മുപ്പതിനായിരത്തോളം കുടുംബങ്ങൾക്ക് ഫെബ്രുവരിയിൽ പട്ടയം വിതരണം ചെയ്യുമെന്ന് കെ. രാജൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മുപ്പതിനായിരത്തോളം കുടുംബങ്ങൾക്ക് ഫെബ്രുവരി ആദ്യവാരത്തിൽ പട്ടയം വിതരണം ചെയ്യുന്നതിനുള്ള വിപുലമായ മേളക്ക് സർക്കാർ നേതൃത്വം നൽകുമെന്ന് മന്ത്രി കെ. രാജന്‍. തുവയൂര്‍ മാഞ്ഞാലി ഈശ്വരന്‍ നായര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച പേവാര്‍ഡിന്റെ ഉദ്ഘാടനം ആശുപത്രി അങ്കണത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തി രണ്ടേകാൽ വർഷത്തിനുള്ളിൽ 1,23,000 കുടുംബങ്ങൾക്കാണ് പട്ടയം വിതരണം ചെയ്തിട്ടുള്ളത്. ഫെബ്രുവരിയിലെ പട്ടയമേളക്ക് ശേഷം ആകെ പട്ടയം ലഭിച്ചവരുടെ എണ്ണം ഒന്നരലക്ഷം കവിയുമെന്നും ഇത് കേരളത്തിന് മാത്രം അവകാശപെടാനാകുന്ന അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
ഒരു ദശാബ്ദത്തിന് ഇപ്പുറം നോക്കുമ്പോൾ സമാനതകൾ ഇല്ലാത്ത മാറ്റങ്ങൾക്കാണ് അടൂർ സാക്ഷ്യം വഹിച്ചത്. വികസനമേഖലയിൽ മണ്ഡലം ഏറെ മുന്നിലെത്തിക്കഴിഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ശ്രമഫലമായി അടൂർ മണ്ഡലത്തിൽ മാത്രമല്ല, കേരളത്തിൽ എല്ലായിടത്തുമുള്ള രാജീവ് ഗാന്ധി ദശലക്ഷം കോളനിയിലെ നിവാസികൾ പട്ടയഭൂമിക്ക് അവകാശികളാവുകയാണ്. ആരോഗ്യമേഖലയിലും മണ്ഡലത്തിൽ നടക്കുന്നത് സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾ ആണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കലക്ടർ എ. ഷിബു, എ.ഡി.എം ബി. രാധാകൃഷ്ണൻ, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രിയങ്ക പ്രതാപ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ജില്ലാ നിർമിതി കേന്ദ്രം പ്രോജക്ട് മാനേജർ എസ്. സനിൽ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.