കൃഷ്ണദാസിന് ജാമ്യമില്ല; കേസ് വീണ്ടും പരിഗണിക്കും
text_fieldsതൃശൂർ: ലക്കിടി ജവഹർ ലോ കാളജ് വിദ്യാർഥിയെ മർദിച്ച കേസിൽ നെഹ്റു ഗ്രൂപ് ചെയർമാൻ കൃഷ്ണദാസിെൻറ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വീണ്ടും മാറ്റി. നെഹ്റു ഗ്രൂപ് നിയമോപദേശക സുചിത്രക്ക് ജാമ്യം അനുവദിച്ചു. കൃഷ്ണദാസിെൻറയും മറ്റ് മൂന്നുപേരുടെയും അപേക്ഷ ബുധനാഴ്ച വീണ്ടും പരിഗണിക്കും. ഉന്നത സ്വാധീനവും ക്രിമിനൽ പശ്ചാത്തലവും ഉള്ളവരാണെന്നും മുമ്പും സമാന കേസുകളുണ്ടെന്നും ഹൈകോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. വാദം പൂർത്തിയാക്കിയെങ്കിലും വിധി മാറ്റുകയായിരുന്നു. സ്ത്രീയെന്നതും നേരിട്ട് സംഭവങ്ങളിൽ ബന്ധമില്ലെന്നും കുട്ടികളിൽ ഒരാൾ ആശുപത്രിയിലാണെന്നുമുള്ള പ്രത്യേക പരിഗണനയോടെയാണ് സുചിത്രക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ദിവസവും ഹാജരാവുക, ആൾ ജാമ്യം, ബോണ്ട് എന്നീ ഉപാധികളോടെയാണ് ജാമ്യം.
തിങ്കളാഴ്ച അറസ്റ്റിലായ കൃഷ്ണദാസ്, നിയമോപദേഷ്ടാവ് സുചിത്ര, പി.ആർ.ഒ വൽസലകുമാർ, അഡ്മിനിസ്ട്രേഷൻ മാനേജർ സുകുമാരൻ, കായികാധ്യാപകൻ ഗോവിന്ദൻകുട്ടി എന്നിവരുടെ ജാമ്യാപേക്ഷയിൽ ഹൈകോടതിയിൽ വാദം നടക്കുന്നതിനാൽ അന്ന് കോടതിയിൽ ഹാജരാക്കിയിരുന്നില്ല. കേസ് പരിഗണിക്കുന്നത് ഹൈകോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റിയതോടെ രാത്രി മജിസ്ട്രേറ്റിെൻറ വീട്ടിലാണ് ഹാജരാക്കിയത്. കേസ് കെട്ടിച്ചമച്ചതാണെന്നും അറസ്റ്റ് നടപടി പാലിക്കാതെയാണെന്നും പ്രതിഭാഗം വാദിെച്ചങ്കിലും പ്രോസിക്യൂഷെൻറ അഭിപ്രായമറിയാതെ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി നിലപാടെടുത്തു.
പ്രത്യേക കേസായി പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെെട്ടങ്കിലും ആദ്യകേസായി ചൊവ്വാഴ്ച പരിഗണിക്കാമെന്ന ഉത്തരവോടെ മാറ്റുകയായിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച ആദ്യ കേസായി പരിഗണിച്ചത്. എന്നാൽ, ഹൈകോടതി കേസ്പരിഗണിക്കുന്നത് പ്രോസിക്യൂഷൻ അറിയിച്ചതോടെ ഉച്ചക്ക് ശേഷത്തേക്ക് മാറ്റി. ഉച്ചകഴിഞ്ഞ് പരിഗണിക്കുമ്പോഴും ഹൈകോടതിയിൽ തീർപ്പായിരുന്നില്ല. കൃഷ്ണദാസ് അടക്കമുള്ളവരുടെ അറസ്റ്റ് പൊതുജനങ്ങളെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്താനുള്ള പൊലീസ് നാടകമാണെന്ന് പ്രതിഭാഗം വാദിച്ചു.എന്നാൽ, കോളജിനെതിരെ പരാതി നൽകിയ വിദ്യാർഥിയെ ഉപദ്രവിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചതെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.