കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: ചില അധ്യാപകർക്കും ജീവനക്കാർക്കും സങ്കുചിത താൽപര്യം -കമീഷൻ റിപ്പോർട്ട്
text_fieldsകോട്ടയം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാർക്കും അധ്യാപകർക്കുമിടയിലെ അനൈക്യം ചൂണ്ടിക്കാട്ടി ഉന്നതതല സമിതി അന്വേഷണ കമീഷൻ റിപ്പോർട്ട്. ദേശീയസ്ഥാപനം എന്ന അവബോധവും അഭിമാനവും എല്ലാ അധ്യാപകരും ജീവനക്കാരും ഒരുപോലെ പങ്കുവെക്കുന്നില്ല.
സങ്കുചിത താൽപര്യങ്ങളുടെ അടിസ്ഥാനത്തിലും കാഴ്ചപ്പാടിലുമാണ് പലരും കാര്യങ്ങളെ സമീപിക്കുന്നതെന്നാണ് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍.കെ. ജയകുമാര്‍ എന്നിവരടങ്ങിയ സമിതി സര്‍ക്കാറിന് നല്കിയ റിപ്പോർട്ടിൽ പറയുന്നത്.
പൊതുവായ ദിശാബോധവും ഉത്തരവാദിത്തബോധവും വളർത്താൻ എല്ലാ ജീവനക്കാർക്കും അധ്യാപകർക്കും മൂന്നുദിവസത്തെ പരിശീലനമെങ്കിലും നൽകണമെന്നും അതിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിനെ (ഐ.എം.ജി) ചുമതലപ്പെടുത്താവുന്നതാണെന്നും കമീഷൻ ശിപാർശ ചെയ്യുന്നു.
ഓഫിസിൽ പഞ്ചിങ് സംവിധാനം ഉൾപ്പെടെ അച്ചടക്കം കൊണ്ടുവരാൻ ഡയറക്ടർ കൈക്കൊണ്ട നടപടികളിൽ പ്രതിഷേധമുള്ള ചില ജീവനക്കാരാണ് കെട്ടുകഥകളുണ്ടാക്കി സ്ഥാപനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് ഏതാനും ജീവനക്കാരും പിരിച്ചുവിടൽ ഭീഷണിയും ജാതിവിവേചനവും നിത്യസംഭവങ്ങളാണെന്ന് മറ്റൊരുവിഭാഗം ജീവനക്കാരും മൊഴി നൽകി.
സ്ഥാപനത്തിൽ അവശ്യം വേണ്ട അധ്യാപകരെയും ജീവനക്കാരെയും സ്ഥിരമായി നിയമിക്കാൻ സഹായകമായ രീതിയിൽ സ്പെഷൽ റൂൾസ് അംഗീകരിക്കാനും തസ്തികകൾ അനുവദിക്കാനും ക്രമീകരണം വേണമെന്നാണ് കമീഷന്റെ ശിപാർശ. പിരിച്ചുവിടപ്പെട്ട മുൻ സെക്യൂരിറ്റി ജീവനക്കാരനും ഏതാനും കുഴപ്പക്കാരായ ജീവനക്കാരും ചേർന്ന് നടത്തുന്ന ഉപജാപമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് മുൻ ഡയറക്ടർ ശങ്കർമോഹൻ കമീഷനോട് ആവർത്തിച്ചു.
ഇതേക്കുറിച്ച് ക്രിമിനൽ അന്വേഷണം വേണമെന്നും ശങ്കർമോഹൻ ആവശ്യപ്പെട്ടു. രാജിവെച്ച ചെയർമാൻ അടൂർ ഗോപാലകൃഷ്ണനും ഇതേ സെക്യൂരിറ്റി ജീവനക്കാരനെയാണ് ‘വില്ലൻ’ ആയി അവതരിപ്പിച്ചത്.
തിരുവനന്തപുരത്തുവെച്ചാണ് ശങ്കർമോഹനുമായി കൂടിക്കാഴ്ച നടത്തിയത്. ഇ ഗ്രാന്റ്സ് കിട്ടാത്തതിനെതിരെ സമരം ചെയ്ത വിദ്യാർഥികളോട് പ്രതികാരനടപടി സ്വീകരിച്ചു എന്ന ആരോപണം ഡയറക്ടർ നിഷേധിച്ചു. അച്ചടക്കം നിലനിർത്താനുള്ള നടപടികളായി മാത്രമാണ് അദ്ദേഹം ഈ സംഭവങ്ങളെ കണ്ടത്. അടൂർ ഗോപാലകൃഷ്ണനുമായും കമീഷൻ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.