കെ-റെയിൽ മറയാക്കി 10,757 ഹെക്ടർ വനം നഗരമാക്കുന്നു
text_fieldsകോട്ടയം: കെ-റെയിൽ സിൽവർ ലൈൻ പദ്ധതി ലാഭകരമാക്കാൻ പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളിലെ 10757 ഹെക്ടർ വനവും കണ്ണൂർ, കാസർകോട് ജില്ലകളിലെ 1227.11 ഹെക്ടർ റവന്യൂ ഭൂമിയും ടൗൺഷിപ്പാക്കാൻ നിർദേശം.
പത്തനംതിട്ട കൊടുമണ്ണിൽ 2866.69 ഹെക്ടർ, തണ്ണിത്തോട്ടിൽ 699 ഹെക്ടർ, എറണാകുളം, തൃശൂർ ജില്ലകളിലായി കിടക്കുന്ന കാലടി ഗ്രൂപ്പിൽനിന്ന് 3776.50 ഹെക്ടർ, നിലമ്പൂരിൽ 435.9 ഹെക്ടർ, മണ്ണാർകാട് സൈലൻറ്വാലി ഉൾപ്പെടുന്ന മേഖലയിൽ 435.94 ഹെക്ടർ, കോഴിക്കോട് പേരാമ്പ്രയിൽ 943 ഹെക്ടർ എന്നിങ്ങനെയാണ് വനം വകുപ്പിൽനിന്ന് ഏറ്റെടുക്കുക. കണ്ണൂർ, കാസർകോട് ജില്ലകളിലായി കിടക്കുന്ന ചീമേനി ഭാഗത്ത് 1227 ഹെക്ടർ റവന്യൂ വകുപ്പിൽനിന്ന് ഏറ്റെടുക്കാനും നിർദേശമുണ്ട്.
സ്മാർട്ട് സിറ്റി പോലുള്ള സംരംഭങ്ങൾ തുടങ്ങുന്നതിനും ടൗൺഷിപ്പുകൾ സ്ഥാപിക്കുന്നതിനുമാണ് ഇൗ നടപടിയെന്ന് കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് എം.ഡി വി.അജിത് കുമാർ സംസ്ഥാന ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് 2019 മേയ് 20ന് അയച്ച കത്തിൽ (069/കെ.ആർ.ഡി.സി.എൽ/2017) വ്യക്തമാക്കിയിട്ടുണ്ട്
സിൽവർലൈനിൽനിന്ന് ഈ സ്ഥലങ്ങളിലേക്കും കാസർകോട്ട് സ്വന്തമായുള്ള 2065 ഹെക്ടർ സ്ഥലത്തേക്കും അതിവേഗ റോഡ് ഗതാഗത സൗകര്യം സ്ഥാപിക്കുമെന്നും ഇങ്ങനെ വികസിപ്പിച്ചെടുക്കുന്ന എട്ട് വനപ്രദേശങ്ങളുടെ ചുറ്റുവട്ടത്തും വൻതോതിൽ സ്വകാര്യ റിയൽ എസ്റ്റേറ്റ് നിക്ഷേപവും അതുവഴി അനുബന്ധ വികസനവും കൊണ്ടുവരാമെന്നും കെ-റെയിൽ എങ്ങനെ നടപ്പാക്കാമെന്ന് പഠനം നടത്തിയ ഫ്രഞ്ച് കമ്പനി സിസ്ട്ര നൽകിയ റിപ്പോർട്ടിന്റെ 49 ാം പേജിൽ വ്യക്തമാക്കിയിട്ടുണ്ട്.
2019 മേയിൽതന്നെ സംസ്ഥാന സർക്കാർ കെ-റെയിൽ സംബന്ധിച്ച സിസ്ട്രയുടെ റിപ്പോർട്ട് അംഗീകരിച്ചിരുന്നു. അന്ന് വനംവകുപ്പ് ഭരിച്ചിരുന്നത് സി.പി.ഐ മന്ത്രിയായിരുന്നു. എന്നാൽ, ഒരുതരം എതിർപ്പും ആരും അന്ന് ഉയർത്തിയിരുന്നില്ല. ബഹുരാഷ്ട്ര കമ്പനികളുടെയും വൻകിട റിയൽ എസ്റ്റേറ്റ് നിക്ഷേപകരുടെയും താൽപര്യ സംരക്ഷണവും കെ-റെയിൽ വഴി നടപ്പാകുമെന്ന് തെളിയിക്കുന്നതാണ് ഈ രേഖകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.