കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ചു ഗൗരിയമ്മ; നിഴൽപോലെ നടന്നു കൃഷ്ണൻകുട്ടി
text_fieldsകരുനാഗപ്പള്ളി: ഗൗരിയമ്മയുടെ ഗൺമാൻ വവ്വാക്കാവ് ചങ്ങൻകുളങ്ങര കൈതവന തറയിൽ കൃഷ്ണൻകുട്ടി നായർ (84) ഗൗരിയമ്മയെ അവസാനമായി ഒരു നോക്കുകാണാൻ കഴിയാത്തതിലുള്ള അടങ്ങാത്ത ദുഃഖത്തിലും പ്രയാസത്തിലുമാണ് .
1967 മാർച്ച് പത്തിനാണ് കൃഷ്ണൻകുട്ടി ഗൗരിയമ്മയുടെ ഗൺമാനായി ചുമതലയേൽക്കുന്നത്. അന്നുതൊട്ട് 1992 വരെ ഗൗരിയമ്മ മന്ത്രിയായിരുന്ന കാലത്തെല്ലാം കൃഷ്ണൻകുട്ടിയായിരുന്നു ഗൺമാൻ. മന്ത്രിയല്ലാതിരുന്ന കാലത്തും ലീവെടുപ്പിച്ച് വീട്ടിൽ ഓഫിസ് ജോലികൾക്കായി നിർത്തിയിട്ടുണ്ട്.
ഗൗരിയമ്മയുടെ ശിപാർശ പ്രകാരം 1971 കാലഘട്ടത്തിൽ എ.കെ.ജിയുടെ ഗൺമാനായും നിയമിക്കപ്പെട്ടു. 1993ൽ സർവിസിൽനിന്ന് വിരമിച്ചപ്പോഴും ഗൗരിയമ്മ ഒഴിവാക്കിയില്ല. 2001 മുതൽ 2006 വരെ ക്ലർക്കായും നിയമിച്ചു. അത്രക്ക് സ്നേഹവാത്സല്യമായിരുന്നു ഗൗരിയമ്മക്ക് തന്നോടെന്ന് കൃഷ്ണൻകുട്ടി നായർ ഓർക്കുന്നു. നാല് മാസം മുമ്പ് പോയി ഗൗരിയമ്മയെ കണ്ടിരുന്നു
കൂടപിറപ്പിനെ പോലെയാണ് ഗൗരിയമ്മ തന്നെ കണ്ടിരുന്നത്. റവന്യൂ മന്ത്രിയായിരുന്നപ്പോൾ ഒരിക്കൽ സെക്രട്ടേറിയറ്റിെൻറ മുന്നിൽവെച്ച് സർവേ ഫീൽഡ് ജീവനക്കാർ സമരത്തിെൻറ ഭാഗമായി ഗൗരിയമ്മയെ തടഞ്ഞു. താൻ ഇറങ്ങി സമരക്കാരുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു.
അത് കൈയേറ്റത്തിലാണ് കലാശിച്ചത്. ഇതേസമയം കാറിൽനിന്ന് ഇറങ്ങാൻ ശ്രമിച്ച മന്ത്രിയെ വിലക്കി, ഡോർ അടച്ചു. ഇതിൽ ക്ഷുഭിതയായ ഗൗരിയമ്മ എന്നെ ശകാരിച്ചു. ദേഷ്യം അടങ്ങിയപ്പോൾ തോളിൽതട്ടി സമാധാനിപ്പിച്ചു, ഇനി കുറച്ചുനാളത്തേക്ക് ഒറ്റക്ക് പുറത്തുപോകണ്ട, അവർ ആക്രമിക്കാൻ മുതിരുമെന്ന് ഉപദേശിച്ചു.
ഗൗരിയമ്മയുടെ വീട്ടിൽനിന്ന് കഴിച്ച ഭക്ഷണത്തിെൻറ രുചി ഇപ്പോഴും നാവിൻതുമ്പിലെത്തും. നല്ല കരിമീൻ പൊള്ളിച്ചതും കൂട്ടിയുള്ള ഊണിെൻറ രുചി മറക്കാനാവില്ലെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു. അവസാനമായി പോയി കാണാൻ പ്രായാധിക്യം അനുവദിക്കുന്നില്ല. റിട്ട. അധ്യാപിക വിജയമ്മയാണ് ഭാര്യ. ബിന്ദു, അനിൽ, ബീന എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.