കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: ജാതി വിവേചനം അവഗണിക്കാനാവില്ല -കമീഷൻ റിപ്പോർട്ട്
text_fieldsകോട്ടയം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന ശങ്കർ മോഹന്റെ വസതിയിൽ ജാതി വിവേചനം അനുഭവിച്ചു എന്ന ജീവനക്കാരുടെ ആരോപണം പൂർണമായി അവഗണിക്കാൻ കഴിയില്ലെന്ന് അന്വേഷണ കമീഷൻ റിപ്പോർട്ട്.
ഡയറക്ടർ നിഷേധിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക വസതി എന്ന നിലയിൽ ഓഫിസ് ജീവനക്കാരെ ഇതിനു നിയോഗിക്കാതിരിക്കുകയായിരുന്നു വേണ്ടത്. സ്വന്തം ചെലവിൽ വീട്ടുജോലിക്കു ആളെ കണ്ടെത്തേണ്ടതായിരുന്നുവെന്നും മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍.കെ. ജയകുമാര്‍ എന്നീ രണ്ടംഗ സമിതി സര്‍ക്കാറിനു നല്കിയ റിപ്പോർട്ടിൽ പറയുന്നു.
ഡയറക്ടറും വിദ്യാർഥികളും തമ്മിൽ ആശയവിനിമയം പരിമിതമായതാണ് സ്ഥാപനത്തിലെ അന്തരീക്ഷം മോശമാക്കിയത്. ചെറിയ പരാതികൾ യഥാസമയം അനുഭാവപൂർവം പരിഗണിച്ചിരുന്നെങ്കിൽ സ്ഥിതി നിയന്ത്രിക്കാമായിരുന്നു. പട്ടികജാതി-വർഗ വിദ്യാർഥികളുടെയും ജീവനക്കാരുടെയെും അധ്യാപകരുടെയും പരാതികൾ കേൾക്കാനും പരിശോധിക്കാനും പരിഹരിക്കാനുമുള്ള സംവിധാനമില്ലാത്തത് സ്ഥാപനത്തെ ദുർബലപ്പെടുത്തുന്നു.
സംവരണസീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് അവഗണിക്കാൻ കഴിയില്ല. ഇൻർവ്യൂവിൽ കട്ട് ഓഫ് മാർക്ക് കിട്ടിയില്ല എന്നതിന്റെ അടിസ്ഥാനത്തിൽ സംവരണം നിഷേധിക്കുന്നത് ചട്ടങ്ങൾക്കു നിരക്കുന്നതല്ല. ഫീസ് ഇളവുള്ള വിദ്യാർഥികളിൽനിന്ന് പ്രവേശനസമയത്ത് ഫീസ് വാങ്ങുന്നതും നീതിയല്ല.
പ്രവേശനത്തിലെ വീഴ്ച എൽ.ബി.എസിന്റെ വീഴ്ചയായി കാണാനാവില്ല. ക്ലാസ് ആരംഭിച്ചിട്ട് അധികനാൾ ആയിട്ടില്ലാത്തതിനാൽ ഈ വർഷം തന്നെ ന്യൂനത പരിഹരിക്കാൻ കഴിയുമോ എന്നു പരിശോധിക്കണം. അർഹതപ്പെട്ട ഇ-ഗ്രാന്റ്സ് വാങ്ങിയെടുക്കാൻ നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, കഴിഞ്ഞ രണ്ടു വർഷങ്ങളിലെ കുടിശ്ശിക വാങ്ങിയെടുക്കുന്നതിൽ സ്ഥാപനം ശുഷ്കാന്തി കാണിച്ചില്ല. കോഴ്സിന്റെ ദൈർഘ്യം കുറച്ചതിൽ നിയമപരമായ പോരായ്മകൾ ആരോപിക്കുന്നതിൽ കഴമ്പില്ല.
എന്നാൽ, തങ്ങൾക്കു നഷ്ടപ്പെട്ടു എന്ന് വിദ്യാർഥികൾ കരുതുന്ന വർക്ഷോപ്പുകൾ ഒഴിവാക്കിയതും മറ്റു ആനുകൂല്യങ്ങൾ നഷ്ടമായതും വസ്തുനിഷ്ഠമായി പരിഗണിക്കപ്പെട്ടില്ല. ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവ വർധിപ്പിച്ചെന്ന ആരോപണം ശരിയാണ്.
സിലബസും മറ്റ് അക്കാദമിക് വിവരങ്ങളും വിദ്യാർഥികളുമായി പങ്കിടുന്നതിൽ സ്ഥാപനം ശ്രദ്ധിക്കുന്നില്ല. നിലവിലെ നിയമനങ്ങളിൽ നിയമപരമായ പോരായ്മകൾ കാണാൻ കഴിയില്ലെങ്കിലും സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്താൻ ബോധപൂർവം നടപടി സ്വീകരിക്കണം.
പ്രധാന നിർദേശങ്ങൾ
•വിദ്യാർഥി ക്ഷേമസമിതി രൂപവത്കരിക്കണം
• സോഷ്യൽ ജസ്റ്റിസ് കമ്മിറ്റി വേണം
•അക്കാദമിക് പരാതികൾ പഠിക്കാൻ വിദഗ്ധ സമിതി രൂപവത്കരിക്കണം
•ഒഴിഞ്ഞുകിടക്കുന്ന ഈ വർഷത്തെ സംവരണ സീറ്റുകൾ നികത്തണം
•ഡിപ്ലോമകൾ സമയബന്ധിതമായി വിതരണം ചെയ്യണം
•അധികാര സമിതികളിലെ വിദ്യാർഥി പ്രാതിനിധ്യം പുനഃസ്ഥാപിക്കണം
•വിദ്യാർഥികൾ കോടതിയെ സമീപിച്ചിരിക്കുന്ന കേസുകൾ ഒത്തുതീർക്കാൻ പ്രത്യേക സംവിധാനം വേണം
•പുതിയ ഡയറക്ടറെ നിയമിക്കുക
•ഡയറക്ടറുടെ വസതിയിൽ ജീവനക്കാരെ നിയോഗിക്കുന്നതു നിർത്തുക
•നിർവാഹക സമിതി യോഗങ്ങൾ കൃത്യമായി ചേരുക
•സ്ഥാപനത്തിന്റെ വാർഷിക ഗ്രാന്റ് ഇപ്പോഴത്തെ മൂന്നുകോടിയിൽനിന്ന് ആറുകോടിയായി വർധിപ്പിക്കാനും കമീഷൻ ശിപാർശ ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.