല്‍ പൊതുഭരണ വകുപ്പില്‍ തിരികെ; എം. ശിവശങ്കറിന് കൂടുതല്‍ ചുമതലകള്‍
text_fieldsതിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി. ഗവര്‍ണറുടെ അതൃപ്തിയെ തുടര്‍ന്ന് നീക്കംചെയ്യപ്പെട്ട കെ.ആര്‍. ജ്യോതിലാല്‍ പൊതുഭരണ വകുപ്പില്‍ തിരികെ എത്തി. എം. ശിവശങ്കറിന് കൂടുതല്‍ ചുമതലകള്‍ നല്‍കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ജ്യോതിലാലിനെ വീണ്ടും പൊതുഭരണവകുപ്പ് സെക്രട്ടറിയായി നിയമിച്ചത്.
കായിക, യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം. ശിവശങ്കറിന് മൃഗസംരക്ഷണം, ക്ഷീര വികസനം, മൃഗശാല എന്നിവയുടെ അധിക ചുമതല കൂടി നല്‍കി. ശാരദ മുരളീധരന് ഇലക്ട്രോണിക് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന്‍റെയും ബിശ്വാസ് സിന്‍ഹക്ക് പ്ലാനിങ് ആന്‍റ് എകണോമിക് വകുപ്പിന്‍റെയും അധിക ചുമതല നല്‍കി. മൃഗസംരക്ഷണ വകുപ്പില്‍ നിന്നും മാറ്റിയ ടിങ്കു ബിസ്വാളിന് ഭക്ഷ്യ സിവില്‍ സപ്ലൈസ്, തുറമുഖം എന്നിവയുടെ ചുമതല നല്‍കി. കേന്ദ്ര ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി തിരികെ എത്തിയ കെ.എസ്. ശ്രീനിവാസിനെ ഫിഷറീസ് വകുപ്പിലും അജിത്ത് കുമാറിനെ പൊതുമരാമത്ത് വകുപ്പിലും നിയമിച്ചു. അവധി കഴിഞ്ഞ് തിരികെ എത്തിയ പ്രിയങ്ക ജിക്ക് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ ചുമതല നല്‍കി.
ഗവര്‍ണറുടെ അഡീഷണല്‍ പി.എ ആയി ബി.ജെ.പി നേതാവ് ഹരി എസ്. കര്‍ത്തയെ നിയമിച്ച ഉത്തരവിനൊപ്പം വിയോജന കുറിപ്പ് എഴുതിയതിനെ തുടർന്നുള്ള വിവാദത്തിലാണ് പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കെ.ആര്‍. ജ്യോതിലാലിലെ നീക്കിയത്. ജ്യോതിലാലിന്‍റെ നടപടി ഗവര്‍ണറുടെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. പിന്നാലെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവെയ്ക്കാതെ ഗവര്‍ണര്‍ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കി. ജ്യോതിലാലിനെ പൊതുഭരണ വകുപ്പില്‍ നിന്ന് മാറ്റിയാണ് സര്‍ക്കാര്‍ അന്ന് പ്രതിസന്ധി മറികടന്നത്.
ഇപ്പോള്‍ പൊതുഭരണ വകുപ്പിന്‍റെ അധിക ചുമതല കൂടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ കെ.ആര്‍. ജ്യോതിലാലിന് സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.