നിലമ്പൂർ ട്രൈബൽ ഓഫീസിന് മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് കെ. രാധാകൃഷ്ണൻ
text_fieldsതിരുവനന്തപുരം: ഭൂമി ആവശ്യപ്പെട്ട് മലപ്പുറം നിലമ്പൂരിൽ പട്ടിക വർഗ വിഭാഗക്കാർ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ജില്ലയിലെ ഭൂരഹിതരായ 1254 പട്ടിക വർഗക്കാർക്ക് ഭൂമി നൽകാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.
ഈ സമയത്ത് ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ചില സ്ഥാപിത താൽപര്യക്കാർ സമരം നടത്തുകയാണ്. സമരക്കാരിൽ അപേക്ഷ നൽകിയിട്ടുള്ളവർക്കും 'ഭൂമി ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സമരം നയിക്കുന്ന ബിന്ദുവിനും സഹോദരിക്കും ചാലിയാർ കണ്ണംകുണ്ടിൽ 50 സെന്റ് വീതം ഭൂമിയും വീടും 2021 ൽ നൽകിയിട്ടുള്ളതുമാണ്. 2018 ലെ പ്രളയ പുനരധിവാസ പദ്ധതി പ്രകാരമാണ് ഇവർക്ക് ഭൂമി നൽകിയത്.
ഭൂമി ഇല്ലാത്ത എല്ലാ പട്ടിക വർഗക്കാർക്കും ഭൂമി നൽകുക എന്നതാണ് സർക്കാർ നയം. ഭൂ ലഭ്യതയനുസരിച്ച് എല്ലാ പട്ടികവർഗക്കാർക്കും ഭൂമി നൽകും. മലപ്പുറത്ത് ലഭ്യമായ ഭൂമി പരമാവധി പട്ടിക വർഗക്കാർക്ക് നൽകുകയാണ്. നിലവിൽ 10 മുതൽ 20 സെന്റ് വരെ അനുവദിക്കും. ഭാവിയിൽ കൂടുതൽ ഭൂമി ലഭ്യമാകുമ്പോൾ അധികമായി നൽകാൻ പരിശ്രമിക്കും. ഈ സാഹചര്യത്തിൽ നിലമ്പൂർ ട്രൈബൽ ഓഫീസിന് മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.