കണ്ണനെ കാണാൻ ഭക്തജന പ്രവാഹം
text_fieldsഗുരുവായൂര്: അഷ്ടമിരോഹിണി നാളിൽ ഗുരുവായൂരിലേക്ക് ഭക്തജനപ്രവാഹം. ഞായറാഴ്ചതന്നെ ആരംഭിച്ച പ്രവാഹം തിങ്കളാഴ്ച പാതിരാവുവരെ അണമുറിയാതെ തുടർന്നു. ക്ഷേത്രനഗരിയുടെ എവിടെ നോക്കിയാലും ആട്ടവും പാട്ടും ഉറിയടിയുമെല്ലാമായിരുന്നു. നൃത്തമാടുന്ന ഉണ്ണിക്കണ്ണന്മാർ, രാധമാർ, ഗോപികമാർ തുടങ്ങിയവർ നിരത്തുകൾ കൈയടക്കി.
മഞ്ഞപ്പട്ടണിഞ്ഞ്, അരയിൽ കിങ്ങിണിയും നെറുകയിൽ മയിൽപ്പീലിയും പൊൻകിരീടവും ചൂടി, കൈയിൽ ഓടക്കുഴലുമായി അമ്മമാർ അണിയിച്ചൊരുക്കിയ കൃഷ്ണ വേഷത്തിലുള്ള കുഞ്ഞുങ്ങളും ക്ഷേത്രനടയിൽ കുസൃതി കാട്ടി ഓടിനടന്നു. കണ്ണന്റെ പിറന്നാൾനാളിൽ ഗുരുവായൂരിൽ സർവം കൃഷ്ണമയമായിരുന്നു. ദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെട്ടത്. പിറന്നാളിനെത്തിയ ഭക്തർക്ക് ദേവസ്വം പാൽപ്പായസത്തോടെ വിഭവസമൃദ്ധമായ സദ്യ നൽകി. 42000 പേർ സദ്യയിൽ പങ്കെടുത്തു. രാവിലെ ഒമ്പതിന് ആരംഭിച്ച സദ്യ വൈകീട്ട് 5.30 വരെ തുടർന്നു. 4250 കിലോ അരിയാണ് സദ്യക്ക് ഉപയോഗിച്ചത്.
രാവിലെ ഒമ്പതോടെ തുടങ്ങിയ പിറന്നാൾ സദ്യ വൈകീട്ടുവരെ നീണ്ടു. 25,000ത്തോളം ഭക്തരാണ് സദ്യയിൽ പങ്കെടുത്തത്. രാവിലെയും ഉച്ചക്കുശേഷവും നടന്ന കാഴ്ചശീവേലിക്ക് സ്വർണക്കോലം എഴുന്നള്ളിച്ചു. ഇന്ദ്രസെൻ സ്വർണക്കോലമേറ്റി.
വലിയ വിഷ്ണു, ബാലകൃഷ്ണൻ എന്നീ കൊമ്പന്മാർ പറ്റാനകളായി. രാവിലെ കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം അകമ്പടിയായി. ഉച്ചതിരിഞ്ഞുള്ള കാഴ്ചശീവേലിക്ക് വൈക്കം ചന്ദ്രന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യമായിരുന്നു അകമ്പടി.
സന്ധ്യക്ക് ക്ഷേത്രത്തിൽ കേളിയും നാഗസ്വരവും തായമ്പകയും അലയടിച്ചു. നിറമാലയും നിറദീപങ്ങളും അലങ്കാരങ്ങളായി. രാത്രി ശ്രീലകത്ത് നെയ്മണമൂറുന്ന അപ്പം നിറച്ച കുട്ടകങ്ങൾ നിറഞ്ഞു. വാതിൽമാടത്തിലും തിടപ്പള്ളിയിലും നാലമ്പലത്തിന്റെ വിവിധ സ്ഥലങ്ങളിലും അടുപ്പുകൾ തീർത്ത് കീഴ്ശാന്തിമാർ രാവിലെ മുതൽ അപ്പം തയാറാക്കിയിരുന്നു.
50,000ത്തോളം അപ്പമാണ് അത്താഴപ്പൂജക്ക് നിവേദിച്ചത്. രാത്രി വിളക്കെഴുന്നള്ളിപ്പിന് എടക്കയും നാഗസ്വരവും അകമ്പടിയായി. ക്ഷേത്രം ആധ്യാത്മിക ഹാളിൽ കൃഷ്ണാവതാരകഥ പാരായണം നടന്നു. അർധരാത്രി മേൽപത്തൂർ ഓഡിറ്റോറിയത്തിൽ കൃഷ്ണനാട്ടത്തിലെ അവതാര രംഗം അരങ്ങേറി. മേൽപത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ കലാപരിപാടികൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.