കല്ലിടുന്നതെന്തിനാ?...ആ; സിൽവർ ലൈനിൽ കല്ലിടലിന്റെ അനിവാര്യത വിശദീകരിക്കാനാകാതെ കെ-റെയിൽ
text_fieldsതിരുവനന്തപുരം: കല്ലിടൽ ഭൂമിയേറ്റെടുക്കാനല്ലെന്ന് ആവർത്തിക്കുമ്പോഴും സാമൂഹികാഘാത പഠനത്തിന് അത് അനിവാര്യമാണെന്നത് ആധികാരികമായി വിശദീകരിക്കാനാകാതെ കെ-റെയിൽ. ദേശീയപാത വികസനത്തിലടക്കം ഇത്തരമൊരു 'കല്ലിടൽ' നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുമ്പോഴും 'നിയമസാധുത'യുണ്ടെന്നും 'കോടതി പറഞ്ഞിട്ടു'ണ്ടെന്നുമുള്ള ഒഴുക്കൻ മറുപടികളാണ് കെ-റെയിലിൽനിന്നുണ്ടാകുന്നത്.
തിങ്കളാഴ്ച വാർത്തസമ്മേളനത്തിലും കല്ലിടലിന്റെ നിയമ സാധുതയെക്കുറിച്ച് ആവർത്തിച്ച് ചോദ്യങ്ങളുയർന്നിട്ടും എം.ഡിയുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടിയുണ്ടായിട്ടില്ല. കേന്ദ്രാനുമതി ലഭിക്കുകയോ പദ്ധതി നിർവഹണത്തിനാവശ്യമായ വായ്പ തരപ്പെടുകയോ ചെയ്തിട്ടില്ലെന്നിരിക്കെ, കെ-റെയിലെന്ന് പേരെഴുതിയ കല്ലുകൾ പാകുന്നതിന് ശാഠ്യം തുടരുന്നതിലാണ് ദുരൂഹത. അതിരിടുന്ന സ്ഥലങ്ങളിലെ ഭൂമിയിൽ തുടർക്രയവിക്രയങ്ങൾ തടസ്സപ്പെടുന്ന സാഹചര്യത്തിൽ വിശേഷിച്ചും. അതിരുപാകൽ വ്യാപക ചെറുത്തുനിൽപിനും പ്രതിഷേധങ്ങൾക്കും വഴിമാറുന്ന സാഹചര്യത്തിൽ സാമൂഹികാഘാത പഠനത്തിന്റെ തുടർനടപടികളിലും അനിശ്ചിതത്വം നിഴലിക്കുകയാണ്. പൂർണമായും ജനങ്ങൾ സഹകരിച്ചാൽ മാത്രം നടക്കുന്ന സർവേയും വിവരശേഖരണവുമാണ് സാമൂഹികാഘാത പഠനത്തിന്റെ പ്രധാന ഘടകം.
ഉദ്യോഗസ്ഥർ കല്ലിടൽ നടന്ന മേഖലയിലെ വീടുകളിലെത്തിയാണ് സർവേ നടത്തേണ്ടത്. ഇതിനായി 75 ചോദ്യങ്ങളുൾപ്പെടുന്ന ചോദ്യാവലിയും തയാറാക്കിയിട്ടുണ്ട്. കല്ലിടൽ തന്നെ ഇത്രയേറെ പ്രശ്നസങ്കീർണമായ സാഹചര്യത്തിൽ വിവരങ്ങൾ നൽകുന്നതിൽ ഭൂവുടമകൾ നിസ്സഹകരിച്ചാൽ വീടുകളിലെത്തിയുള്ള സർവേ എങ്ങനെ പൂർത്തിയാക്കുമെന്നതിലാണ് ആശയക്കുഴപ്പം. വിവരശേഖരണത്തിനൊടുവിൽ വീട്ടുടമ സർവേ ഫോറത്തിൽ ഒപ്പിട്ടുനൽകണം. നിലവിൽ കണ്ണൂർ ജില്ലയിൽ പത്തോളം വീടുകളിൽ മാത്രമാണ് സർവേ നടത്താനായത്. പ്രതിഷേധമുണ്ടാകുമെന്നതിനാൽ പലയിടത്തും സർവേ തുടങ്ങിയിട്ടില്ല.
17 പേജുള്ള വിവരശേഖരണ ചോദ്യാവലിയിൽ ഒന്നാം പുറത്ത് സിൽവർ ലൈൻ കടന്നുപോകുന്ന വസ്തുവിൽ സ്ഥാപിച്ച അതിർത്തിക്കല്ലിന്റെ നമ്പർ ചോദിച്ചിട്ടുണ്ട്. കല്ലിടൽ ഇതുവരെ എങ്ങും എത്തിയിട്ടില്ലെന്ന് മാത്രമല്ല, ഇട്ടവ തന്നെ പ്രതിഷേധത്തെ തുടർന്ന് വ്യാപകമായി പിഴുതുമാറ്റിയ സാഹചര്യത്തിലാണ് ഈ ചോദ്യം. എത്ര സ്ഥലമാണ് ഏറ്റെടുക്കുക, വീട് പൂർണമായാണോ ഭാഗികമായാണോ ഏറ്റെടുക്കുക തുടങ്ങിയവയും ചോദ്യാവലിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.